Image

"ടെക്‌സ' എയര്‍ ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു

ഷക്കീബ് കൊളക്കാടന്‍ Published on 13 August, 2012
"ടെക്‌സ' എയര്‍ ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു
റിയാദ്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള എയര്‍ഇന്ത്യ അധികൃതരുടെ അവഗണനക്കെതിരെ റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടയ്മയായ "ടെക്‌സ'യുടെ പ്രവര്‍ത്തക സമിതിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പുനരാരംഭിച്ചപ്പോഴും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമൊന്നുമായില്ല. വിഷയം എയര്‍ഇന്ത്യാ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി ടെക്‌സയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം തിരുവന്തപുരം എയര്‍ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് സംഘടനാ പ്രതിനിധികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ടെക്‌സ പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്ന്, വൈസ് പ്രസിഡന്റ് എന്‍.എസ്. ജോയി, ജനറല്‍ സെക്രട്ടറി നൗഷാദ് കിളിമാനൂര്‍, ജോയിന്റ് സെക്രട്ടറി ഹാഷിം കുഞ്ഞാറ്റ, ഫാമിലി വെല്‍ഫെയര്‍ കണ്‍വീനര്‍ നൗഷാദ് തിരുവനന്തപുരം, വനിതാവേദി പ്രസിഡന്റ് റൂബി അനില്‍, വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജനറല്‍ സെക്രട്ടറി ലജാമണി അഹദ് എന്നിവര്‍ക്കൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരെ മാര്‍ച്ചില്‍ അണിനിരത്തും.

ടെക്‌സ പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരുവനന്തപുരത്തേയ്ക്കുള്ള സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിനും റിയാദില്‍ നിന്നും നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കുന്നതിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, വ്യോമയാന മന്ത്രി അജിത് സിംഗ്, ശശി തരൂര്‍ എംപി, എയര്‍ ഇന്ത്യ ഓപ്പറേറ്റിംഗ് മാനേജര്‍ എന്നിവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ നിവാസികളില്‍ നിന്നും ഒപ്പ് ശേഖരിച്ച് നിവേദനം നല്‍കുന്നതിനും തീരുമാനമായി.

യോഗത്തില്‍ ടെക്‌സ മീഡിയ കണ്‍വീനര്‍ കബീര്‍ കണിയാപുരം പ്രതിഷേധക്കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്ന് അധ്യക്ഷത വഹിച്ചു. നൗഷാദ് തിരുവനന്തപുരം, ഹാഷിം കുഞ്ഞാറ്റ, എന്‍.എസ്. ജോയി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് കിളിമാനൂര്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ കല്ലറ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക