Image

കൊടി സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

Published on 14 June, 2012
കൊടി സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ഇരിട്ടി മുഴിക്കലില്‍ നിന്നാണ്‌ കൊടി സുനിയേയും സംഘത്തേയും പൊലീസ്‌ പിടികൂടിയത്‌. ഇവിടെ ഒരു ഷെഡ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മാധ്യമസംഘം എത്തുന്നതിന്‌ മുന്‍പ്‌ തന്നെ കൊടി സുനിയും സംഘവും തങ്ങിയ ഷെഡ്ഡ്‌ പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ ഷെഡ്ഡ്‌ നിലനിന്ന തറ അടയാളമായി ഉണ്ട്‌. കൊടി സുനിയും സംഘവും ഉപയോഗിച്ച സാധനങ്ങള്‍ ഇവിടെ ചിതറിക്കിടന്ന നിലയിലായിരുന്നു.

ഇതിനിടെ പിടികൂടാനെത്തിയ പോലീസ്‌ സംഘത്തിന്‌ നേര്‍ക്ക്‌ കൊടി സുനി തോക്കു ചൂണ്ടിയെന്ന്‌ റിപ്പോര്‍ട്ട്‌. രക്ഷപെടാനുള്ള അവസാനശ്രമമെന്ന നിലയ്‌ക്കായിരുന്നു സുനി തോക്കെടുത്തത്‌. എന്നാല്‍ പൊലീസ്‌ സംഘം സുനിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. സുനിയുടെ പക്കല്‍ നിന്ന്‌ ലൈസന്‍സ്‌ ഇല്ലാത്ത തോക്കും പൊലീസ്‌ പിടിച്ചെടുത്തു.

കൊടി സുനിയും കിര്‍മാണി മനോജും ഷാഫിയും കഴിഞ്ഞ 20 ദിവസമായി പെരുങ്ങാനും മലയില്‍ ഷെഡ്ഡു കെട്ടി താമസിക്കുകയാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ഇവരുടെ ഒളികേന്ദ്രത്തില്‍ നിന്ന്‌ വാളും മറ്റ്‌ ആയുധങ്ങളും കണ്‌ടെടുത്തിട്ടുണ്ട്‌. പിടികൂടാനെത്തിയാല്‍ ആയുധം കാട്ടി ഭയപ്പെടുത്തി രക്ഷപെടാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. സുനിയേയും സംഘത്തിനേയും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കാരായ ശ്രീജിത്ത്‌, സുധീഷ്‌, രാജേഷ്‌ എന്നിവരേയും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തുവെന്നാണ്‌ അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക