Image

റിലീസ് നിയന്ത്രണം അനുവദിക്കില്ല: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

Published on 12 June, 2012
റിലീസ് നിയന്ത്രണം അനുവദിക്കില്ല: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍
കോഴിക്കോട്: മലയാള ചിത്രങ്ങളുടെ റിലീസ് നിയന്ത്രിക്കാനുള്ള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഒരാഴ്ചയില്‍ ഒരു സിനിമ മാത്രമേ റിലീസ് ചെയ്യാവൂ എന്ന സെല്‍ഫ് റെഗുലേഷന്‍ കൗണ്‍സില്‍ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ജൂലൈ 17 മുതല്‍ സിനിമാമേഖല സ്തംഭിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.വി.ബഷീര്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഈ വര്‍ഷം ഇതേവരെ അമ്പതോളം സിനിമകള്‍ റിലീസ് ചെയ്തുകഴിഞ്ഞു. ഇനി നൂറോളം സിനിമകള്‍ പുറത്തിറങ്ങും. 315 തീയറ്ററുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 73 എണ്ണം മാത്രമാണ് റിലീസിംഗ് കേന്ദ്രങ്ങള്‍. ആഴ്ചയിലൊരു സിനിമ മാത്രമേ റിലീസ് ചെയ്യാവൂ എന്നു തീരുമാനിച്ചാല്‍ ഈ സിനിമകള്‍ പുറത്തിറങ്ങാന്‍ രണ്ടു വര്‍ഷത്തിലധികം സമയമെടുക്കും. ഒരാഴ്ച ഒരു സിനിമ മാത്രം പുറത്തിറങ്ങുമ്പോള്‍ കാണികള്‍ കുറഞ്ഞ പടമാണെങ്കില്‍ പകരം സിനിമ പ്രദര്‍ശിപ്പിക്കാനാവാതെ തീയറ്ററുടമകള്‍ കനത്ത നഷ്ടം സഹിക്കേണ്ടി വരും. മലയാള സിനിമയെ പ്രതിസന്ധിയിലാക്കാന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. പുതിയ നിര്‍മാതാക്കളും ടെക്‌നീഷന്മാരും താരങ്ങളും ഉയര്‍ന്നു വരുന്നതിനെതിരെയുള്ള നീക്കമാണിത്. 

സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാതെ കഥയുടെ ബലത്തിലാണ് സമീപകാലത്തു മലയാള സിനിമകള്‍ വിജയം കൊയ്യുന്നത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനു പിന്നില്‍ സൂപ്പര്‍ സ്റ്റാറുകളുടെ സ്വാധീനമുണേ്ടാ എന്ന് സംശയമുണ്ട്. റിലീസ് നിയന്ത്രിക്കാനുള്ള നീക്കം തടയാന്‍ മന്ത്രി ഇടപെടണം. ജൂലൈ 17-നകം നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ബോബി, ട്രഷറര്‍ സാജുജോണി, ഡോ. രാംദാസ് ചേലൂര്‍, കെ. നന്ദകുമാര്‍, അഡ്വ. എം, രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക