Image

ഖുര്‍ആന്‍ വിളിക്കുന്നത് മാനവിക സ്‌നേഹത്തിലേക്ക്: ഹൈദരലി ശിഹാബ് തങ്ങള്‍

Published on 05 August, 2012
ഖുര്‍ആന്‍ വിളിക്കുന്നത് മാനവിക സ്‌നേഹത്തിലേക്ക്: ഹൈദരലി ശിഹാബ് തങ്ങള്‍
ദുബൈ: വിശുദ്ധ ഖുര്‍ആന്‍ മാനവിക സമൂഹത്തെ വിളിക്കുന്നത് സ്‌നേഹത്തിലേക്കാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന്‍ ആദമിന്റെ സന്തതിയാണെന്ന ബോധ്യത്തോടെ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കഴിയാന്‍ കടപ്പെട്ടവനാണ്. ജാതി, മത, വര്‍ണ, വര്‍ഗ, അധികാര വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം കലാപങ്ങളുണ്ടാക്കരുതെന്ന് ഇസ്ലാം അനുശാസിക്കുന്നു. മനുഷ്യര്‍ ഒരു കുടുംബമാണെന്നാണ് ഖുര്‍ആന്റെ സവിശേഷമായ അധ്യാപനം. മനുഷ്യനെ പരസ്പരം സ്‌നേഹിക്കാനാണ് അത് പഠിപ്പിക്കുന്നത്. വ്യക്തിയില്‍ ഒതുങ്ങേണ്ടവനല്ല മനുഷ്യന്‍. കുടുംബത്തിന്റെയും, വിശാല അര്‍ഥത്തില്‍ സമൂഹത്തിന്റെയും പുരോഗതിക്കായി യത്‌നിക്കാനാവണം. അതിന്റെ സുപ്രധാന മാര്‍ഗമാണ് സംഘാടനം.

ഇസ്ലാമിലെ ആരാധനകല്ലൊം മാനവിക ഐക്യമാണ് ഉദ്‌ബോധിപ്പിക്കുന്നത്. നമസ്‌കാരം, നോമ്പ്, നിര്‍ബന്ധ ദാനം, ഹജ്ജ് തുടങ്ങി എല്ലാറ്റിലും ഇത് വ്യക്തമായി കാണാനാകും. ഒരിക്കലും ഭിന്നിക്കരുത്, ഭിന്നത നാശം വരുത്തുമെന്ന് ഖുര്‍ആന്‍ മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നു. രാജ്യത്തിന്റെ അതിരുകളല്ല, ലോകത്തുടനീളമുള്ള മാനവിക സമൂഹത്തിന്റെ ഐക്യമാണ് അത് വിളംബരം ചെയ്യുന്നത്. ജാതിക്കും വംശത്തിനും അതീതമായി ദൈവ ഭക്തിയാണ് മനുഷ്യന്റെ മഹത്വം നിര്‍ണയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹില്‍ നടന്ന പതിനാറാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് രാജ്യാന്തര പ്രഭാഷണ പരിപാടിയില്‍ ദുബൈ ഗവണ്‍മെന്റിന്റെ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോളി ഖുര്‍ആന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മുഹമ്മദ് ഹംസ ഖുര്‍ആന്‍ പാരായണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഡോ. പി.എ ഇബ്രാഹിം ഹാജി, ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും റഈസ് തലശ്ശേരി നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ വിളിക്കുന്നത് മാനവിക സ്‌നേഹത്തിലേക്ക്: ഹൈദരലി ശിഹാബ് തങ്ങള്‍
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക