Image

ഒഡിഷയില്‍ മൂന്നാംമന്ത്രിയും പുറത്ത്

Published on 04 June, 2012
ഒഡിഷയില്‍ മൂന്നാംമന്ത്രിയും പുറത്ത്
ഭുവനേശ്വര്‍: ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളില്‍ കലാപമുയര്‍ത്തിയ രണ്ട് മന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെ ഒരു മന്ത്രിയ്ക്ക് കൂടി സ്ഥാനം നഷ്ടമായി. നഗരവികസനഹൗസിങ് വകുപ്പ് മന്ത്രി ശാരദ പ്രസാദ് നായിക്കിനെയാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പുറത്താക്കിയത്. പുറത്താക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചതായി നവീന്‍ പട്‌നായിക് വ്യക്തമാക്കി. 

ഔദ്യോഗിക നേതൃത്വത്തിനെതിരെ രംഗത്തുവന്ന ബി.ജെ.ഡി വിമത നേതാവും എം.പി.യുമായ പ്യാരി മോഹന്‍ മഹാപത്രയെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിനൊപ്പം നിന്നതിന്റെ പേരിലാണ് മൂന്ന് മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമായത്. 
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പ് മന്ത്രി അഞ്ജലി ബെഹ്‌റ, വാണിജ്യഗതാഗത വകുപ്പ് മന്ത്രി സഞ്ജീവ് സാഹു എന്നിവരെയാണ് മന്ത്രിസഭയില്‍നിന്ന് നേരത്തെ പുറത്താക്കിയത്.

കഴിഞ്ഞ പത്തുവര്‍ഷമായി നവീന്‍ പട്‌നായിക്കിന്റെ മുഖ്യ ഉപദേഷ്ടാവും തന്ത്രജ്ഞനുമായിരുന്ന മഹാപത്രയ്ക്കു പുറമേ രണ്ട് എം.എല്‍.എ.മാരെയും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രബാത് ബിസ്വാള്‍, ബിബൂതി ബല്‍വന്ത് റായ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

നവീന്‍ പട്‌നായിക്കിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ എം.എല്‍.എ.മാര്‍ മഹാപത്രയുടെ വീട്ടില്‍ യോഗം കൂടി സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രം നടത്തിയതായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ദാമോദര്‍ റാവുത് ആരോപിച്ചിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. 

മഹാപത്രയെ ബി.ജെ.ഡി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അംഗീകരിച്ചുകൊണ്ടുള്ള നിവേദനത്തില്‍ ഇവരെക്കൊണ്ട് ഒപ്പുവെപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മൂന്ന് മന്ത്രിമാരുള്‍പ്പെടെ 21 എം.എല്‍.എ.മാര്‍ മഹാപത്രയുടെ വീട്ടില്‍ ഒത്തുചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് നവീന്‍ പട്‌നായിക് നടപടിയെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക