Image

മാധ്യമ രംഗത്തെ വനിതാ മികവിനു പിന്നിലെ തന്ത്രം

Published on 06 October, 2012
മാധ്യമ രംഗത്തെ വനിതാ മികവിനു പിന്നിലെ തന്ത്രം
ന്യൂയോര്‍ക്ക്‌: കാല്‍നൂറ്റാണ്ടിന്റെ ചരിത്രമേ മലയാളം ടെലിവിഷന്‍ രംഗത്തിനുള്ളുവെങ്കിലും പ്രക്ഷേപണ രംഗത്ത്‌ ഒട്ടേറെ വനിതകള്‍ തളിക്കമാര്‍ന്ന പ്രകടനം നടത്തുന്നു. ചടുലമായ സംസാര രീതികൊണ്ടും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ കൊണ്ടും അവര്‍ അഭിമുഖങ്ങളിലും മറ്റും ശ്രദ്ധേയരാകുന്നു. വനിതകള്‍ പൊതുവെ പിന്മാറി നില്‍ക്കുന്ന രാഷ്‌ട്രീയ രംഗത്ത്‌ ചലനമുണ്ടാക്കുന്ന വാര്‍ത്തകളും അഭിമുഖങ്ങളും വഴി അവര്‍ പുരുഷന്മാരെ കടത്തിവെട്ടുന്നു.

ഇതിനു പിന്നില്‍ ഒരു തന്ത്രമുണ്ടെന്ന്‌ മനോരമ ടിവിയുടെ ഷാനി പ്രഭാകരനും, ഇന്ത്യാവിഷന്റെ വീണാ ജോര്‍ജും പറയുന്നു. അഭിമുഖം നടത്തുന്ന നേതാക്കളുമായും വാര്‍ത്തയിലെ വ്യക്തികളുമായുമൊക്കെ പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ ഒരു സൗഹൃദം സൃഷ്‌ടിക്കാന്‍ ശ്രമിക്കാറുണ്ട്‌. അതിനാല്‍ അപ്രിയമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പലപ്പോഴും അവര്‍ വിമുഖത കാട്ടും. എന്നാല്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തയിലെ വ്യക്തികളുമായി, അതു പുരുഷനായാലും സ്‌ത്രീ ആയാലും, അകല്‍ച്ച പാലിക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടുന്നു. തികഞ്ഞ പ്രൊഫഷണലിസം. അതിനാല്‍ ചോദ്യങ്ങള്‍ അപ്രിയമാകുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിവരുന്നില്ല.

പക്ഷെ ചോദിക്കുന്ന ചോദ്യം പ്രസക്തവും
യുക്തിപരവുമല്ലെങ്കില്‍  ചോദ്യ കര്‍ത്താവ്‌ ക്ഷീണിക്കും. അഭിമുഖത്തിനു വരുന്നയാള്‍ പെട്ടെന്നത്‌ തിരിച്ചറിയും. അതിനാല്‍ വ്യക്തമായ പഠനവും ധാരണയും ഉണ്ടായാലേ അഭിമുഖം വിജയിക്കൂ.

യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച അമേരിക്കന്‍ പര്യടനത്തിനെത്തിയ അവര്‍ ക്വീന്‍സില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക സമ്മേളനത്തിലാണ്‌ മനസു തുറന്നത്‌. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മലയാളം എഡിറ്റര്‍ പുന്നൂസ്‌
മാത്തന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ മാധ്യമം ഡപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടയ്‌ക്കല്‍, മംഗളം പത്രം ചീഫ്‌ ന്യൂസ്‌ എഡിറ്റര്‍ (കോഴിക്കോട്‌) ഇ.പി. ഷാജുദ്ദീന്‍, മലയാള മനോരമ ചീഫ്‌ സബ്‌ എഡിറ്റര്‍ മുഹമ്മദ്‌ അനീസ്‌ (കോട്ടയം) എന്നിവരും കോണ്‍സുലേറ്റിലെ പ്രോഗ്രാം ഓഫീസര്‍ ബിജുവും ഉണ്ടായിരുന്നു.

അമേരിക്കയുടെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും മാധ്യമ കേന്ദ്രങ്ങളും മറ്റ്‌ പ്രധാന സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും
ചെയ്ത സംഘം തിരിച്ചുപോകും മുമ്പാണ്‌ അമേരിക്കയിലെ പത്രക്കാരുടെ സ്വീകരണം ഏറ്റുവാങ്ങിയത്‌.

അമേരിക്കയില്‍ പത്രങ്ങള്‍ അനുദിനം തകര്‍ച്ച നേരിടുമ്പോള്‍ കേരളത്തിലെ പത്രങ്ങളുടെ വരിക്കാര്‍ ഗണ്യമായി കൂടുകയാണ്‌. മനോരമ ഇപ്പോള്‍ രണ്ടു മില്യന്‍ കഴിഞ്ഞു. മാതൃഭൂമി 1.7 മില്യനുണ്ട്‌. എല്ലാ പത്രങ്ങളും മുന്നേറുന്നു.

കേരളത്തില്‍ ഈ പ്രതിഭാസം സമീപ ഭാവിയിലെങ്ങും ഇല്ലാതാവാന്‍ പോകുന്നില്ലെന്ന്‌ അവരില്‍ പലരും ചൂണ്ടിക്കാട്ടി. രാവിലെ പത്രം വായിക്കുന്ന ശീലം തലമുറകളിലൂടെ കൈവന്നതാണ്‌. അതു പെട്ടെന്ന്‌ ഇല്ലാതാവുകയില്ല.

അതേസമയംതന്നെ ഇന്റര്‍നെറ്റ്‌ വഴിയുള്ള നവ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും മലയാളം മാധ്യമങ്ങള്‍ മുന്നിലുണ്ട്‌.

ഇന്നിപ്പോള്‍ വാര്‍ത്തകള്‍ നിയന്ത്രിതമാക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ പറ്റില്ല. എതെങ്കിലുമൊക്കെ മാധ്യമം വാര്‍ത്തകള്‍ കൊടുക്കുമെന്നതിനാല്‍ തങ്ങള്‍ക്കിഷ്‌ടമില്ലാത്ത കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇതിനു പുറമെ ടിവിയില്‍ തല്‍സമയം സംഭവങ്ങള്‍ കാണുന്നതിനാല്‍ വാര്‍ത്തയില്‍ ഒളിച്ചുകളികളൊന്നും പറ്റില്ല.

സംഘാംഗങ്ങളാരും തന്നെ നേരത്തെ അമേരിക്കയില്‍ വന്നിട്ടില്ല. തങ്ങളുടെ സങ്കല്‍പ്പത്തിലെ അമേരിക്കയല്ല ഇവിടെ കാണുന്നതെന്നവര്‍ പറഞ്ഞു. വ്യക്തിക്കാണ്‌ ഇവിടെ പ്രധാന്യം കൂടതലെന്ന്‌ ഇബ്രാഹിം കോട്ടയ്‌ക്കല്‍ നിരീക്ഷിച്ചു. യു.എസ്‌ നയങ്ങളും തീരുമാനങ്ങളും എങ്ങനെ ഉരുത്തിരിയുന്നുവെന്നും ഏകദേശമൊരു ധാരണയുണ്ടായി.

വിശാലമായ റോഡും മറ്റും നല്ലതാണെങ്കിലും കേരളത്തില്‍ അതത്ര പ്രായോഗികമല്ലെന്ന്‌ ചിലര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഒഴിപ്പിച്ചിട്ടുവേണം ഏതൊരു വികസനവും വരാന്‍. ഒഴിപ്പിക്കല്‍ സുഖകരമായ കാര്യമല്ല.

പ്രസിഡന്റ്‌ ഒബാമ നിഷ്‌പ്രയാസം ജയിക്കുമെന്ന ധാരണയോടെയാണ്‌ മിക്കവരും എത്തിയത്‌. എന്നാല്‍ ഒരു ഈസി വാക്കോവറൊന്നും ഒബാമയ്‌ക്ക്‌ ലഭിക്കില്ലെന്നാണ്‌ മിക്കവരുടേയും പക്ഷം. കടുത്ത മത്സരമാണ്‌ നടക്കുന്നത്‌.  എങ്കിലും
ഒബാമ  ജയിക്കുമെന്നു തന്നെ കരുതുന്നു.

അമേരിക്കയില്‍ മലയാളം പത്രങ്ങളും മാസികകളും ഏറെയുണ്ടെന്നതില്‍ അവര്‍ അതിശയവും പ്രകിടപ്പിച്ചു. കേരളത്തില്‍ ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം കൂടുമ്പോഴാണിത്‌.

അമേരിക്കയെപ്പറ്റി റിപ്പോര്‍ട്ട്‌ എഴുതുമ്പോഴും ചാനല്‍ പരിപാടികള്‍ നടത്തുമ്പോഴും
ഇനി മുതല്‍ ഒരു വട്ടംകൂടി ആലോചിക്കും- അമേരിക്കന്‍ പര്യടത്തില്‍ ലഭിച്ച ഉള്‍ക്കാഴ്‌ചയെപ്പറ്റി അവര്‍ വിലയിരുത്തി.

പത്തനംതിട്ടയിലെ ചന്ദനപ്പള്ളി സ്വദേശിയാണ്‌ വീണാ ജോര്‍ജ്‌. ഭര്‍ത്താവ്‌ ഡോ. ജോര്‍ജ്‌ ജോസഫ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറിയാണ്‌. ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ്‌ ബിരുദം നേടി കോളജ്‌ അധ്യാപികയായിരുന്നശേഷം ടിവി രംഗത്ത്‌ എത്തി.

കോഴിക്കോട്‌ സ്വദേശിയായ ഷാനി പ്രഭാകരന്‍ കോഴിക്കോട്‌ പ്രസ്‌ ക്ലബില്‍ നിന്ന്‌ ജേര്‍ണലിസം പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമയെടുത്തു. മനോരമ ചാനല്‍ തുടങ്ങിയപ്പോള്‍ ഉദ്‌ഘാടന വാര്‍ത്ത വായിച്ചത്‌ ഷാനിയാണ്‌.

കാല്‍ നൂറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഇബ്രഹാം കോട്ടയ്‌ക്കല്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌.

മംഗളത്തിലും ദീപികയിലുമായി രണ്ടു ദശാബ്‌ദത്തോളം പത്രപ്രവര്‍ത്തന രംഗത്ത്‌ സജീവമാണ്‌ ഷാജുദ്ദീന്‍.

കോഴിക്കോട്‌ സ്വദേശിയായ മുഹമ്മദ്‌ അനീസ്‌ ഒന്നര ദശാബ്‌ദമായി മനോരമയില്‍ പ്രവര്‍ത്തിക്കുന്നു.

മനോരമയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച്‌ ശ്രദ്ധേയനായ പുന്നൂസ്‌ കോട്ടയം പ്രസ്‌ ക്ലബ്‌ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. തുടര്‍ന്നാണ്‌ യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ പബ്ലിക്‌ അഫയേഴ്‌സ്‌ ഡിവിഷനില്‍
ചേര്‍ന്നത്‌.

പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപുറം, സെക്രട്ടറി സജി ഏബ്രഹാം, അഡൈ്വസറി ബോര്‍ഡ് ചെയര്‍ റെജി ജോര്‍ജ്, നിയുക്ത നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, ജെ. മാത്യുസ്, ഡോ. ക്രിഷ്ണ കിഷോര്‍, ജിന്‍സ്‌മോന്‍ സക്കറിയ, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ്, യു.എ. നസീര്‍, കോരസണ്‍ വര്‍ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
മാധ്യമ രംഗത്തെ വനിതാ മികവിനു പിന്നിലെ തന്ത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക