Image

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍

Published on 17 June, 2012
വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍
കാലടി: ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു പേരില്‍ നിന്നായി 33 ലക്ഷം രൂപ തട്ടിയ കേസില്‍ കൊറ്റമം ആട്ടോക്കാരന്‍ വീട്ടില്‍ മേരി വര്‍ഗീസി (48) നെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ആലുവ റൂറല്‍ എസ്.പി. കെ.പി. ഫിലിപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാലടി എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ ഇവരെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഇറ്റലിക്കു പോകാനിരിക്കുകയായിരുന്നു മേരി.

ആറു വര്‍ഷമായി ഇറ്റലിയില്‍ ജോലി ചെയ്തു വരികയാണ് മേരി വര്‍ഗീസ്. ഇറ്റലിയില്‍ നിരവധി തൊഴിലുടമകളുമായി നല്ല ബന്ധമുണ്ടെന്നും നിരവധി പേര്‍ക്ക് തൊഴില്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരെ സമീപിച്ചത്. മേരി വര്‍ഗീസിന്റെ സുഹൃത്തും ബന്ധുവുമായ ആട്ടോക്കാരന്‍ വീട്ടില്‍ ബേബിയുമായി ചേര്‍ന്നാണ് ഏഴുപേര്‍ക്കും തൊഴില്‍ വാഗ്ദാനം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിസ ശരിയാക്കാന്‍ മുന്‍കൂര്‍ പണം ചോദിച്ചു. ഒരു ബാങ്കിന്റെ ആലുവ, പെരുമ്പാവൂര്‍, കൊച്ചി ശാഖകളിലെ നമ്പരില്‍ പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത്. മേരി നിര്‍ദ്ദേശിച്ച പ്രകാരം ഏതാനും പേരുടെ കൈവശവും തുക നല്‍കിയതായി പരാതിയില്‍ പറയുന്നു. തുക കൈപ്പറ്റി ഏറെനാള്‍ കഴിഞ്ഞിട്ടും വിസ തരപ്പെടുത്താതായപ്പോള്‍ പലരും പണം മടക്കി ചോദിച്ചു. അതും ലഭിക്കാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്.

ഇപ്പോള്‍ ഏഴു പേരാണ് പരാതി നല്‍കിയതെങ്കിലും വേറെയും നിരവധി പേര്‍ ഈ വിധം തട്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക