Image

എയര്‍ ഇന്ത്യ സമരം: ടിക്കറ്റ്‌ കൂട്ടത്തോടെ റദ്ദാക്കിത്തുടങ്ങി

Published on 16 May, 2012
എയര്‍ ഇന്ത്യ സമരം: ടിക്കറ്റ്‌ കൂട്ടത്തോടെ റദ്ദാക്കിത്തുടങ്ങി
റിയാദ്‌ : പൈലറ്റുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും എയര്‍ ഇന്ത്യ ടിക്കറ്റ്‌ റദ്ദ്‌ ചെയ്‌ത്‌ മറ്റു വഴികള്‍ തേടിത്തുടങ്ങി. സമരം അനിശ്ചിതമായി തുടരുന്നതിനാല്‍ എപ്പോള്‍ സര്‍വീസ്‌ പുനഃസ്ഥാപിക്കുമെന്ന്‌ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക്‌ കഴിയാതായതോടെയാണ്‌ യാത്രക്കാര്‍ കൂട്ടത്തോടെ ടിക്കറ്റ്‌ റദ്ദ്‌ ചെയ്‌ത്‌ മറ്റുവഴികള്‍ തേടുന്നത്‌. പുതിയ സാഹചര്യം സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ ചാകരയായി്‌. എയര്‍ ഇന്ത്യക്ക്‌ പുറമെ കേരളത്തിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തുന്ന ഏക വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിലും ടിക്കറ്റ്‌ ലഭ്യമല്ലാതായതോടെ ഇടത്താവളങ്ങള്‍ വഴി സര്‍വീസ്‌ നടത്തുന്ന മറ്റ്‌ ഗള്‍ഫ്‌ വിമാനങ്ങളാണ്‌ മലയാളികളുടെ ഏക ആശ്രയം.

അതേസമയം ഇതില്‍ 1200 നും 1600നുമിടയില്‍ റിയാലാണ്‌ വണ്‍വേ ടിക്കറ്റ്‌ നിരക്കെന്ന്‌ ബത്ത്‌ഹയില്‍ ട്രാവല്‍ ജീവനക്കാരനായ ഫാസിര്‍ പറഞ്ഞു. വലിയ തുക നല്‍കാന്‍ സന്നദ്ധരായിട്ടും പല വിമാനങ്ങളിലും ടിക്കറ്റ്‌ ലഭിക്കാത്ത സാഹചര്യമാണുള്ളത്‌. നേരിട്ട്‌ സര്‍വീസ്‌ നടത്തിയിരുന്ന നാസ്‌ എയര്‍വേയ്‌്‌സ്‌ നിര്‍ത്തലാക്കിയതോടെ സൗദി കേരള സെക്ടറില്‍ രൂക്ഷമായ യാത്രാപ്രതിസന്ധിയാണ്‌ ശക്തിപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിയാദില്‍ നിന്ന്‌ 15 ഓളം സര്‍വീസുകളാണ്‌ എയര്‍ ഇന്ത്യ റദ്ദ്‌ ചെയ്‌ത്‌. ഇതില്‍ യാത്ര ചെയ്യേണ്ട ആയിരക്കണക്കിനാളുകള്‍ക്ക്‌ ഇനിയും നാട്ടിലേക്ക്‌ തിരിക്കാനായിട്ടില്ല്‌ള. നാട്ടില്‍ അവധിക്ക്‌ പോയവര്‍ ജോലിയും വിസയും നഷ്ടപ്പെടാതിരിക്കാന്‍ വന്‍ തുക നല്‍കിയാണ്‌ മടക്കയാത്ര തരപ്പെടുത്തുന്നത്‌. വണ്‍വേക്ക്‌ ഇരുപതിനായിരത്തിലധികം രൂപ നല്‍കി ടിക്കറ്റെടുത്താണ്‌ തിരിച്ചുപോന്നതെന്ന്‌ കോഴിക്കോട്‌ വള്ളിയോത്ത്‌ സ്വദേശി അബ്ദുല്ലത്തീഫ്‌ പറഞ്ഞു.

അതിനിടെ അടുത്ത ഒരാഴ്‌ചത്തേക്ക്‌ ബുക്കിങ്‌ നിറുത്തിവെച്ചതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക്‌ പണം പൂര്‍ണമായും റീഫണ്ട്‌ ചെയ്‌ത്‌ നല്‍കും. മേയ്‌ 20 ന്‌ റിയാദ്‌ കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ്‌ നടത്തേണ്ട എ.ഐ 922, മേയ്‌, 19, 20 തീയതികളില്‍ റിയാദ്‌ മുംബൈ സര്‍വീസുകള്‍ നടത്തേണ്ട എ.ഐ 920 വിമാനങ്ങള്‍ റദ്ദ്‌ ചെയ്‌തതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനങ്ങള്‍ കൂട്ടത്തോടെ മുടങ്ങിയ പശ്ചാത്തലത്തില്‍ ഇതര വിമാനങ്ങളില്‍ യാത്രാസൗകര്യം ഒരുക്കാന്‍ നിര്‍വാഹമില്ലെന്ന്‌ എയര്‍ ഇന്ത്യ പറയുന്നു. ഫൈ്‌ളറ്റും പൈലറ്റും ലഭ്യമാകുന്ന മുറക്ക്‌ ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന്‌ ദല്‍ഹിയില്‍ നിന്നു റിയാദിലെത്തുന്ന വിമാനത്തില്‍ മുംബൈ യാത്രക്കാരെ നാട്ടിലേക്ക്‌ കൊണ്ടുപോകും. അതേസമയം കഴിഞ്ഞ മൂന്ന്‌ സര്‍വീസുകളും തുടര്‍ച്ചയായി റദ്ദായ കരിപ്പൂര്‍ സെക്ടറിലേക്ക്‌ ടിക്കറ്റെടുത്തവരെ നാട്ടിലെത്തിക്കാന്‍ ഇതുവരെയും ഒരു സൗകര്യവും ഉണ്ടായിട്ടില്ല. സമരം തീര്‍ന്നാലും രണ്ടാഴ്‌ചയായി താളം തെറ്റിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കാലതാമസം എടുക്കുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക