Image

ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി

പോള്‍ ഡി. പനയ്ക്കല്‍ Published on 20 June, 2012
ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി
ബ്രൂക്ക്‌ളില്‍ രൂപതയുടെ ഓക്‌സിലറി ബിഷപ്പായി ആരോഹണം ചെയ്യപ്പെട്ട മോണ്‍സിഞ്ഞോര്‍ റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയിലെ ഇന്‍ഡ്യന്‍ സമൂഹം സ്‌നേഹോഷ്മളമായ യാത്രയയ്പ്പു നല്‍കി. ന്യൂയോര്‍ക്കിലെ മലയാളി കത്തോലിക്കരുടെ സമ്മേളനത്തിന് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളി അനേക വര്‍ഷങ്ങളായി വേദിയൊരുക്കിയിട്ടുണ്ട്. മോണ്‍സിഞ്ഞോര്‍ റേ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി ഇടവകയുടെ പാസ്റ്ററായിരുന്നു. മലയാളികള്‍ ഇടവക സമൂഹത്തിന്റെ നല്ലൊരു ഭാഗം വഹിക്കുന്നു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആനയിക്കപ്പെട്ട ബിഷപ്പ് റേ ദിവ്യബലിയുടെ മുഖ്യകാര്‍മ്മികനായിരുന്നു. ഫാദര്‍ റോബര്‍ട്ട് അമ്പലത്തിങ്കല്‍, ഫാദര്‍ പാട്രിക് ലോങെലാങ്ങ്, ഫാ റേ നോസീനോ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

പള്ളിയില്‍ ദിവ്യബലിയെ തുടര്‍ന്നു നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ഇന്‍ഡ്യന്‍ അഫോസ്‌നലേറ്റ് സെക്രട്ടറി സ്വാതി അലോഷ്യസ് മോഡറേറ്റ് ചെയ്തു. ഇല്ല എന്ന വാക്ക് എന്തെന്നറിയാത്ത മോണ്‍സിഞ്ഞോര്‍ റേയുടെ സ്‌നേഹസ്പര്‍ശനം കിട്ടാത്തവര്‍ ഇടവകയില്‍ ആരുമുണ്ടാവില്ലെന്ന് ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ടീം ഗ്ലാഡ്‌സണ്‍ ചെറിയ പറമ്പില്‍ പറഞ്ഞു. എത്ര തിരക്കുള്ള ദിവസമായാലും സ്‌നേഹ സമ്പര്‍ക്കത്തിനും ആതുര സന്ദര്‍ശനത്തിനും ആത്മീയ സഹായത്തിനും അദ്ദേഹം മുന്‍തൂക്കം കൊടുത്തിരുന്നു- ടീം തുടര്‍ന്നു.

ഔവര്‍ ലേഡി ഓഫ് ദിസ്‌നോസ് ഇടവക സമൂഹത്തില്‍ നിന്ന് മോണ്‍സിഞ്ഞോര്‍ റെയെ മാറ്റി നിര്‍ത്തുക ഭാവനാതീതമായിരുന്നു. ഇന്ന് അതൊരു യാഥാര്‍ത്ഥ്യമായി മാറുന്നു. തുടര്‍ന്നു പ്രസംഗിച്ച പോള്‍ ഡി. പനയ്ക്കല്‍ പറഞ്ഞു. ഇടവകയിലെ ഇന്‍ഡ്യക്കാര്‍ സ്വന്തം പൈതൃകവും സംസ്‌ക്കാരവും പരിപോഷിപ്പിക്കുന്നതിനോടൊപ്പം വലിയൊരു കുടുംബമായി വളരുന്നതിനും ആത്മീയതയിലും സാംസ്‌ക്കാരിക അവബോധത്തിലും സാമൂഹികമായ ഉത്തരവാദിത്വത്തോടുകൂടിയും കുട്ടികള്‍ക്കുള്ള വളര്‍ച്ചയ്ക്കു അന്തരീക്ഷമൊരുക്കുന്നതിനും മോണ്‍സിഞ്ഞോര്‍ ചെയ്തു വന്ന സേവനസഹായങ്ങള്‍ക്ക് പോള്‍ സമൂഹത്തിന്റെ പേരില്‍ നന്ദി പറഞ്ഞു.

വിജയകരമായ ഒരു സമ്മേളനത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഫാദര്‍ റോബര്‍ട്ട് നന്ദി പറഞ്ഞു. തന്റെ ഗുരുവും ഉപദേശകനും, സഹായിയും ആയിരുന്ന മോണ്‍സിഞ്ഞോര്‍ റേയുടെ അഭാവം വലിയൊരു നഷ്ടമായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഉപദേശം തങ്ങളോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് ക്രിസ്ല്‍ ഗ്ലാഡ്‌സണ്‍, ക്രിസ് കോയില്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഡ്യന്‍ സമൂഹത്തിന്റെ സമ്മാനം ചിന്നമ്മ ക്ലെമന്റും ബെറ്റി ഫ്രാന്‍സീസും ചേര്‍ന്നു നല്‍കി. ബ്രൂക്ക്‌ളിന്‍ ഇന്‍ഡ്യന്‍ ലാറ്റിന്‍ അപ്പോസ്തലേറ്റിന്റെ ബാനറില്‍ നടന്ന സമ്മേളനത്തില്‍ മലയാളി കത്തോലിക്കര്‍ എല്ലാവരും പങ്കെടുത്തു.
ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി
ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി
ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി
ബിഷപ്പ് റെയ്‌മോണ്ട് ചപ്പേറ്റോയ്ക്ക് ഇന്‍ഡ്യന്‍ സമൂഹം യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക