Image

സിറിയയില്‍ കനത്ത പോരാട്ടം; 50 മരണം

Published on 25 May, 2012
സിറിയയില്‍ കനത്ത പോരാട്ടം; 50 മരണം
ഡമാസ്കസ്: യുഎന്‍- അറബ് ലീഗ് മധ്യസ്ഥന്‍ കോഫി അന്നന്‍ ഈ മാസം അവസാനം സിറിയ സന്ദര്‍ശിക്കാനിരിക്കെ സിറിയയില്‍ സംഘര്‍ഷം ഒന്നുകൂടി രൂക്ഷമായി. മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ടു വീക്ഷിക്കുന്നതിനായി ഡമാസ്കസ് സന്ദര്‍ശിക്കുമെന്ന് അന്നന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ശക്തമായത്. ഇന്നലെ സിറിയയിലെ ഹോംസ് നഗരത്തില്‍ സൈന്യം നടത്തിയ കനത്ത ആക്രമണത്തില്‍ 13 കുട്ടികള്‍ അടക്കം 50 പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു. ഹൌള മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നഗരത്തിനു നേരെ സൈന്യം ഷെല്ലാക്രമണം നടത്തി. മരണസംഖ്യ സ്ഥിരീകരിച്ചാല്‍ ഏപ്രിലിനു ശേഷം സിറിയയില്‍ അരങ്ങേറുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാകും ഇന്നലെ നടന്നത്. ഇതിനിടെ, രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളുടെ നിയന്ത്രണം പ്രതിപക്ഷം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സിറിയയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രശ്നപരിഹാര ശ്രമങ്ങളില്‍ നേരിയ പുരോഗതി പോലുമില്ലെന്നും യുഎന്‍ മേധാവി ബാന്‍ കി മൂണ്‍ പറഞ്ഞു. വെള്ളിയാഴ്ച സിറിയയിലെ മറ്റിടങ്ങളില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 20 പേര്‍ കൂടി കൊല്ലപ്പെട്ടതായും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ ഭരണത്തിനെതിരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആഭ്യന്തരയുദ്ധമായി മാറിയതോടെ ഇതുവരെ പതിനായിരത്തിലധികം പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക