Image

പൈലറ്റ് സമരം: എയര്‍ ഇന്ത്യയുടെ നഷ്ടം 500 കോടിയായി

Published on 20 June, 2012
പൈലറ്റ് സമരം: എയര്‍ ഇന്ത്യയുടെ നഷ്ടം 500 കോടിയായി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയ്ക്ക് പൈലറ്റുമാരുടെ സമരം കൂടുതല്‍ നഷ്ടമുണ്ടാക്കുന്നു. എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാരുടെ സമരം 45 ദിവസം പിന്നിട്ടതോടെ കമ്പനിയുടെ നഷ്ടം 500 കോടിയായി. ഇതോടെ എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് ജൂലായ് 31വരെ തുടരാനും തീരുമാനിച്ചു. പൈലറ്റുമാരുടെ സമരം കാരണം എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം പത്തു കോടിയോളമാണ് നഷ്ടം. ചില സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് കാരണം എയര്‍ ഇന്ത്യയ്ക്ക് മെച്ചവുമുണ്ടായിട്ടുണ്ട്. 

മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യയിലുണ്ടായിരുന്ന പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. സമരത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ നടപ്പാക്കുന്ന അടിയന്തര പദ്ധതിയുടെ ഭാഗമായി വിദേശ സര്‍വീസുകളുടെ സമയക്രമം മാറ്റിയത് തുടരും. സമരം പിന്‍വലിക്കാത്തപക്ഷം ജൂലായ് 31വരെ ഇതേ രീതിയിലായിരിക്കും സമയക്രമം. 

ഇടക്കാല സമയക്രമപ്രകാരം പ്രതിദിനം എയര്‍ ഇന്ത്യ 38 വിദേശ സര്‍വീസുകളാണ് നടത്തുന്നത്. സാധാരണ ഗതിയില്‍ 45 സര്‍വീസുകളാണ് നടത്തേണ്ടത്. സമരം തുടങ്ങിയപ്പോള്‍ എയര്‍ ഇന്ത്യ പുതിയ സമയക്രമം പ്രഖ്യാപിച്ചത് മെയ് 25വരെയായിരുന്നു. പിന്നീടത് ജൂണ്‍ ഒന്നുവരെയും തുടര്‍ന്ന് ജൂണ്‍ 30 വരെയും നീട്ടിയിരുന്നു. 

യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, സിംഗപ്പുര്‍, തായ്‌ലന്‍ഡ്, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സാധാരണ സമയക്രമം പാലിക്കുന്നുണ്ട്. യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെയാണ് സമരം കൂടുതല്‍ ബാധിച്ചത്. ജിദ്ദയിലേക്കും ടോക്യോയിലേക്കുമുള്ള സര്‍വീസുകള്‍ അടുത്തമാസം ആരംഭിക്കും. നിലവില്‍, പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം കാരണം എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. വിമാനങ്ങള്‍ ലഭിക്കുന്ന പക്ഷം ജിദ്ദ സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളെ സമരം ബാധിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക