Image

നെയ്യാറ്റിന്‍കരയില്‍ ജയിക്കില്ല; മണിക്ക്‌ കൊലയാളിയുടെ മനോഗതി: പന്ന്യന്‍ രവീന്ദ്രന്‍

Published on 03 June, 2012
നെയ്യാറ്റിന്‍കരയില്‍ ജയിക്കില്ല; മണിക്ക്‌ കൊലയാളിയുടെ മനോഗതി: പന്ന്യന്‍ രവീന്ദ്രന്‍
മലപ്പുറം: നെയ്യാറ്റിന്‍കരയില്‍ ഇടതുപക്ഷം ജയിക്കാന്‍ സാധ്യതയില്ലെന്നും ഇതിന്‌ കാരണക്കാരന്‍ എം.എം മണിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മണിക്ക്‌ കൊലയാളിയുടെ മനോഗതിയാണ്‌. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്‌താവനയല്ല മണി നടത്തിയത്‌. അദ്ദേഹത്തിന്‌ കൊലയാളിയുടെ മനോഗതിയുണ്ടോയെന്ന്‌ തനിക്ക്‌ സംശയമുണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്‌. കമ്മ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്‌നേഹിയായിരിക്കണം. പ്രസ്‌താവനയിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ മനസില്‍ ക്രൂരതയുടെ വിത്ത്‌ പാകാനാണ്‌ മണി ശ്രമിച്ചത്‌. കമ്മ്യൂണിസ്റ്റുകാരന്‌ അത്തരം പ്രസ്‌താവന നടത്താന്‍ കഴിയില്ല. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത്‌ കരിവാരിത്തേക്കുന്നതാണ്‌ മണിയുടെ പ്രസ്‌താവന. പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തെരഞ്ഞെടുപ്പായതിനാലാണ്‌ ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്‌. സി.പി.എമ്മിലെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന മണിയുടെ പുതിയ പ്രതികരണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‌ മറുപടി പറയാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വലിയ ആളല്ലേ എന്നും പന്ന്യന്‍ രവീന്ദ്രന്‍ പരിഹസിച്ചു. ടി.പി ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി.എസ്‌ അച്യുതാനന്ദന്റെ നടപടി തെറ്റല്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക