മണല്‍ വാരി മണല്‍ വാരിയടിത്തട്ടു താഴുന്നു
മണല്‍ മാറി പാറകള്‍
തെളിയുന്നുണ്ടങ്ങിങ്ങായ്
മണല്പ്പുറ്റിന് തുരുത്തുകള്‍
അങ്ങിങ്ങുയരുന്നു
ഒരിക്കലും വറ്റാത്ത `പമ്പ'യും വറ്റുന്നോ?
കുട്ടനാടു
തൊട്ടങ്ങോട്ടൊട്ടേറെ ജില്ലകള്‍ക്കും
ചൈതന്യ സ്രോതസ്സും
`പമ്പാ'നദിയെന്നുമേ,
പത്തനംതിട്ട, യാലപ്പുഴ യാദിയാം ജില്ലകള്‍-
ക്കത്താണിയും
ജീവനാഡിയും `പമ്പാ'!
സുന്ദരമല, നാഗമല, പുളിച്ചിമല ചേര്‍ന്ന
പമ്പാനദിയും
വരണ്ടുണങ്ങുന്നുവോ?
കുട്ടനാടിന്റെ സൃഷ്ടാവെന്ന ചൊല്കേട്ട
വറ്റാത്ത നദിയെന്ന
പേരുകേട്ടുള്ള നദി,
കുട്ടനാടും താണ്ടി `വേമ്പനാടന്‍'
പൂകാന്‍
`അച്ചന്‍കോവില്‍', `മണിമല'യാറും ചേര്‍ന്നൊഴുകി,
നാടിന്റെ നാരായ
നദിയായ പമ്പയും
വറ്റി വരളുന്നതാം കാഴ്ചയോ ഭീകരം!
ഹോട്ടലുകളൊഴുക്കുന്ന
മാലിന്യവും പേറി
തീര്‍ത്ഥാടകര്‍ ശബരിമല പ്രാന്തത്തിലൊഴുകും
മാലിന്യ മാരക
രോഗാണുക്കളും പേറി
സംഹാര ഭദ്രയാ, യുന്മാദ മൂര്‍ത്തിയായ്
വൈകൃത രൂപിയായ്
മാറുന്ന `പമ്പ'യും!
വള്ളംകളി മറയുന്ന, ബോട്ടോടാന് ജലമില്ല
പമ്പയിന്‍ തീരത്തെ
കുടിനീരിരുറവകളും
വറ്റിവരളുന്നതും ശോചനീയ ദൃശ്യം!
------------------------
എല്‍സി യോഹന്നാന്
ശങ്കരത്തില്‍
Yohannan.elcy@gmail.com