Image

മലയാളി യുവാവിനെ ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം

Published on 16 June, 2012
മലയാളി യുവാവിനെ ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം
കോഴിക്കോട്: ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ മലയാളിയുടെ മോചനം അനന്തമായി നീളുന്നു. കൊയിലാണ്ടിക്കടുത്ത മൂടാടി കൊളാറ വീട്ടില്‍ ബിജുവിനെ(35)യാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തട്ടികൊണ്ടുപോകലിന് ഒരു വര്‍ഷമായിട്ടും ഇയാളുടെ മോചനം ഇപ്പോഴും അകലെയാണ്. 

2011 ജൂണ്‍ 22നാണ് ദക്ഷിണ ഫിലിപ്പീന്‍സിലെ സുലു പ്രവിശ്യയിലെ ടെംപോക്ക് ഗ്രാമത്തിലെ ബിജുവിന്റ ഭാര്യ അലീനയുടെ വീട്ടില്‍ വച്ചാണ് അബുസയാഫ് എന്ന മതതീവ്രവാദ സംഘടനകളുടെ ആളുകള്‍ തട്ടിക്കൊണ്ടുപോയത്. കൊളാറ നാരായണന്റെയും നളിനിയുടെയും മകനാണ് ബിജു. നേരത്തെ ഇറാക്കില്‍ ജോലിചെയ്തിരുന്ന ബിജുവിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ കുവൈറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. നേരത്തെ അവിടുത്തെ മിലിറ്ററി കാന്റീനിലും സ്റ്റുഡിയോയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് ബനിയന്‍ കമ്പനിയിലെ തുണികളില്‍ പ്രിന്റിംഗ് നടത്തുന്ന ജോലികളില്‍ ഏര്‍പ്പെട്ടത്. ഇതിനിടയിലാണ് ഫിലിപ്പീന്‍കാരിയായ അലീനയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് അര്‍ജുന്‍, അജയ് എന്നീ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. 

ബിജു ഫിലിപ്പീന്‍സിലേക്ക് പോകുന്നതിന് മുന്‍പ് പ്രിന്റിംഗ് ആവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയിരുന്നു. ഈ സമയം കൊയിലാണ്ടിയിലെ വീട്ടില്‍ വന്ന് ഒരു ദിവസം താമസിച്ചിട്ടാണ് പോയത്. നാട്ടില്‍ നിന്ന് പോകുമ്പോള്‍ ഫിലിപ്പീന്‍സിലെ ഭാര്യാ വസതിയിലേക്ക് പോകുമെന്ന് അച്ഛനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ എത്തിയപ്പോഴാണ് തീവ്രവാദികള്‍ ഇയാളെ തട്ടികൊണ്ടുപോയത്. 

തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ ബിജുവിന്റെ മോചനത്തിനായി 65 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ബിജുവിന്റെ മോചനത്തിനായി കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.ദാസന്‍ എംഎല്‍എ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. നാട്ടില്‍ വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി ചെയര്‍മാനായി ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ബിജു ജോലി ചെയ്തിരുന്ന കമ്പനിയും മോചനത്തിനായി ശക്തമായ നടപടികള്‍ എടുത്തിരുന്നു. അതിനിടയില്‍ ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഫിലിപ്പീന്‍സില്‍ ഉണ്ടായതിനെത്തുടര്‍ന്ന് എംബസി മുഖാന്തിരം നടന്ന മോചന ശ്രമങ്ങള്‍ തടസപ്പെട്ടു. 

ബിജുവിനെതട്ടിക്കൊണ്ടു പോകുന്നതിനു മുന്‍പ് തട്ടികൊണ്ടുപോയ അമേരിക്കക്കാരായ രണ്ടു പേരെ തീവ്രവാദികള്‍ വിട്ടയച്ചിരുന്നു. കഴിഞ്ഞയാഴ്ച തീവ്രവാദികളുടെ കസ്റ്റഡിയിലുണ്ടായിരുന്ന മലേഷ്യക്കാരനെ വിട്ടയച്ചതായി ബിജുവിന്റെ ജേഷ്ഠന്‍ ഷൈജു പറഞ്ഞു. ഒരു ഇന്ത്യാക്കാരന്‍ തീവ്രവാദികളുടെ കസ്റ്റഡിയില്‍ ഉണെ്ടന്ന് മലേഷ്യക്കാരന്‍ അറിയിച്ചതായും ഷൈജു പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും ഷൈജു പറഞ്ഞു. എങ്കിലും കൂടുതല്‍ താമസിയാതെ ബിജു മോചിതനാകും എന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക