Image

മാന്യഭോജികള്‍ (മൂലേച്ചേരില്‍)

Published on 17 May, 2012
മാന്യഭോജികള്‍ (മൂലേച്ചേരില്‍)
ഇതില്‍ പറയപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ചുമരിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അതെന്റെ എഴുത്തിന്റെ കുറ്റമല്ല, നിങ്ങള്‍ ചെയ്‌തിട്ടുള്ള നിങ്ങളുടെ പ്രവര്‍ത്തികളുടെ കുറ്റബോധമെന്നു കരുതിക്കൊള്ളുക.

ഇത്‌ ഫെയിസ്‌ബൂക്കില്‍ ഈയടുത്തിടെ എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരു തിക്താനുഭവം,അത്‌ വളരെ വിഷമത്തോടുകൂടെയാണ്‌ അവരെന്നോട്‌ പറഞ്ഞത്‌. ഒരു ടെലിഫോണ്‍ കോള്‍ സെന്റര്‍ നടത്തുകയും അതില്‍ നിന്നും ലഭിക്കുന്ന വളരെ തുച്ഛമായ വരുമാനംകൊണ്ട്‌ ഓരോ ദിനവും കഷ്ടിച്ച്‌ കഴിഞ്ഞുകൂടുന്ന ഭര്‍ത്താവും ഭാര്യയും അവരുടെ ഒരു കുഞ്ഞുമകനും അടങ്ങുന്ന ഒരു കൊച്ചുകുടുംബം. അവരുടെ ബിസിനെസ്സ്‌ ആവശ്യങ്ങള്‍ക്കായ്‌ മറ്റും ലോകത്തിന്റെ പലഭാഗങ്ങളിലും ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മലയാളികളായ പലരെയും അവര്‍ക്ക്‌ ടെലഫോണിലും കൂടാതെ ഇന്‍റെര്‍നെറ്റിലുള്ള പല സര്‍വ്വജനബന്ധിതങ്ങളായ മാധ്യമങ്ങളിലും കൂടെ ബന്ധപ്പെടേണ്ടാതായും വന്നിട്ടുമുണ്ട്‌. ഫോണില്‍ വിളിക്കുമ്പോള്‍, സാധാരണ ഇവരില്‍ ഭര്‍ത്താവാണ്‌ വിളിക്കുന്നതെങ്കില്‍ പലപ്പോഴും അദ്ദേഹത്തിന്റെ പുരുഷശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഒന്ന്‌ പ്രതികരിക്കുകപോലും ചെയ്യാതെ പലരും ഫോണ്‍ കട്ട്‌ ചെയ്യാറുള്ളതിനാല്‍ ഭാര്യയെക്കൊണ്ട്‌ വിളിപ്പിക്കാറാണ്‌ പതിവ്‌. അതുപോലെതന്നെ ഇന്റെര്‍നെറ്റിലും, മെസ്സേജുകളും ചാറ്റുകളും അയക്കുമ്പോള്‍ ഭാര്യയാണെങ്കില്‍ ധാരാളം മറുപടികളും അതോടൊപ്പം ഇടപാടുകാരെയും (ബിസിനസ്‌) ലഭിക്കുകയും ചെയ്യാറുണ്ട്‌. എന്നാല്‍ എപ്പോഴും എല്ലാ ഫോണ്‍ വിളികളും സന്തോഷമായ്‌ ഭവിക്കുകയില്ല, പലപ്പോഴും കുറച്ചൊക്കെ സൃങ്കാരങ്ങളും, രതിച്ചുവയുള്ള സംസാരങ്ങളും പിന്നെ പലവിധത്തിലുള്ള മാനസീക പീഡനങ്ങളും ഒക്കെ സഹിക്കെണ്ടാതായും അവര്‍ക്ക്‌ വന്നിട്ടുണ്ട്‌. അതെല്ലാം അവര്‍ ചെയ്യുന്ന ജോലിയുടെ ഒരു ഭാഗമായ്‌ക്കരുതി സ്വയംമാശ്വസിപ്പിച്ചു സന്തോഷത്തോടു കൂടി ജീവിച്ചു പോരുകയായിരുന്നു ആ കൊച്ചുകുടുംബം. അങ്ങനെയിരിക്കെ ഒരുദിവസം!

ഭാര്യയുടെ മുഖപുസ്‌തകത്താളിലേക്ക്‌ ഒരു വ്യക്തിയുടെ സൌഹൃദാപേക്ഷ കടന്നുവന്നു. അവര്‍ അയാളുടെ ഛായാപടങ്ങളും രൂപരെഖകളും പലവുരുവവലോകനം ചെയ്‌തിട്ടയാളെ ഒരു മാന്യനെന്നു തോന്നുകയാല്‍ സൌഹൃദസ്ഥാനത്തേക്ക്‌ സ്ഥിരീകരിച്ഛവരോധിച്ചു. അതിന്റെ പിറ്റേ ദിവസം മുഖപ്പുസ്‌തകം തുറന്നപ്പോള്‍ ഇതാ വന്നിരിക്കുന്നു ` ഹായ്‌` എന്നോരുദൂത്‌. അവള്‍ മറുപടിയായ്‌ ഒരു ` ഹായ്‌` ദൂതും കൊടുത്തു. പിന്നീട്‌ കുറച്ചു സമയം അങ്ങോട്ടുമ്മിങ്ങോട്ടും സ്വകാര്യതകളുടെ മറനീക്കി ഓരോരോ ദൂതുകള്‍ പറന്നു. അദ്ദേഹം പറഞ്ഞൂ ഞാന്‍ അമേരിക്കയില്‍ താമസിക്കുന്നു, ഒരു വലിയ മാധ്യമത്തില്‍ ഉന്നതനിലവാരത്തില്‍ ജോലിചെയ്യുന്നു, അതുകൂടാതെ മറ്റുപലവിധമായ രാഷ്ട്രീയസാമൂഹീക സംഘടനകളില്‍ പ്രവര്‍ത്തിച്ചു പോരുന്നു എന്നൊക്കെ. അവളും അവളുടെ വിവരങ്ങളെല്ലാംതന്നെ അദ്ദേഹത്തോട്‌ വളരെ നിഷ്‌കളങ്കമായ്‌ പറഞ്ഞുകൊടുക്കുകയും ചെയ്‌തു. ഇതെല്ലാം സംഭവിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവും അവളുടെ അടുത്തുതന്നെയുണ്ടായിരുന്നു. അതുവരെയും സംസാരങ്ങള്‍ വളരെ മാന്യമായ്‌ത്തന്നെയായിരുന്നു. അങ്ങനെ കുറച്ചു സമയങ്ങള്‍ കടന്നുപോയ്‌.

പിന്നീടങ്ങോട്ട്‌ അയാളുടെ ദൂതുകളില്‍ അല്‌പ്പാല്‍പ്പമായ്‌ പഞ്ചാരയില്‍മുക്കി വിളയിച്ച ചക്കവറുത്തതുകളും രതിരാഗതാളമേളങ്ങളുടെ കൊട്ടിഘോഷണങ്ങളും കണ്ടുതുടങ്ങി. അവളോ എങ്ങനെയെങ്കിലും അദ്ദേഹത്തില്‍ നിന്നും അവര്‍ക്കൊരു കച്ചവടം ലഭിക്കുമല്ലോ എന്നുള്ള പ്രതീക്ഷയില്‍ എല്ലാം കടിച്ചുപിടിച്ച്‌ വായിക്കുകയും മറുപടികള്‍ എഴുതുകയും ചെയ്‌തുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു സംസാരിച്ചുകഴിഞ്ഞിട്ടും ഒരിക്കലും ഒരു കച്ചവടം അദ്ദേഹത്തില്‍ നിന്നും കിട്ടത്തില്ലായെന്നു പരിപൂര്‍ണ്ണ ബോധ്യംവന്നപ്പോള്‍ അവള്‍ക്കു പിന്നെ ഇപ്രകാരമുള്ള ശ്രിങ്കാരദൂതുകളിലുള്ള തത്‌പ്പര്യവും കുറഞ്ഞു. അവള്‍ അയാളോട്‌ പറഞ്ഞു ദയവായ്‌ ഇപ്രകാരംമുള്ള വര്‍ത്തമാനങ്ങള്‍ ഒഴിവാക്കൂ` ആരുകേള്‍ക്കാന്‍ . പെട്ടന്നാണ്‌ അത്‌ സംഭവിച്ചത്‌!

അതുവരെ ചക്കരേ, പലേ, തേനേ, മോളേയെന്നൊക്കെയുള്ള സുഖവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നവന്‍ ഉടന്‍തന്നെ അവളെ സംശയിക്കുവാന്‍ തുടങ്ങി, അയാള്‍ അവളോട്‌ ` നീ ഒരു പെണ്ണല്ല, നീ ഒരു പുരുഷനാണ്‌, ഇത്‌ നീ കള്ളത്തരത്തില്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണ്‌` അതുകേട്ടിട്ടു അവള്‍ അയാളോട്‌ പലതവണ താണസ്വരത്തില്‍ മാന്യമായ്‌ത്തന്നെ പറഞ്ഞു..` അത്‌ താങ്കളുടെ വെറും തെറ്റിദ്ധാരണയാ ഞാന്‍ ശരിക്കുമൊരു പെണ്ണാണ്‌.. കൂടുതല്‍ സംശയംമുണ്ടെങ്കില്‍ ഇതാ എന്റെ ഫോണ്‍ നമ്പര്‍ അതിലേക്കു വിളിച്ചോളൂ..` പക്ഷെ മദ്യത്തിന്റെയോ മയക്കുമാരുന്നിന്റെയോ രതിവിഭ്രാന്തിയുടെയോ ലഹരിയിലായിരുന്ന അയാള്‍ക്ക്‌ അതൊന്നും കേള്‍ക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ക്ഷമ അപ്പോളുണ്ടായിരുന്നില്ല.. പിന്നീടങ്ങോട്ട്‌ അവള്‍ക്കു അയാളെഴുതിയ ദൂതുകളില്‍ മുഴുവന്‍ മലയാള അക്ഷരമാലയിലെ `അ' മുതല്‍ `അ:' വരെയും കൂട്ടത്തില്‍ സകല കൂട്ടുകളുംചില്ലുകളും കൂട്ടിയുള്ള ആഭാസഘോഷണം ആയിരുന്നു. പലപ്പോഴും അവള്‍ അയാളുടെ കാലുപിടിച്ചു ക്ഷമാപണം നടത്തി മറുപടികള്‍ എഴുതിയെങ്കിലും ഫലമൊന്നും കണ്ടില്ല. ഗത്യന്തരമില്ലാതെവന്നപ്പോള്‍ അവളുടെ ഭര്‍ത്താവ്‌ ഈ വിഷയത്തില്‍ ഇടപെട്ട്‌ അയാളെ അനുനയിപ്പിക്കുവാനും, മൃദുപ്പെടുത്തുവാനുംമൊക്കെ ശ്രമിച്ചു. അതെല്ലാം പാഴ്‌മണ്ണില്‍ വിതച്ചവിത്തുകളെപ്പോലെ ഇന്റര്‍നെറ്റ്‌ വലക്കുള്ളില്‍ എവിടെയോ കുരുങ്ങിയെതെന്നൊഴിച്ചാല്‍ യാതൊരുവിധ ഫലവും പുറപ്പെടുവിച്ചില്ല.. അയാള്‍ അയാളുടെ സാംസ്‌കാരിക കേരളത്തില്‍ നിന്നും കൊണ്ടുവന്ന കൊന്തമണികളെ ഓരോന്നായ്‌ തിരഞ്ഞു ഉരുവിട്ടുകൊണ്ടിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.


അന്നുരാത്രിയിലും ആ കൊച്ചുകുടുംബം അത്താഴവും കഴിച്ച്‌ പതിവുപോലെ ഉറങ്ങുവാന്‍ പോയിക്കിടന്നു. പക്ഷെ എങ്ങനുറക്കം വരും. അങ്ങോട്ടുംമിങ്ങോട്ടോം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നുനോക്കി, അങ്ങോട്ടുമ്മിങ്ങോട്ടും അവര്‍ പരസ്‌പ്പരമ്മാശ്വസ്സിപ്പിച്ചു നോക്കി. അതും വിഫലംമെന്നുതന്നെകണ്ടു. ആ മാന്യന്‍ മനസ്സില്ലേല്‍പ്പിച്ച മുറിവ്‌ ആ പാവം ദമ്പതികള്‍ക്ക്‌ താങ്ങുവാന്‍ സാധിക്കുന്നതിലുമുപരിയായിരുന്നു. പിറ്റേദിവസം രാവിലെ ഒരു കട്ടങ്കാപ്പിയും കുടിച്ചിരുന്നപ്പോള്‍ അവര്‍ തലേന്നുനടന്ന ആ വിഷയത്തെക്കുറിച്ച്‌ ഒന്നുകൂടൊരവലോകനം നടത്തിനോക്കി . അവള്‍ ഭര്‍ത്താവിനോട്‌ പറഞ്ഞൂ ` നമ്മള്‍ക്ക്‌ നമ്മുടെ അമേരിക്കയിലുള്ള സുഹൃത്തുക്കളോട്‌ ഇക്കാര്യം പറഞ്ഞാല്‍ എന്തെങ്കിലും ഒരു പ്രധിവിധി അവര്‍ ഉണ്ടാക്കിത്തരുമ്മായിരിക്കും` .. അവര്‍ക്ക്‌ അമേരിക്കയില്‍ പല വലിയ സാമൂഹീക സാംസ്‌കാരീക നായകന്മാരെയും ഉന്നതരായ സംഘടനാ ഭാരവാഹികളെയും ഒക്കെ പരിചയമുണ്ട്‌. കേട്ടപാതി കേള്‍ക്കാത്തപാതി അയാള്‍ അവരില്‍ പലരെയും ബന്ധപ്പെട്ടീ വിഷയം പറഞ്ഞു. അവരെല്ലാം ഈ പാവം ദമ്പതികളെ കൈയ്യൊഴിഞ്ഞതെന്നൊഴിച്ചാല്‍ ഒരു ഫലവുംമുണ്ടായില്ല. വന്ന അപമാനം സ്വയമേ ഉള്ളിലൊതുക്കി അതിന്റെ വേദന കടിച്ചമര്‍ത്തി അവര്‍ ഇപ്പോഴും ജീവച്ഛവമായ്‌ ജീവിക്കുന്നു. ഇപ്രകാരംമുള്ള സംഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്നവര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു... ആ മാന്യവ്യക്തി ഇപ്പോള്‍ അടുത്ത ഇരയെത്തേടിയുള്ള പുറപ്പാടിലായിരിക്കാം ......................................................!


ശുഭം
മാന്യഭോജികള്‍ (മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക