ഗാര്‍ലാന്റ് (ഡാളസ്): കേരളത്തില്‍ ജേര്‍ണലിസത്തിന് പഠിക്കുന്ന നിര്‍ധനരും,
സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്
പഠനം തുടങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ
സ്കോളര്‍ഷിപ്പു ഏര്‍പ്പെടുത്തുവാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്
ടെക്സസ് ഡാളസ് ചാപ്റ്റര്‍ തീരുമാനിച്ചു.
മെയ് 13 ഞായറാഴ്ച ഗാര്‍ലാന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ പ്രസിഡന്റ് സണ്ണി
മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗമാണ് ഈ തീരുമാനം കൈ
കൊണ്ടത്. ജര്‍ണലിസം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സമയബന്ധിത
പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ യോഗം അബ്രഹാം തോമസിനെ ചുമതലപ്പെടുത്തി.
നോര്‍ത്ത് ടെക്സസ്സില്‍ നടക്കുന്ന രണ്ടു ദേശീയ സമ്മേളനങ്ങളെ(വേള്‍ഡ്
മലയാളി, ഫൊക്കാന) കുറിച്ചു വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍
ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കു യഥാസമയം എത്തിച്ചുനല്കുന്നതിനുള്ള
ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം സെക്രട്ടറി എബ്രഹാം
തോമസ് യോഗത്തില്‍ അവതരിപ്പിച്ചു. ദൃശ്യ-പത്രമാധ്യമങ്ങളില്‍
രണ്ടുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് ഇന്ത്യപ്രസ്
ക്ലബില്‍ അംഗത്വം നല്‍കുന്നതിന് തീരുമാനിച്ചു. ജോസ് പ്ലാക്കാട്ട് (കൈരളി),
ബിജിലി ജോര്‍ജ്ജ് (ഏഷ്യാനെറ്റ്), ടി.സി. ചാക്കോ(ജയ്ഹിന്ദ്) തുടങ്ങിയവര്‍
യോഗത്തില്‍ സംസാരിച്ചു. സെക്രട്ടറി എബ്രഹാം തോമസ് നന്ദി പറഞ്ഞു.