Image

ഒളിമ്പിക്‌സ് മെഡിക്കല്‍ ടീമില്‍ മലയാളി യുവാവും

Published on 14 July, 2012
ഒളിമ്പിക്‌സ് മെഡിക്കല്‍ ടീമില്‍ മലയാളി യുവാവും
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന് തിരശീല ഉയരുമ്പോള്‍ അവിടുത്തെ മെഡിക്കല്‍ ടീമില്‍ ഫസ്റ്റ് റെസ്‌പോണ്ടറായി ഒരു മലയാളിയുമുണ്ടാകും. പാലാ നീലൂര്‍ സ്വദേശിയും ലിവര്‍പൂളില്‍ സ്റ്റാഫ് നഴ്‌സുമായ ബിനോയിജോര്‍ജ് നടുവത്തൊട്ടാണ് മലയാളികള്‍ക്ക് അഭിമാനമായി ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക സംഘത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

പരിശീലനം പൂര്‍ത്തിയയായ ബിനോയിക്ക് ഒളിമ്പിക്‌സിന് തിരിതെളിയുന്ന ജൂലൈ 27ന് ഒളിമ്പിക് വില്ലേജിലാണ് ആദ്യ ചുമതല. ഇതിനു പുറമേ ഓഗസ്റ്റ് 10 വരെ പത്തു ഷിഫ്റ്റുകളില്‍ കൂടി ബിനോയി പങ്കെടുക്കും. ഒളിമ്പിക്‌സ് നേരില്‍ കാണുന്നതുതന്നെ ഭാഗ്യമായി കരുതുന്നവര്‍ക്കിടയില്‍ ഒളിമ്പിക് സംഘത്തിന്റെ ഭാഗമായാണ് ബിനോയി ശ്രദ്ധേയനാകുന്നത്. നീലൂര്‍ സ്വദേശി വര്‍ക്കി കുര്യന്റെയും റോസമ്മയുടെയും മകനാണ്.

2002 യുകെയിലെത്തി. 2004 മുതല്‍ ലിവര്‍പൂളിലെ ഫ്രെസേനിയസ് മെഡിക്കല്‍ യെകറിലെ ബ്രോഡ്ഗ്രീന്‍ ഡയാലിസിസ് യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഭാര്യ ഷൈനി തോമസ് മുളവരിക്കല്‍. ക്രിസ്റ്റി, ക്ലെയര്‍, സിയാന്‍ എന്നിവരാണ് മക്കള്‍. ഭാര്യയുടെയും മക്കളുടെയും പ്രാര്‍ഥനയാണ് സ്വപ്നസമാനമായ ഈ അവസരം കൈവരാന്‍ കാരണമായതെന്ന് ബിനോയി പറയുന്നു.

അസുലഭ അവസരം ലഭിച്ചതറിഞ്ഞ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഏറെ പ്രോത്സാഹിപ്പിച്ചതായി ബിനോയി ഓര്‍മിക്കുന്നു. വെറുതേ വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ മാത്രമല്ല ബിനോയി ലക്ഷ്യമിടുന്നത്. ഒളിമ്പിക്‌സിനിടെ നാട്ടിലെ കിഡ്‌നി രോഗികള്‍ക്കായി ഒരു ചാരിറ്റി ഫണ്ട് സ്വരുക്കൂട്ടുന്നതും അദ്ദേഹം ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രവര്‍ത്തനം അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.

നീലൂര്‍ സെന്റ് ജോസഫ്‌സ് ഇഎംഎച്ച്എസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിനോയി തന്റെ അധ്യാപകരുടെ അനുഗ്രഹമൂലമാണ് ഇത്തരമൊരു അവസരം ലഭിച്ചതെന്നു വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. ലിവര്‍പൂളിലെ കലാ സാംസ്‌കാരി രംഗങ്ങളിലും ബിനോയി സജീവമാണ്. സിംഫണി മ്യൂസിക് എന്ന പേരില്‍ മ്യൂസിക് ബാന്‍ഡിന് നേതൃത്വം നല്‍കുന്നതും ബിനോയിയാണ്. ബാന്‍ഡിന്റെ ഗ്രാമഫോണ്‍ എന്ന സ്റ്റേജ് ഷോ ഇപ്പോള്‍ യുകെയിലെ നിരവധി സ്റ്റേജുകളില്‍ വിജയകരമായി നടന്നുവരികയാണ്.

അതിനിടെയാണ്, ഒളിമ്പിക്‌സിലും വോളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും ആയുസിലൊരിക്കല്‍ വളരെക്കുറിച്ചു പേര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഈ യുവാവും അദ്ദേഹത്തിന്റെ കുടുംബവും. ഈ മാസം 27ന് ലണ്ടനില്‍ ഒളിമ്പിക്‌സിനു തിരിതെളിയുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ബിനോയിയുടെ നേട്ടവും ഒരു കാരണമാവുകയാണ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക