Image

ബര്‍മിംഗ്‌ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ സ്വീകരണം നല്‍കി

Published on 23 July, 2012
ബര്‍മിംഗ്‌ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ സ്വീകരണം നല്‍കി
വൂസ്റ്റര്‍: വൂസ്റ്റര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പിതാവിന്‌ ബര്‍മിംഗ്‌ഹാം വിമാന താവളത്തില്‍ ചങ്ങനാശേരി രൂപതാംഗങ്ങളും വൈദികരും ചേര്‍ന്നു ഹൃദ്യമായ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ വൈദികരായ ഫാ. ജോസഫ്‌ നരിക്കുഴി, ഫാ. സോജി ഓലിക്കല്‍ എന്നിവരും അല്‍മായ പ്രതിനിധികളായ ജോസ്‌ വര്‍ഗീസ്‌, സീറോ മലബാര്‍ കോ- ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍, ജോഷി നടുത്തുണ്‌ടത്തില്‍, ബിനോയ്‌ സേവ്യര്‍, വിനോദ്‌ ചുങ്കകരോട്ട്‌, ജോബില്‍ ജോസ്‌ എന്നിവര്‍ ചേര്‍ന്നു പിതാവിനെ സ്വീകരിച്ചു.

വൂസ്റ്ററില്‍ നടക്കുന്ന ഭാരതത്തിന്റെ അപ്പോസ്‌തലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും സഹനത്തിന്റെ ദാസി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളിനോടനുബന്ധിച്ചാണ്‌്‌ പിതാവ്‌ എത്തിയത്‌.

ജൂലൈ 26 വരെ വിവിധ വൈദികരുടെ കാര്‍മികത്വത്തില്‍ വൈകുന്നേരം ആറിന്‌ വിശുദ്ധ കുര്‍ബാനയും നോവേനയും നടക്കും. 27ന്‌ ഡെറി രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസഫ്‌ കറുകയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സീറോ മലബാര്‍ സഭയുടെ ആഘോഷമായ തിരുനാള്‍ റാസ നടക്കും. ന്യൂകാസില്‍ രൂപത ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍, സാല്‍ഫോര്‍ഡില്‍ നിന്നുള്ള ഫാ. സോണി കാരുവേലില്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും.

പ്രധാന തിരുനാള്‍ ദിവസമായ 28ന്‌ ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ പള്ളിയങ്കണത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷകളും നടക്കും. തുടര്‍ന്ന്‌ കൊടിതോരണങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്‌ടുള്ള തിരുനാള്‍ പ്രദക്ഷിണം, നൊവേന, ലദീഞ്ഞ്‌, ഊട്ടുനേര്‍ച്ച എന്നിവയും നടക്കും.

ബര്‍മിംഗ്‌ഹാം രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സോജി ഒലിക്കല്‍, ഫാ. ജോസഫ്‌ നരിക്കുഴി എന്നിവരാണ്‌ തിരുനാള്‍ പരിപാടികള്‍ക്ക്‌ ആത്മീയ നേതൃത്വം വഹിക്കുന്നത്‌. മുന്‍കൂട്ടി തെരഞ്ഞെടുക്കപെട്ട പത്തോളം പ്രസുദേന്തിമാരാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

വിശുദ്ധ അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കുന്ന ചടങ്ങു റോമില്‍ നടക്കുന്ന അതേ സമയം തിരുനാള്‍ ആഘോഷിച്ചും വിശുദ്ധയുടെ തിരു സ്വരൂപം അല്‍ത്താര വണക്കത്തിനായി യുകെയില്‍ ആദ്യമായി സ്ഥാപിച്ചും വൂസ്റ്ററിലെ ദേവാലയം ശ്രദ്ധ നേടിയിരുന്നു. വിശുദ്ധ തോമാസ്ലീഹയുടെ തിരുശേഷിപ്പും ഈ ദേവാലയത്തില്‍ സൂഷിച്ചിട്ടുണ്‌ട്‌. അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ ഇവിടെ നടന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്‌ടായിരുന്നു.
ബര്‍മിംഗ്‌ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക