Image

എന്റെ മലയാളമേ......(കവിത-രഞ്‌ജിത്‌ പിള്ള)

രഞ്‌ജിത്‌ പിള്ള Published on 18 May, 2012
എന്റെ മലയാളമേ......(കവിത-രഞ്‌ജിത്‌ പിള്ള)
കാലത്തിന്റെ കരംപിടിച്ചുപാറുന്ന
മലയാളമേ, ഇന്ന്‌ നിനക്ക്‌, എത്ര നഷ്‌ടം?
നഷ്‌ടബോധത്തിന്റെ കണക്കുനോക്കീടവേ-
നിന്റെ ധര്‍മ്മവും കര്‍മ്മവും വാര്‍ന്നു പോകുന്നുവോ?
നിന്റെ മാനസ്സം ചവിട്ടിമെതിച്ചുകൊ-
ണ്ടിന്നെത്ര പാദങ്ങള്‍ മാഞ്ഞുപോയി?

പാടിപ്പതിഞ്ഞൊരു പാണന്റെ പാട്ടും
താളത്തില്‍ ചാഞ്ചാടുമൊരു വഞ്ചിതന്‍ പാട്ടും
ഈണത്തില്‍ പെയ്യുന്നൊരു താരാട്ട്‌ പാട്ടും
തഴുകുന്നു മെല്ലെയെന്‍ മനസ്സിന്‍ തന്ത്രികളെ

എല്ലാമൊരുണ്ണിതന്നോലപ്പമ്പരം
പോലെക്കാറ്റത്തു പാറുവാനുള്ളതോ?
താളവും രാഗവുമെല്ലാം നിലച്ചൊരു-
ഗായികേ മലയാളത്തനിമേ.............
തേങ്ങല്‍ നിറഞ്ഞൊരീ മണ്ണിന്റെ-
മാറില്‍ നീ മലയാള ഭാഷയോ, മലയാളിയോ?

അഴകോടെയൊഴുകുന്ന മൊഞ്ചുള്ളൊരരുവിയും
അനന്തയെ പുല്‍കുന്നൊരുന്നതശൃംഗനും
ശോണിമ പൂശുന്ന തരളമാം സന്ധ്യയും
ഒഴുകുന്നെന്നില്‍ സ്‌നിഗ്‌ദമാമാന്ദോളനങ്ങള്‍

സ്‌ഫുടമായി മൊഴിയുന്ന മലയാള ഭാഷയും
ലളിതമായ്‌ ധരിച്ചൊരു മലയാള വേഷവും
നെറ്റിയില്‍ തൊട്ടൊരു ചന്ദനക്കുറിയും
ചേര്‍ന്നെന്നെയാക്കുന്നു പൂര്‍ണ്ണനാം മലയാളി.....

എല്ലാം നഷ്‌ടപ്പെടുത്തി എന്തോ തിരയുന്ന-
മലയാളത്തനിമേ .....നീയുറങ്ങകയോ?
അതോ, പ്രതികാരം മാത്രമോ-
നിന്നെ വെറുക്കുന്നവരോട്‌, മറക്കുന്നവരോട്‌?
തെല്ലൊന്നു നില്‍ക്കുക നിന്‍ മഹാ-
ശക്തികള്‍ ഒരു മാത്ര എന്നെയറിയിക്കുക.
ചൊല്ലുന്നു ഞാനൊന്നുമാത്രം. നിന്റെ ശക്തി-
യില്‍ തീരാത്ത ദു:ഖമില്ലാ. ഇന്ന്‌-
നിന്‍ സ്‌നേഹത്താല്‍ മാറാത്ത മനസ്സുമില്ലാ.
നിന്നിലൊതുങ്ങാത്തതായ്‌ മറ്റൊന്നുമില്ലാ.
ദീപംതെളിച്ചു നീ മാനസതീരത്തുവന്നൊന്നു-
തെളിയുക, മറയാതെ മങ്ങാതെ എന്നും.
എന്റെ മലയാളമേ......(കവിത-രഞ്‌ജിത്‌ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക