Image

ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും

Published on 18 May, 2012
ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും
അവള്‍ക്ക്‌ ഒരെല്ല്‌ കൂടുതലാണെന്ന്‌ രഞ്‌ജിനി ഹരിദാസിനെ ചാനലില്‍ മാത്രം കണ്ടുപരിചയിച്ചവര്‍ പറഞ്ഞേക്കാം. കാരണം രഞ്‌ജിനി അല്‌പം തന്റേടി തന്നെയാണ്‌. കുറച്ചുനാള്‍ മുമ്പ്‌ ഒരു ചാനല്‍ ടോക്‌ഷോയില്‍ തന്റെ വസ്‌ത്രധാരണത്തെ വിമര്‍ശിച്ചയാളോട്‌ രഞ്‌ജിനി കൊടുത്ത മറുപടി കേട്ടവര്‍ അമ്പരന്ന്‌ പോയിക്കാണും. ഈ പെണ്ണ്‌ ഇങ്ങനെയൊക്കെ പറഞ്ഞു കളയുമോ എന്നോര്‍ത്ത്‌ ഞെട്ടിയവരും കുറവല്ല. കേരളത്തിലെ മെയില്‍ ഷോവനിസ്റ്റുകളെ പരസ്യമായി വെല്ലുവിളിച്ചു തന്നെയാണ്‌ രഞ്‌ജിനി എന്നും മുന്നോട്ടു നടന്നിട്ടുള്ളത്‌.

അതുകൊണ്ടു തന്നെയാവണം ഒരു ചാനല്‍ പോഗ്രാം അവതാരകയുടെ റോളില്‍ നില്‍ക്കുമ്പോഴും ഒരു സിനിമാ താരത്തിന്‌ ലഭിക്കുന്ന ഗ്ലാമറാണ്‌ എവിടെയും രഞ്‌ജിനി ഹരിദാസിന്‌. മലയാളിയുടെ വീട്ടുസദസ്സിലേക്ക്‌ എന്നും സ്റ്റാര്‍സിംഗര്‍ പോഗ്രാമിന്റെ അവതാരകയായി വിരുന്നെത്താറുള്ള രഞ്‌ജിനി ഇപ്പോഴിതാ സിനിമയിലേക്കും കടക്കുകയാണ്‌. അതും രഞ്‌ജിനിയുടെ സ്വഭാവത്തിന്‌ ഇണങ്ങുന്ന ഒരു വേഷവുമായി. ഒരു ഐ.പി.എസ്‌ ഓഫീസറുടെ വേഷം.

ഇനി വെള്ളത്തിരയിലെ തിളങ്ങും താരമാണ്‌ രഞ്‌ജിനി ഹരിദാസ്‌. മലയാളത്തിന്റെ സ്ഥിരം നായികാസങ്കല്‌പങ്ങള്‍ക്ക്‌ ഒരു മാറ്റം തന്നെയാവും രഞ്‌ജിനിയുടെ കടന്നു വരവെന്ന്‌ പ്രതീക്ഷിക്കാം. തന്റെ പുതിയ വേഷത്തെക്കുറിച്ച്‌ രഞ്‌ജിനി ഹരിദാസ്‌ സംസാരിക്കുന്നു...

അപ്പോള്‍ ചലച്ചിത്രതാരമാകാന്‍ തീരുമാനിച്ചു അല്ലേ?

അങ്ങനെയൊരു തീരുമാനം എടുത്തു കഴിഞ്ഞു. ഇത്‌ എത്രനാള്‍ തുടരുമെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ ഇപ്പോള്‍ ആദ്യ സിനിമയുടെ ഷൂട്ടിംഗ്‌ ഏതാണ്ട്‌ പൂര്‍ത്തിയായി കഴിഞ്ഞു. എന്നുവെച്ച്‌ അടുത്ത സിനിമയേത്‌ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കുന്ന എന്‍ട്രി റിലീസിനെത്തട്ടെ. എന്നിട്ട്‌ ബാക്കി തീരുമാനിക്കാം. ഇതിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ എക്‌സ്‌പീരിയന്‍സ്‌ ആണ്‌. ഞാന്‍ ഇതുവരെ കടന്നു വന്നിട്ടില്ലാത്ത മേഖല. അതുകൊണ്ട്‌ സിനിമ ശരിക്കും എന്‍ജോയ്‌ ചെയ്‌തു.

റിയാലിറ്റി ഷോ വേദിയില്‍ അഭിനയമല്ലല്ലോ. റിയല്‍ പെര്‍ഫോമന്‍സാണ്‌ വരുന്നത്‌. എന്നാല്‍ സിനിമ അങ്ങനെയല്ലല്ലോ, അഭിനയിക്കണം. എങ്ങനെ തോന്നുന്നു പുതിയ ജോലി?

സിനിമയിലേക്ക്‌ എനിക്ക്‌ ആദ്യമായിട്ടൊന്നുമല്ല ഓഫര്‍ വരുന്നത്‌. പക്ഷെ അവതാരകയുടെ ജോലി തിരഞ്ഞെടുത്തപ്പോള്‍ അതെനിക്ക്‌ വളരെ സന്തോഷം നല്‍കി. എന്റെ കരിയറില്‍ എനിക്ക്‌ നല്ല താത്‌പര്യവുമുണ്ട്‌. അതുകൊണ്ട്‌ സിനിമയെക്കുറിച്ച്‌ ആലോചിച്ചിരുന്നില്ല എന്നതാണ്‌ സത്യം. പലപ്പോഴും പല സിനിമകളിലേക്കും ഓഫറുകള്‍ വരുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയതാണ്‌. രഞ്‌ജിനിക്ക്‌ ചെയ്യാന്‍ കഴിയുന്ന വേഷം എന്നൊക്കെ പറഞ്ഞ്‌ പലരും സമീപിച്ചിട്ടുണ്ട്‌.

ഇതിപ്പോള്‍ രാജേഷ്‌ അമനകര എന്‍ട്രിയുടെ കഥ പറഞ്ഞപ്പോള്‍ എനിക്ക്‌ ഇഷ്‌ടം തോന്നി. പക്ഷെ അഭിനയത്തെക്കുറിച്ച്‌ എനിക്ക്‌ മുന്‍ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒന്ന്‌ ശ്രമിച്ചു നോക്കാം എന്നു മാത്രമാണ്‌ കരുതിയത്‌. നന്നായിട്ടുണ്ട്‌ എന്നാണ്‌ സെറ്റില്‍ എല്ലാവരുടെയും അഭിപ്രായം.

പോലീസ്‌ വേഷമാണല്ലോ ആദ്യ സിനിമയില്‍. ആക്ഷന്‍ നായികയായി മാറുമോ?

ഞാന്‍ എന്‍ട്രിയില്‍ ചെയ്യുന്ന തരത്തിലുള്ള പോലീസ്‌ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്‌തിട്ടുള്ളത്‌ വാണി വിശ്വനാഥ്‌ മാത്രമാണ്‌. വാണി വിശ്വനാഥിന്റെ ഒരു ഗെറ്റപ്പ്‌ ശക്തമായ പോലീസ്‌ വേഷങ്ങള്‍ക്ക്‌ ഇണങ്ങുന്നതായിരുന്നു. അങ്ങനെയൊരു താരതമ്യം ചെയ്‌താല്‍ ഞാന്‍ എത്രത്തോളം വരും എന്നെനിക്കറിയില്ല. പക്ഷെ ആക്ഷന്‍ ഇമേജുള്ള കഥാപാത്രമാണ്‌ എന്‍ട്രിയില്‍ എന്റേത്‌. അത്‌ മാക്‌സിമം ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്‌.

അഭിനയം വളരെ സിംപിളായി തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ആദ്യമൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു അഭിനയം കുറച്ചൊക്കെ എളുപ്പമായിരിക്കുമെന്ന്‌. നമ്മുടെ സ്വഭാവവുമായി ചേരുന്ന കഥാപാത്രമാണെങ്കില്‍ പെട്ടന്ന്‌ ചെയ്യാന്‍ കഴിയുമെന്നൊക്കെ. പക്ഷെ അഭിനയിച്ച തുടങ്ങുമ്പോഴാണ്‌ എത്ര ബുദ്ധിമുട്ടാണ്‌ ഈ ജോലിയെന്ന്‌. ഒരു കഥാപാത്രമായി പെരുമാറുക എന്നത്‌ എളുപ്പമല്ല. പിന്നെ സിനിമ മൊത്തത്തില്‍ ഏറെ അധ്വാനിക്കേണ്ട മേഖലയാണ്‌. അവതാരകയുടെ റോളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ മറ്റൊരു ലോകം.

സൗന്ദര്യമത്സര വേദിയില്‍ നിന്നാണല്ലോ കാമറക്ക്‌ മുമ്പിലേക്ക്‌ രഞ്‌ജിനി കടന്നു വരുന്നത്‌. ആദ്യം തന്നെ വേണമെങ്കില്‍ സിനിമ തിരഞ്ഞെടുക്കാമായിരുന്നില്ലേ?

ഞാന്‍ പറഞ്ഞല്ലോ, സിനിമയിലെത്തണം എന്ന്‌ പ്രത്യേകിച്ചൊരു താത്‌പര്യം തോന്നിയിട്ടില്ല. സ്റ്റാര്‍സിംഗര്‍ വേദിയില്‍ ഞാന്‍ കംഫര്‍ട്ടായിരുന്നു. ഇപ്പോഴാണ്‌ അവതാരകയായി അല്‌പമൊക്കെ ഒന്ന്‌ ബോറടിച്ചു തുടങ്ങിയത്‌. അപ്പോള്‍ പുതിയൊരു മേഖലയിലേക്ക്‌ മാറി നോക്കുന്നു. ഇവിടെയും തുടരണം എന്നൊരു തീരുമാനത്തിലല്ല ഇത്‌.

അവതാരകയായി വരുമ്പോള്‍ രഞ്‌ജിനി ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്‌. മലയാളവും ഇംഗ്ലീഷും കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ പേരില്‍. പിന്നെ വസ്‌ത്രധാരണത്തിന്റെ പേരില്‍. ഇതില്‍ നിന്നൊക്കെ എന്താണ്‌ മനസിലാക്കിയിട്ടുള്ളത്‌?

ഞാന്‍ എപ്പോഴും നേരിടുന്ന ചോദ്യമാണിത്‌. ഞാന്‍ വിദേശത്ത്‌ ഉപരിപഠനം പൂര്‍ത്തിയാക്കി വ്യക്തിയാണ്‌. അപ്പോള്‍ സ്വാഭാവികമായും ഇംഗ്ലീഷ്‌ സംസാരത്തിനിടയില്‍ കടന്നു വരും. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്‌ സംസാരിക്കുന്നത്‌. തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ എന്റെ സംസാരം ഏറെ മെച്ചപ്പെട്ടിട്ടുമുണ്ട്‌. പലപ്പോഴും എന്നെ വിമര്‍ശിക്കുന്നത്‌ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടല്ല എന്നാണ്‌ ഞാന്‍ കരുതുന്നത്‌. രഞ്‌ജനിയെ വിമര്‍ശിക്കുക എന്ന ഉദ്ദേശം വെച്ചുമാത്രമാണ്‌ വിമര്‍ശനങ്ങള്‍ പറയുന്നത്‌. അതിനെല്ലാം മറുപടി പറയാന്‍ എനിക്ക്‌ താത്‌പര്യമില്ല.

പിന്നെ വസ്‌ത്രധാരണത്തിന്റെ കാര്യം. ഞാന്‍ എന്ത്‌ വസ്‌ത്രം ധരിക്കണം എന്നത്‌ എന്റെ തീരുമാനമാണ്‌. ചാനല്‍ ഫ്‌ളോറിലെത്തുമ്പോള്‍ അത്‌ പോഗ്രാം പ്രൊഡ്യൂസര്‍ കൂടി ചേര്‍ന്ന്‌ തീരുമാനിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ വേണ്ടി രഞ്‌ജിനി ഹരിസാദ്‌ എന്ന വ്യക്തി മാറും എന്ന്‌ ആരും കരുതേണ്ട. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും.
ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക