Image

സദാചാര പോലീസ് ചമഞ്ഞ് നടുറോഡില്‍ യുവാവിനെ മര്‍ദിച്ചു

Published on 01 June, 2012
സദാചാര പോലീസ് ചമഞ്ഞ് നടുറോഡില്‍ യുവാവിനെ മര്‍ദിച്ചു
കായംകുളം: സദാചാര പോലീസ് ചമഞ്ഞ് രണ്ടുപേര്‍ചേര്‍ന്ന് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. 

കായംകുളം താലൂക്ക് ആശുപത്രിക്ക് കിഴക്കുവശത്തെ റോഡില്‍ നഗരസഭ നിര്‍മിച്ച ടാക്‌സി സ്റ്റാന്‍ഡ് ഷെഡ്ഡിലാണ് സംഭവം.

റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സൂക്ഷിച്ചുനോക്കിയതാണ് മര്‍ദനത്തിന് കാരണമായി പറയുന്നത്. ഇടിയും തൊഴിയും ചവിട്ടുമേറ്റ് അവശനായ യുവാവ് അവസാനം ഓടിരക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഒരു യുവാവിനെ രണ്ടുപേര്‍ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും അടിക്കരുതെന്ന് യുവാവ് കാലുപിടിച്ച് അപേക്ഷിക്കുന്നതുമായ രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.

മര്‍ദിച്ചവരോടൊപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് തന്നെയാണ് രംഗം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയത്. എം.എം.എസ്.വഴി ചിത്രങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിയതോടെ സംഭവം വിവാദമായി. പോലീസ് അന്വേഷണവും ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കായംകുളം പോലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു.

അന്വേഷണത്തില്‍ എരുവ കോയിക്കല്‍പ്പടി സ്വദേശികളായ ഫൈസലും ആഷിക്കുമാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്ത് കായംകുളം സ്വദേശി തനൂജാ (19)ണ് രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്നും ഡിവൈ.എസ്.പി. ദേവമനോഹര്‍ പറഞ്ഞു. തനൂജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറനാട് പള്ളിക്കല്‍ പണയില്‍ നസ്രത്ത്ഭവനം ബിജിത്ത് വിന്‍സന്റി(22) നാണ് മര്‍ദനമേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. അനിമേഷന്‍ വിദ്യാര്‍ഥിയായ ബിജിത്ത് അടൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് സംഭവം. മെയ് 16 ന് കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞമ്മയെ കാണാനെത്തിയതായിരുന്നു ബിജിത്ത്. ഫൈസലുമായി അടുപ്പമുള്ള യുവതിയെ കമന്റടിച്ചതിനാണ് ബിജിത്തിനെ മര്‍ദിച്ചതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക