Image

പ്രവാസി വനിതകള്‍ക്ക്‌ 10 പവന്‍ സ്വര്‍ണം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അനുമതി തേടി സംസ്ഥാനം ശിപാര്‍ശ നല്‍കി: മന്ത്രി

Published on 24 November, 2012
പ്രവാസി വനിതകള്‍ക്ക്‌ 10 പവന്‍ സ്വര്‍ണം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അനുമതി തേടി സംസ്ഥാനം ശിപാര്‍ശ നല്‍കി: മന്ത്രി
മസ്‌കറ്റ്‌: പ്രവാസി വനിതകള്‍ക്ക്‌ 10 പവന്‍ സ്വര്‍ണം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‌ ശിപാര്‍ശ നല്‍കിയതായി സംസ്ഥാന സാംസ്‌കാരിക പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ 10 പവനും പുരുഷന്‍മാര്‍ക്ക്‌ അഞ്ച്‌ പവനും നികുതിയില്ലാതെ നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ്‌ ആവശ്യപ്പെട്ടതെന്ന്‌ മസ്‌കറ്റ്‌ ഒ.ഐ.സി.സി. കേന്ദ്രസമിതി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘം കഴിഞ്ഞമാസം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിന്‍െറ ശിപാര്‍ശ ഉടന്‍ പ്രബല്യത്തില്‍ നടപ്പാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ്‌ നാടുകളില്‍ വിവിധ കാരണങ്ങളാല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക്‌ നിയമസഹായം നല്‍കി മോചിപ്പിച്ച്‌ നാട്ടിലെത്തിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന `സ്വപ്‌ന സാഫല്യം' പദ്ധതി എല്ലാ ഗള്‍ഫ്‌ നാടുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനായി രണ്ടു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്‌. ഗുരുതരമല്ലാത്ത കേസുകളില്‍ ഉള്‍പെട്ട്‌ തടവില്‍ കഴിയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക്‌ സഹായം ലഭ്യമാക്കുന്നതിന്‌ `നോര്‍ക്ക' യെ ബന്ധപ്പെടമെന്ന്‌ മന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ വോട്ടവകാശം നടപ്പാക്കാന്‍ നിയമപരമായ പ്രയാസങ്ങളുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ അവസരം ഒരുക്കും. അതിന്‍െറ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ പേര്‍ ചേര്‍ക്കണം. റേഷന്‍ കാര്‍ഡുകള്‍ എല്ലാ പ്രവസികള്‍ക്കും ലഭിക്കും. അതിന്‍െറ നടപടി ക്രമങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലളിതമാക്കിയിട്ടുണ്ട്‌. പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ്‌ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. കേരള സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രവാസി നിയമ സഹായ ഫണ്ട്‌ വിതരണം ചെയ്യുന്നതിന്‌ പ്രയാസങ്ങളുണ്ട്‌. അത്‌ പരിഹരിക്കാന്‍ ജി.സി.സി യില്‍ നോര്‍ക്കയുടെ അഡൈ്വസറി ബോര്‍ഡ്‌ സ്ഥാപിക്കും. ഈ ബോര്‍ഡ്‌ നിയമ സഹായ ഫണ്ട്‌ വിതരണം ചെയ്യാന്‍ ശ്രമിക്കും. പ്രവാസികള്‍ക്കുണ്ടാക്കുന്ന പല പദ്ധതികളും ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. പ്രവാസി ക്ഷേമനിധിയില്‍ മൊത്തം പ്രവസികളുടെ അഞ്ച്‌ ശതമാനം പോലും അംഗത്വമെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി വനിതകള്‍ക്ക്‌ 10 പവന്‍ സ്വര്‍ണം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അനുമതി തേടി സംസ്ഥാനം ശിപാര്‍ശ നല്‍കി: മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക