Image

ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ലോക്‌സഭയില്‍ ചിദംബരത്തിന്റെ 'ഭോജ്പുരി' പ്രയോഗം

Published on 17 May, 2012
ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ലോക്‌സഭയില്‍ ചിദംബരത്തിന്റെ 'ഭോജ്പുരി' പ്രയോഗം
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ഭോജ്പുരി പ്രയോഗം ലോക്‌സഭയ്ക്ക് പുതുമയായി. തമിഴ്‌നാട്ടുകാരനായ ചിദംബരം സാധാരണയായി തമിഴും ഇംഗ്ലീഷും സഭയില്‍ സംസാരിക്കാറുണ്‌ടെങ്കിലും അപ്രതീക്ഷിതമായ ഭോജ്പുരി പ്രയോഗം അംഗങ്ങളെയും നന്നായി രസിപ്പിച്ചു. 

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംസാരിക്കുന്ന ഭോജ്പുരി ഭാഷയ്ക്ക് ഔദ്യോഗിക ഭാഷാപദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ചിദംബരം. 'നിങ്ങളുടെ വികാരം എനിക്ക് മനസിലാകും' എന്ന് തനി ഭോജ്പുരിയില്‍ മറുപടി പറഞ്ഞാണ് ചിദംബരം ഭോജ്പുരിയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. അംഗങ്ങള്‍ ഡെസ്‌കിലടിച്ചാണ് ചിദംബരത്തിന്റെ ഭോജ്പുരി മറുപടി വരവേറ്റത്. ഭോജ്പുരി ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിനെക്കുറിച്ച് രണ്ട് കമ്മറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി. 

പടിഞ്ഞാറന്‍ ബിഹാറിലും ജാര്‍ഖണ്ഡിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലുമാണ് ഭോജ്പുരി ഭാഷ ഉപയോഗിക്കുന്നത്. കൂടുതലും ബിഹാറിലാണ് ഭോജ്പുരി ഉപയോഗിക്കുന്നത്. ചിദംബരത്തിന്റെ പ്രയത്‌നത്തെ ബിഹാര്‍ സ്വദേശി കൂടിയായ സ്പീക്കര്‍ മീരാകുമാര്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക