Image

തിരുവനന്തപുരത്ത്‌ യു.എ.ഇ കോണ്‍സുലേറ്റ്‌: പ്രവാസികള്‍ക്ക്‌ ആഹ്‌ളാദം

Published on 18 May, 2012
തിരുവനന്തപുരത്ത്‌ യു.എ.ഇ കോണ്‍സുലേറ്റ്‌: പ്രവാസികള്‍ക്ക്‌ ആഹ്‌ളാദം
അബൂദബി: കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ്‌ സ്ഥാപിക്കുന്നതില്‍ വ്യക്തമായ തീരുമാനം അറിഞ്ഞതോടെ പ്രവാസികള്‍ക്ക്‌ ആഹ്‌ളാദം.

തിരുവനന്തപുരത്തും അയല്‍ ജില്ലകളിലുമുള്ളവര്‍ക്ക്‌ ആഹ്‌ളാദം കൂടുതലാണ്‌. ഇവര്‍ക്ക്‌ തങ്ങളുടെ തൊട്ടടുത്ത്‌ തന്നെ കോണ്‍സുലേറ്റ്‌ വരുന്നത്‌ വളരെയേറെ സൗകര്യപ്രദമാകും.
അതേസമയം, വടക്കന്‍ ജില്ലകളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക്‌ തിരുവനന്തപുരം വരെ പോകേണ്ടിവരുമെങ്കിലും ഇപ്പോള്‍ മുംബൈയിലെ കോണ്‍സുലേറ്റിലോ ദല്‍ഹിയിലെ എംബസിയിലോ പോകുന്നതിനെ അപേക്ഷിച്ച്‌ ഇത്‌ എത്രയോ ആശ്വാസമാകും.

യു.എ.ഇ കോണ്‍സുലേറ്റ്‌ തിരുവനന്തപുരത്തായിരിക്കുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ്‌ ഇന്നലെ അറിയിച്ചത്‌. ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്‌ അബ്ദുല്ല ബിന്‍ സായിദ്‌ ആല്‍ നഹ്യാനുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ്‌ കൊച്ചിയില്‍ വേണമെന്ന്‌ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. തെക്കന്‍ ജില്ലകളിലെയും വടക്കന്‍ ജില്ലകളിലെയും ജനങ്ങള്‍ക്ക്‌ ഒരുപോലെ എത്തിപ്പെടാന്‍ സൗകര്യമുള്ള മേഖല, ഇന്ത്യയിലെ പ്രധാന വ്യവസായവാണിജ്യ കേന്ദ്രം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണിത്‌. യാത്രാ ദൈര്‍ഘ്യവും ഇതിനുള്ള സമയവും കണക്കിലെടുത്ത്‌ വടക്കന്‍ ജില്ലകളിലുള്ളവരാണ്‌ കൊച്ചിയില്‍ വേണമെന്ന്‌ കൂടുതലായി ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്‌തത്‌. എന്നാല്‍, കോണ്‍സുലേറ്റുകള്‍ തലസ്ഥാനങ്ങളിലാണ്‌ സ്ഥാപിക്കാറുള്ളത്‌ എന്നതിനാലും സുരക്ഷ മുന്‍നിര്‍ത്തിയുമാണ്‌ തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്നത്‌.

യു.എ.ഇയിലുള്ള 17.5 ലക്ഷം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്‌. ഇവരെല്ലാം ഇപ്പോള്‍ യു.എ.ഇയിലെ വിവിധ ആവശ്യങ്ങള്‍ക്ക്‌ രേഖകള്‍ സാക്ഷ്യപ്പെടുത്താനും മറ്റാവശ്യങ്ങള്‍ക്കും മുംബൈയിലോ ദല്‍ഹിയിലോ പോകുകയാണ്‌. ഇതിന്‌ ദിവസങ്ങള്‍ നീണ്ട യാത്രയും പണച്ചെലവുമുണ്ട്‌. തിരുവനന്തപുരത്ത്‌ കോണ്‍സുലേറ്റ്‌ വരുന്നത്‌ ഈ ബുദ്ധിമുട്ട്‌ ഒഴിവാക്കും.
ഇന്ത്യയില്‍ യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റാണ്‌ തിരുവനന്തപുരത്ത്‌ വരുന്നത്‌. ഇതിന്‍െറ ഫലമായി മറ്റു ഗള്‍ഫ്‌ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഈ രീതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ പ്രവാസികള്‍. ഇതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്‌.

തിരുവനന്തപുരത്ത്‌ കോണ്‍സുലേറ്റ്‌ സ്ഥാപിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിന്‌ പകരമായി യു.എ.ഇയില്‍ കോണ്‍സുലേറ്റ്‌ സ്ഥാപിക്കാന്‍ ഇന്ത്യക്ക്‌ അനുമതി തേടാവുന്നതാണ്‌. ഇങ്ങനെ അനുമതി ലഭിക്കുകയാണെങ്കില്‍ വടക്കന്‍ എമിറേറ്റില്‍ കോണ്‍സുലേറ്റ്‌ തുടങ്ങാന്‍ സാധിക്കും. ഇപ്പോള്‍ ഷാര്‍ജ, അജ്‌മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലുള്ളവര്‍ ദുബൈയിലെ കോണ്‍സുലേറ്റിനെയാണ്‌ ആശ്രയിക്കുന്നത്‌. ഇവിടെയുള്ള തൊഴിലാളികള്‍ക്ക്‌ കോണ്‍സുലേറ്റില്‍ നേരിട്ട്‌ വരണമെങ്കില്‍ ഒരു ദിവസം അവധി എടുക്കണം. ഇവര്‍ക്ക്‌ അവധി ലഭിക്കുന്നത്‌ വെള്ളിയാഴ്‌ച മാത്രമാണ്‌. എന്നാല്‍, ഈ ദിവസം കോണ്‍സുലേറ്റിനും അവധിയാണ്‌. വിവിധ എമിറേറ്റുകളില്‍ കോണ്‍സുലേറ്റ്‌ സംഘം നടത്തുന്ന സന്ദര്‍ശനങ്ങളാണ്‌ ഇവരുടെ ഏക ആശ്വാസം.
തിരുവനന്തപുരത്ത്‌ യു.എ.ഇ കോണ്‍സുലേറ്റ്‌: പ്രവാസികള്‍ക്ക്‌ ആഹ്‌ളാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക