ഇപ്‌സ്‌വിച്ച്: കേരള കമ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിന് ഇനി അഭിമാനത്തിന്റേയും
അംഗീകാരത്തിന്റേയും ദിനങ്ങള്‍. ബ്രിട്ടണിലെ സപ്ലിമെന്ററി സ്‌കൂളുകളുടെ ഗുണനിലവാരവും
പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍
സപ്ലിമെന്ററി എഡ്യൂക്കേഷന്റെ (എന്‍ആര്‍സി) ഗുണനിലവാരത്തിനും പ്രവര്‍ത്തന
മികവിനുമുള്ള അവാര്‍ഡ് ലഭിച്ചു. നേരത്തെ സ്‌കൂളിന് സഫോക് ചില്‍ഡ്രന്‍സ്
യൂണിവേഴ്‌സിറ്റി അവാര്‍ഡ്, യംഗ് സഫോക് അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നതായി
സ്‌കൂള്‍ സെക്രട്ടറി ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു.
നാല്‍പ്പത്
കുട്ടികളാണ് ഇപ്പോള്‍ സ്‌കൂളില്‍ അംഗമായിട്ടുള്ളത്. എല്ലാ ശനിയാഴ്‌ചകളിലും രാവിലെ
പത്തുമുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ ഇപ്‌സ്‌വിച്ചിലുള്ള സെന്റ് ആല്‍ബന്‍സ്
ഹൈസ്‌കൂളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ഡാന്‍സ്, ഇംഗ്ലീഷ്, മലയാളം ഭാഷാ പഠനം,
റീഡിംഗ് ക്ലബ്, വ്യക്തിത്വവികസന, നേതൃത്വ പരിശീലന പരിപാടികള്‍, വിദ്യാഭ്യാസ
യാത്രകള്‍, കരാട്ടെ ക്ലാസ് എന്നിവയാണ് സ്‌കൂളിന്റെ പ്രധാന പരിപാടികള്‍. ഇതോടൊപ്പം
മറ്റ് ഗവണ്‍മെന്റ്, കമ്യൂണിറ്റി വിഭാഗങ്ങളുമായി ചേര്‍ന്ന് കമ്യൂണിറ്റി
പ്രൊജക്‌ടുകളും നടത്തുന്നുണ്ട്.
മെയ് 12-ന് നടന്ന അവാര്‍ഡ് ദാന
ചടങ്ങില്‍ സെന്റര്‍ ഫോര്‍ സപ്ലിമെന്ററി എഡ്യൂക്കേഷന്‍ പ്രതിനിധി ക്ലാരേ
മക്‌ബര്‍ണിയില്‍ നിന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബിജുമോന്‍ മാത്യു അവാര്‍ഡ്
ഏറ്റുവാങ്ങി. ചടങ്ങില്‍ വെച്ച് കേരള കമ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും ഈസ്റ്റ്
ആംഗ്ലിയന്‍ ഡെയിലി ടൈസും സഫോക്ക് കൗണ്ടി കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന
`മാത്‌സ് ചലഞ്ച്' പ്രൊജക്‌ടിന്റെ ഉദ്‌ഘാടനം പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ റോസി
കാസ്റ്റില്‍ നിര്‍വഹിച്ചു. മെയ് 12 മുതല്‍ ജൂലൈ 15 വരെ നടക്കുന്ന ഈ പ്രൊജക്‌ടില്‍
25 കുട്ടികളാണ് പങ്കെടുക്കുന്നത്.