Image

കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റി

Published on 11 June, 2012
കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റി
തലശേരി: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന നിലയില്‍ പോലീസ് അന്വേഷിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേകഷ പരിഗണിക്കുന്നത് തലശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 16ലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചിരുന്നു. കോടതിയില്‍ കീഴടങ്ങാന്‍ കുഞ്ഞനന്തന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, ഇയാളെ പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലാത്തതിനാല്‍ നേരിട്ടു കീഴടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലമാണു മുന്‍കൂര്‍ ജാമ്യം തേടിയതെന്നാണു സൂചന. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നും കൊലപാതകവുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ല. പോലീസുമായി സഹകരിക്കാന്‍ തയാറുമാണ്. പോലീസില്‍നിന്നു ശാരീരികവും മാനസികവുമായ പീഡനമുണ്ടാകുമെന്നതിനാലാണ് അവര്‍ക്കു മുന്നില്‍ ഹാജരാകാത്തത്. ഈ കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യാന്‍ വിളിക്കപ്പെടുന്നവരെക്കുറിച്ചു പിന്നെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ക്രൂരമര്‍ദനത്തിനാണ് അവര്‍ വിധേയരാകുന്നത്. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളച്ചൊടിച്ചാണു ജനമധ്യത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇത് തന്നെയും തന്റെ പ്രസ്ഥാനത്തെയും തകര്‍ക്കാനുള്ള ശ്രമമാണ്. യുഡിഎഫിന്റെ ആസൂത്രിത നീക്കങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. ഈ കേസില്‍ തീര്‍ത്തും നിരപരാധിയാണ്. ഇതുവരെ ഒരു ക്രിമിനല്‍ കേസിലും പ്രതിയായിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു താന്‍ അര്‍ഹനാണെന്നും അതിനാല്‍ ജാമ്യമനുവദിക്കണമെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക