Image

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ ആര്യാടന്‍

Published on 14 June, 2012
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ ആര്യാടന്‍
തിരുവനന്തപുരം: ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ രൂക്ഷവിമര്‍ശനം. സ്വന്തം കക്ഷികളിലെ എംഎല്‍എമാര്‍ക്ക് അന്യായമായി പോലും ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെയും ഘടകകക്ഷി മന്ത്രിമാര്‍ അവഗണിക്കുകയാണെന്നായിരുന്നു ആര്യാടന്റെ പരാതി. ഘടകകക്ഷി മന്ത്രിമാര്‍ക്ക് വേണ്ടിയാണോ ഈ ഭരണമെന്നു പോലും ആര്യാടന്‍ ചോദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ന്യായവും നീതിയും നിഷേധിക്കപ്പെടുകയാണ്. ഇപ്പോള്‍ നടക്കുന്നത് ലീഗ്-കേരള കോണ്‍ഗ്രസ് ഭരണമാണെന്നും ആര്യാടന്‍ തുറന്നടിച്ചു. തൃക്കാക്കര എംഎല്‍എ ബെന്നി ബെഹനാനാണ് വിഷയം എടുത്തിട്ടത്. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എംഎല്‍എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്റെ പരാതി. തുടര്‍ന്നാണ് ആര്യാടന്‍ വിഷയം ഏറ്റെടുത്ത് ഘടകകക്ഷികള്‍ക്കെതിരേ ആഞ്ഞടിച്ചത്. എന്നാല്‍ ആര്യാടന്റെ വിമര്‍ശനത്തിന് മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. രാജ്യസഭാ സീറ്റിലേക്ക് പി.ജെ. കുര്യന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമയമായതിനാല്‍ യോഗം പെട്ടന്ന് അവസാനിപ്പിച്ച് പിരിയുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക