ന്യൂഡല്ഹി: ഉത്തര്പ്രദേശിലെ ബറിയാക്കില് ബസിനു തീപിടിച്ച് 25 പേര്
മരിച്ചതായി സംശയം. സുല്ത്താന്പൂരില് നിന്നു അജ്മീറിലെ
തീര്ഥാടനകേന്ദ്രത്തിലേയ്ക്കു പോയവരുടെ ബസാണ് അപകടത്തില്പ്പെട്ടത്.
തീര്ഥാടകര് സഞ്ചരിച്ചിരുന്ന ബസും ചരക്കുലോറിയും കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്.
കൂട്ടിയിടിയുടെ ആഘാതത്തില് ബസിനു തീപിടിക്കുകയായിരുന്നു. ഇന്നലെ
രാത്രിയാണ് സംഭവം. അപകടസമയത്ത് ബസില് അറുപതിലധികം
യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ബസില് തീപടരുന്നതിനു
മുമ്പ് തന്നെ നിരവധി പേര് പുറത്തുചാടി രക്ഷപെട്ടതായി ജില്ലാ ഭരണകൂടം
അറിയിച്ചു. ബസിനുള്ളില് കുടുങ്ങിയ 25 പേരെ രക്ഷപെടുത്താന്
കഴിഞ്ഞില്ലെന്നാണ് വിവരം. സംഭവത്തില് പരിക്കേറ്റ നിരവധി പേരെ വിവിധ
ആശുപത്രികളില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില് പൂര്ണമായും
തകര്ന്ന ബസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങള് പുറത്തെടുക്കാനുള്ള ശ്രമം
തുടരുന്നു