Image

വിവേകാനന്ദ സ്വാമികള്‍: ഭാരത സ്വാതന്ത്ര്യത്തിന്റെ ഉഷ:കാല നക്ഷത്രം

പി.റ്റി പൗലോസ്‌ Published on 16 May, 2012
വിവേകാനന്ദ സ്വാമികള്‍: ഭാരത സ്വാതന്ത്ര്യത്തിന്റെ ഉഷ:കാല നക്ഷത്രം
നരേന്ദ്രനാഥ ദത്ത്‌ എന്ന വിവാകാനന്ദസ്വാമികള്‍ ഈ ഭൂമിയില്‍ മുപ്പത്തിഒന്‍പതു കൊല്ലം ജീവിച്ചു. കൃത്യമായി പറഞ്ഞാല്‍ 1863 ജനുവരി 12ാം തീയതിമുതല്‍ 1902 ജൂലൈ നാലു വരെ. അതില്‍ പത്തുകൊല്ലം മാത്രമാണ്‌ അദ്ദേഹം സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിറഞ്ഞു നിന്നത്‌ ഷിക്കാഗോയിലെ മതമഹാ സമ്മേളനത്തില്‍ ഒരു കൊടും കാറ്റായി അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചു. ക്ഷണികമായ ഒരഗ്നി ജ്വാലയായി എരിഞ്ഞടങ്ങിയ ആ ഉജ്ജ്വലമായ ജീവിതം ഭാരതത്തിനും ലോകത്തിനും നല്‍കിയ സ്ഥായിയായ പൈതൃകം രാജ്യ- രാഷ്‌ട്ര ഭേദമന്യേ പ്രധാനമായും രണ്ടു മണ്‌ഡലങ്ങളില്‍ ആയിരുന്നു . മാനവസേവനവും ആത്മാവിന്റെ മുക്തിയും അടിമത്ത നിദ്രയില്‍ മയങ്ങിക്കിടന്ന ഭാരതീയ ജനതയെ ഉണര്‍ത്തി ആധുനിക ഭാരതത്തിന്റെ നവോത്ഥാന പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു വിവേകാനന്ദ സ്വാമി.

പാശ്ചാത്യ മേധാവിത്വത്തെ ഭാരതീയ പണ്ഡിതന്മാര്‍ ഏതാണ്ട്‌ അംഗീകരിച്ച ഒരു കാലഘട്ടത്തിലാണ്‌ വിവേകാനന്ദ സ്വാമകള്‍ പ്രത്യക്ഷപ്പെട്ടത്‌ നമ്മുടെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെയും മതത്തിന്റെയും നേരെ അവര്‍ അത്യുഗ്രമായ ആക്രമണം നടത്തിയപ്പോള്‍ , ഭാരതീയ സംസ്‌കാര പാരമ്പര്യത്തെ അപ്പാടെ അധിക്ഷേപിക്കുവാനും പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുവാനുമുള്ള ഒരു പ്രവണത ഭാരതീയരില്‍ രൂപം കൊണ്ടു. നമ്മുടെ ദേശീയ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കടയ്‌ക്കല്‍ കത്തിവെയ്‌ക്കുകയാണെന്നും യഥാര്‍ത്ഥ വികാസത്തിന്‌ അത്‌ സഹായകമാകുക ഇല്ലെന്നതും ഭാരതീയര്‍ വിസ്‌മരിച്ചു. ഭാരതത്തിലെ പല സമുദായികാചാരങ്ങളിലും ചിന്താരീതികളിലും സമൂല പരിഷ്‌കരണം ആവശ്യമാണെന്നത്‌ ഒരു സത്യവുമാണ്‌. അടിസ്ഥാന കുറവുകളെ പരിഹരിക്കുന്നതിനു പകരം ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തെയും സാമൂഹ്യ വവ്യവസ്ഥിതികളെയും അധിക്ഷേപിക്കുന്നത്‌ വിപരീത ഫലങ്ങളെ ഉളവാക്കുകയുള്ളുയെന്ന്‌ സ്വാമികള്‍ ഉത്‌ബോധിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ആവിര്‍ഭാവമാണ്‌ ദേശീയമായ സ്വയ നിന്ദയുടെയും കളങ്കപ്പെടുത്തലിന്റെയും പ്രവണതകള്‍ക്ക്‌ തടയിട്ടത്‌.അമേരിക്കയിലും ഇംഗ്ലണ്ടിലും അദ്ദേഹം നടത്തിയ പ്രബോധനങ്ങളുടെ തുടര്‍ച്ചയായ വിജയവും, ആ രാജ്യങ്ങളില്‍ നിരവധി ആരാധകരെയും ശിഷ്യരെ യും സമ്പാദിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായ നേട്ടം പാശ്ചാത്യ പ്രഭയില്‍ മനംമയങ്ങിയ ഹിന്ദുക്കളുടെ കണ്ണുതുറപ്പിച്ചു. തങ്ങള്‍ വിചാരിക്കുന്നതുപോലെ പാപ്പരായ ഒരു രാജ്യമല്ല ഭാരതമെന്നും ലോകത്തിനാവശ്യമായ ചിലതെല്ലാം ഇവിടത്തന്നെയുണ്ടെന്നും, അനുകരണത്തില്‍ മനസ്സു മുഴുകിയ ഹിന്ദുക്കള്‍ക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇന്‍ഡ്യയുടെ ആത്മീയതയും പാശ്ചാത്യരുടെ സാങ്കേതിക പുരോഗതിയും ചേര്‍ന്ന ഒരു സമൂഹത്തെയാണ്‌ സ്വദേശിയരുടെ മുമ്പില്‍ അദ്ദേഹം ഉയര്‍ത്തിക്കാണിച്ചത്‌ .

വിദേശ മേധാവിത്വത്തിന്‍കീഴില്‍ ഭാരതത്തിനു നഷ്‌ടപ്പെട്ടതുപോലെ തോന്നിയ ദേശീയമായ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു തുടര്‍ച്ചയായുള്ള പ്രസംഗങ്ങളിലൂടെ അദ്ദേഹം നേടുവാന്‍ ശ്രമിച്ചത്‌ . ഭാരതം മൃതിയടഞ്ഞുകൊണ്ടിരിക്കുന്ന രാഷ്‌ട്രമല്ല നേരെ മിറച്ച്‌ ലോകത്തിലെ ഇതര രാഷ്‌ട്രങ്ങള്‍ക്കായുള്ള ഒരു മഹത്‌ സന്ദേശത്തോടുകൂടി ജീവിക്കുന്ന അസ്ഥിത്വമാണെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. കാലം മാറ്റങ്ങള്‍ വരുത്താമെങ്കിലും ഭാരതീയ സാമുദായിക വ്യവസ്ഥിതിയും സംസ്‌കാരവും ചരിത്രത്തില്‍ അതുല്യ പ്രതിഭാസമായി തുടരണം. പഴമയില്‍ അഭിമാനം കൊള്ളുവാനും അതോടൊപ്പം നിരര്‍ത്ഥകമായ ആത്മപ്രശംസയുടെ ചളിക്കുണ്ടില്‍ ആണ്ടു കിടക്കാതിരിക്കുവാനും സദാചാരത്തിന്റെയും മാനവ സേവയുടെയും വഴിത്താരയിലൂടെ പുരോഗമിക്കുവാനും വിവേകാനന്ദന്‍ ഭാരതീയരെ ഉത്ഭോധിപ്പിച്ചു. അതല്ല, മിറച്ചാണെങ്കില്‍ ഭാരതത്തിന്‌ അതിന്റെ ദേശീയ സ്വഭാവവും വ്യക്തിത്വവും നഷ്‌ടപ്പെടുകയും മറ്റു പൗരാണിക രാഷ്‌ട്രങ്ങളെപ്പോലെ ഭാരതവും വിസ്‌മ്രുതിയുടെ അഗാധഗര്‍ത്തത്തിലേക്ക്‌ വലിച്ചെറിയപ്പെടുകയും ചെയ്യുമെന്നുകൂടി അദ്ദേഹം താക്കീത്‌ ചെയ്‌തു .

ലോക ചരിത്രത്തിലും ലോകത്തിന്റെ ഭാവി ക്ഷേമത്തിലും ഭാരതീയര്‍ വഹിക്കേണ്ട മഹത്തായ പങ്കിനെക്കുറിച്ച്‌ അവരെ അനുസ്‌മരിപ്പിക്കുന്നതോടൊപ്പം തന്നെ ഭാരതത്തിന്‌ അതിന്റെ പൂര്‍ണ്ണമായ ഉയര്‍ച്ചയിലേക്ക്‌ ചെന്നെത്താന്‍ പരിഹരിക്കേണ്ടതായ ചില ന്യൂനതകളും ചൂണ്ടിക്കാണിക്കുന്നതില്‍ സ്വാമിജി ഒട്ടും വിമുഖനായിരുന്നില്ല. ഇവയില്‍ പ്രധാനമായത്‌ ഭാഷയിലും അഃത്തിലും പ്രാദേശിക സംസ്‌കാരത്തിലും ഭിന്നതയുണ്ടെങ്കിലും എല്ലാ ഭാരതീയ രും ഒരേകരാഷ്‌ട്രമാണെന്നുള്ള ബോധത്തില്‍ അധിഷ്‌ഠിതമായ സ്വരാജ്യ സ്‌നേഹം വളര്‍ത്തലാണ്‌ . ഉത്‌കൃഷ്‌ടമായൊരു പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു :-

`അല്ലയോ ഭാരതാംബേ ! മറ്റുള്ളവര്‍ പറയുന്നതേറ്റു പറഞ്ഞ്‌ മറ്റുള്ളവര്‍ കാണിക്കുന്നതിനെ ആഭാസമായി അനുകരിച്ച്‌ മറ്റു ള്ളവരെ ആശ്രയിച്ച്‌ അടിമത്വത്തിന്റെ ദുര്‍ബലത പുലര്‍ത്തി,വെറുക്കപ്പെട്ട നികൃഷ്‌ട മൃഗസ്വഭാവം കൈവരിച്ച്‌ ഇവമാത്രം കൈമുതലാക്കി അവിടന്ന്‌ ശ്രംഗങ്ങളിലേക്ക്‌ ആരോഹണം ചെയ്യുമോ ?' നാണംകെട്ട ഈ ഭീരുത്വത്താല്‍ വീരന്‍മാരും ശൂരന്മാരും മാത്രം അര്‍ഹിക്കുന്ന ആ സ്വാതന്ത്ര്യം അവിടുന്ന്‌ നേടുമോ? അല്ലയോ ഭാരതമെ, നിന്റെ സ്‌ത്രീത്വത്തിന്റെ ആദര്‍ശം സീതയും, സാവിത്രിയും ദമയന്തിയും ആണന്നുള്ളതു മറക്കാതിരിക്കുക. നീ ആരാധിക്കുന്ന ഈ ശ്വരന്‍ നിന്നില്‍ തന്നെയുണ്ടെന്നു മറക്കാതിരിക്കുക നീ ജനിച്ചത്‌ തന്നെ ജനനിയുടെ ത്യാഗത്തിന്റെ ബലിയായട്ടാണെന്ന്‌ മറക്കരുതെ! അനന്തവും സര്‍വ്വ വ്യാപ്‌തവുമായ മാതൃത്വത്തിന്റെ പ്രതിഫലനം മാത്രമാണ്‌ ഭാരതത്തിന്റെ സാമുദായിക ക്രമമെന്ന്‌ മറക്കല്ലേ. അധ:കൃതര്‍, നിര്‍ദ്ധന നിരക്ഷരര്‍ എന്നു വേണ്ട ചെരുപ്പുകുത്തി തൂപ്പുകാരന്‍ എന്നിവരെല്ലാം നിങ്ങളുടെ മാംസവും മജ്ജയുമാണ്‌ . താങ്കളൊരു ഭാരതീയനാണെന്നതില്‍ അന്നിമാനിക്കു. സാഭിമാനം പ്രഖ്യാപിക്കു. അജ്ഞനായ ഭാരതീയനും അഗതിയായ ഭാരതീയനും ബ്രാഹ്മണനായ ഭാരതീയനും പറയനായ ഭാരതീയനും എന്റെ സഹോദരന്‍ . ഭാരതത്തിലെ സാമുദായ വ്യവസ്ഥയാണ്‌ എന്റെ ശൈശവത്തിലെ കളിത്തൊട്ടില്‍, യൗവ്വനത്തിലെ നന്ദനോദ്യാനം , വാര്‍ദ്ധക്യത്തിലെ വാരണാസി .പറയൂ സഹോദരാ, ഭാരതത്തിന്റെ നന്മയാണ്‌ എന്റെ നന്മ, ഭാരതത്തിലെ മണ്ണാണ്‌ എന്റെ സ്വര്‍ഗ്ഗം . മണ്ണിലെ മനുഷ്യരാണ്‌ എന്റെ ദൈവം.

തന്റെ തീഷ്‌ണമായ സ്വരാജ്യ സ്‌നേഹം വിഭാവനം ചെയ്‌ത ഭാവിയിലെ മഹോന്നത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ സാമാന്യ ജനങ്ങളുടെ ഉന്നമനം ഒരു ഉപാധിയാണെന്ന്‌ സ്വാമിജി എപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഏതു സോഷ്യലിസ്റ്റിനെയും അമ്പരപ്പിച്ചുകൊണ്ട്‌ ഭാരത്തിലെ മേല്‍ ജാതിക്കാരോട്‌ തുടിക്കുന്ന വാക്കുകളില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നു :-`ആര്യന്മാരായ പൂര്‍വ്വികരുടെ' എത്ര തന്നെ കൊട്ടിഘോഷിച്ചാലും , പ്രീചീന ഭാരതത്തിന്റെ യോഗ്യതകളെക്കുറിച്ച്‌ എത്ര വീമ്പിളക്കിയാലും നിങ്ങള്‍ , ഭാരതത്തിലെ മേല്‍ജാതിക്കാര്‍ , ആയിരമായിരം കൊല്ലങ്ങള്‍ പഴക്കമുള്ള അസ്ഥിപഞ്‌ജരങ്ങളാണ്‌ . നിങ്ങളുടെ പൂര്‍വ്വികള്‍ `നടക്കുന്ന മൃഗമാംസം' എന്നു പുച്ഛിച്ചവരിലാണ്‌ ഇന്നും ഭാരതത്തില്‍ അല്‍പമെങ്കിലും വീര്യം കാണുന്നത്‌. നിങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ ചലിക്കുന്ന പിണങ്ങള്‍! നിങ്ങള്‍ ഭൂതകാലത്തിന്റെ വിവിധ രൂപങ്ങളെല്ലാം കൂട്ടിക്കലര്‍ത്തിയ ഒരു മിസ്രിതം തന്നെയാണ്‌. നിങ്ങള്‍ അജീര്‍ണ്ണം മൂലമുണ്ടായ ഒരു ദു:സ്വപ്‌നമാണ്‌. നിങ്ങള്‍ ശൂന്യ തയാണ്‌. ഭാവിയിലെ അയഥാര്‍ത്ഥ വസ്‌തുക്കള്‍ . പൗരന്മാരായി തീര്‍ന്ന സ്വപ്‌നലോകത്തിലെ ജീവികളെ നിങ്ങള്‍ എന്തിനായി ഇനിയും ചുറ്റിത്തിരിയുന്നു .

ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ സ്വതന്ത്രമായ വിദ്യാഭ്യാസത്തിന്റെയും ബോധവത്‌കരണത്തിന്റെയും ഈ നാളുകളില്‍ അനന്താരാവകാശികള്‍ക്ക്‌ അവയെ കൈമാറിയിട്ട്‌ നിങ്ങള്‍ ശൂന്യതയില്‍ ലയിച്ച്‌ അപ്രത്യക്ഷരാകൂന്ന നിങ്ങളുടെ സ്ഥാനത്ത്‌ നവഭാരതം ഉയരട്ടെ കലപ്പയേന്തുന്ന കര്‍ഷകരുടെ മുക്കുവരുടെ ചെരുപ്പുകുത്തിയുടെ തൂപ്പുകാരുടെ കുടിലുകളില്‍ നിന്നും നവഭാരതം ഉയരട്ടെ . വഴിയോരത്ത്‌ മധുര പലഹാരം വില്‍ക്കുന്നവന്റെ അടുപ്പില്‍ നിന്നും തൊഴില്‍ ശാലകളില്‍ നിന്നും ചന്ത സ്ഥലങ്ങളില്‍ നിന്നും നവഭാരതം ബഹിര്‍ഗമി ക്കട്ടെ. ഇവരെല്ലാം അനേകായിരം വര്‍ഷങ്ങള്‍ മര്‍ദ്ദനം സഹിച്ചിട്ടുള്ളവരാണ്‌. അവര്‍ക്ക്‌ അത്ഭുതകരമായ സഹനശക്തി ഉണ്ട്‌. അവര്‍ നിലക്കാത്ത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാണ്‌ . ഉരിയരി ചോറുകൊണ്ട്‌ ജീവിച്ച അവര്‍ക്ക്‌ ലോകത്തെ നടുക്കുവാന്‍ കഴിയും . അവര്‍ക്ക്‌ പകുതി റൊട്ടി മാത്രം കൊടുക്കുക. അരക്കഷണം അപ്പം കൊണ്ടുള്ള അവരുടെ ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുതാകില്ല ലോകം . പഴമയുടെ അസ്ഥിമാടങ്ങളെ, ഇതാ നിങ്ങളുടെ ഇതാ നിങ്ങളുടെ അനന്താരാവകാശികള്‍ - വരാനിരിക്കുന്ന ഭാരതം. നിങ്ങളുടെ നിധി പേടകങ്ങളും രത്‌ന മോതിരങ്ങളും അവര്‍ക്കെറിഞ്ഞു കൊടുക്കൂ. നിങ്ങള്‍ അന്തരീക്ഷത്തില്‍ അപ്രത്യക്ഷരാകുവിന്‍. നിങ്ങളെ ഇനി കാണുകയുമരുത്‌. നിങ്ങളുടെ കാതുകള്‍ മാത്രം തുറന്നിരിക്കട്ടെ. നിങ്ങള്‍ അപ്രത്യക്ഷരാകുന്നതോടൊപ്പം തന്നെ അനേക ലക്ഷം ഇടി വെട്ടുകളുടെ മുഴക്കത്തില്‍ നവ ഭാരതത്തിന്റെ ഉത്‌ഘാടനഘോഷണം നിങ്ങള്‍ക്ക്‌ കേള്‍ക്കാം അത്‌ പ്രപഞ്ചമാകെ പ്രതിധ്വനിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക