Image

ദൈവികമായി ഉള്‍ക്കാഴ്‌ചയെ ജ്വലിപ്പിച്ച്‌ രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍

സഖറിയ പുത്തന്‍കളം Published on 17 July, 2012
ദൈവികമായി ഉള്‍ക്കാഴ്‌ചയെ ജ്വലിപ്പിച്ച്‌ രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍
കവന്‍ട്രി : ദൈവികമായ ഉള്‍ക്കാഴ്‌ചയെ ജ്വലിപ്പിച്ച്‌ ആത്മീയമായ അന്ധത നീക്കി പരിശുദ്ധാത്മാവിന്റെ അതിശക്തമായ സാന്നിധ്യത്താല്‍ നിരവധിയായ അഭിഷേകങ്ങളാല്‍ നിറഞ്ഞു തുളുമ്പിയ രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷനില്‍ കവന്‍ട്രിയിലെ സ്‌റ്റോണ്‍ലി പാര്‍ക്ക്‌ വിശ്വാസ സാഗരമായി. രാവിലെ എട്ടിന്‌ ജപമാലയോടാരംഭിച്ച കണ്‍വന്‍ഷനില്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ അതിരാവിലെ തന്നെ സ്‌റ്റോണ്‍ലീ പാര്‍ക്കിലേക്ക്‌ ഒഴുകിയെത്തി.

ദൈവസ്‌നേഹത്തിന്റെ അഗ്‌നിയില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും വചനം പതിയണമെങ്കില്‍ പിതാവായ ദൈവം കനിയണമെന്നും അത്ഭുതങ്ങള്‍ കണ്‌ട്‌ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ സാധിക്കുകയില്ലെന്നും പിതാവിന്റെ അഭിഷേകത്തിനായി പ്രാര്‍ഥിക്കണമെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ വചന സന്ദേശത്തില്‍ പറഞ്ഞു.

വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കാതെ മത്സ്യ, മാംസ ഭക്ഷണങ്ങള്‍ ഭക്ഷിക്കുകയില്ലായെന്ന ഫാ. റെമിജിയൂസിന്റെ വിശ്വസപൂര്‍ണത്യാഗത്തിനൊടുവില്‍ എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കുക മാത്രമല്ല ഫാ. റെമിജിയൂസ്‌ ഇഞ്ചനാനിയിലിനെ താമരശേരി രൂപതാധ്യക്ഷനായി ഉയര്‍ത്തിയെന്നുള്ള ഫാ. സോജി ഓലിക്കലിന്റെ ആമുഖ പ്രഭാഷണം കരഘോഷത്തോടെയാണ്‌ വിശ്വാസ സമൂഹം എതിരേറ്റത്‌.

ആത്മാര്‍ഥമായി അനുതപിച്ച്‌ യേശുവിനെ വിളിച്ചാല്‍ പറുദീസ സ്വന്തമാക്കാമെന്നും ഓരോ വചനം ആവര്‍ത്തിക്കുമ്പോഴും പുതിയ അഭിഷേകം ചൊരിയുമെന്നും ദൈവത്തിന്റെ പദ്ധതി കാണാത്തതാണ്‌ അന്ധതയെന്നും വിശ്വാസത്തിന്റെ കണ്ണ്‌ തുറക്കണമെന്നും അഹങ്കാരം മൂലമാണ്‌ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ട്‌ അഭിഷേകം ലഭിക്കാതെ പോകുന്നതെന്നും മുഖ്യ വചനശുശ്രൂഷകനായ ഫാ. ഡൊമിനിക്ക്‌ വളവനാല്‍ പറഞ്ഞു.

ഒരു ദേശത്ത്‌ ആത്മീയ ശുശ്രൂഷകള്‍ ഉത്ഭവിക്കുമ്പോള്‍ അതിനെ തടസപ്പെടുത്തരുതെന്നും ദിവ്യകാരുണ്യ ഈശോ എഴുന്നെള്ളി പ്രാര്‍ഥിക്കുന്ന ദേശങ്ങളില്‍ പ്രകടമായ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ ഉദഹരണസഹിതം ചൂണ്‌ടിക്കാട്ടി കണ്‍വന്‍ഷന്‌ ചുക്കാന്‍ പിടിക്കുന്ന ഫാ. സോജി ഓലിക്കല്‍ പറഞ്ഞു. കുട്ടികളടക്കം നാലായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ.ജോമോന്‍ തൊമ്മാന പ്രത്യേകമായ ദിവ്യകാരുണ്യ ആരാധന നടത്തി. ഫാ. ജയ്‌സന്‍ കരിപ്പായില്‍, ഫാ. സിറിള്‍ ഇടവന, ഫാ. സജി തോട്ടത്തില്‍, ഫാ. സോണി, ഫാ. ജോയി ആലപ്പാട്ട്‌, ഫാ. പോള്‍, ഫാ. ജോര്‍ജ്‌, ഫാ. രാജേഷ്‌, ഫാ. വര്‍ഗീസ്‌ കോന്തുരുത്തി എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിച്ചു.

നോട്ടിംഗ്‌ഹാമിലെ അരീനയില്‍ നടക്കുന്ന ഓഗസ്റ്റിലെ രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍ നയിക്കുന്നത്‌ ഫാ. മാത്യു നായ്‌ക്കംപറമ്പിലാണ്‌.
ദൈവികമായി ഉള്‍ക്കാഴ്‌ചയെ ജ്വലിപ്പിച്ച്‌ രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക