Image

ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക്‌ വിമാന സര്‍വീസ്‌ വര്‍ധിപ്പിക്കും

Published on 27 November, 2012
ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക്‌ വിമാന സര്‍വീസ്‌ വര്‍ധിപ്പിക്കും
മസ്‌കറ്റ്‌: ഇന്ത്യയിലേക്ക്‌ വിമാന സര്‍വീസ്‌ വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയറും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയും ധാരണയായി. ദല്‍ഹി, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ ഒമാന്‍ എയര്‍ ഇരട്ടി സര്‍വീസുകള്‍ ഇരിട്ടിയാക്കും എന്നാല്‍ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്‌ നിലവിലെ സര്‍വീസുകള്‍ മാത്രം തുടരും. കേരള സെക്ടറില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതല്ല. ഒമാന്‍ എയര്‍ സി.ഇ.ഒ സാലിം ബിന്‍ നാസര്‍ അല്‍ ഔിയും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറി പി. കുമാറും തമ്മിലാണ്‌ ധാരണാ പത്രം ഒപ്പ്‌ വെച്ചത്‌. ഇരു രാജ്യങ്ങളുടെയും വ്യോമയാനവകുപ്പ്‌ പ്രതിനിധികള്‍ തമ്മില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ്‌ ധാരണാ പത്രം ഒപ്പിട്ടത്‌.

ഇന്ത്യയിലേകക്‌ ഒമാന്‍ എയറിന്‍െറ സീറ്റുകളും ഗണ്യമായി വര്‍ധിപ്പിച്ചു. പുതിയ ധാരണപ്രകാരം ആഴ്‌ചയില്‍ 4500 ഓളം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. നേരത്തെ ഒമാന്‍ എയറിന്‌ ആഴ്‌ചയില്‍ 11,550 സീറ്റുകളാണുണ്ടായിരുന്നത്‌. ഇനി ആഴ്‌ചയില്‍ 16,016 സീറ്റുണ്ടാകും. നിലവിലുള്ള ധാരണാപത്രം 1995ലാണ്‌ ഇരുരാജ്യങ്ങളും ഒപ്പിട്ടത്‌. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്‌ ആഴ്‌ചയില്‍ ഏഴ്‌ സര്‍വീസുകളും മുംബൈയിലേക്ക്‌ നിലവിലുള്ള 14 സര്‍വീസും തുടരും.
ദല്‍ഹി, ചെന്നൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേക്ക്‌ ആഴ്‌ചയില്‍ 14 സര്‍വീസുകള്‍ നടത്തും. നേരത്തെ ഈ സെക്ടറില്‍ ആഴ്‌ചയില്‍ ഏഴ്‌ സര്‍വീസുകള്‍ വീതമാണുണ്ടായിരുന്നത്‌. ബാംഗളൂരു, ജയ്‌പൂര്‍ എന്നിവിടങ്ങളിലേക്ക്‌ ആഴ്‌ചയില്‍ ഏഴ്‌ സര്‍വീസുകള്‍ നടത്തും. നേരത്തെ ഈ സെക്ടറില്‍ ആറ്‌ സര്‍വീസാണുണ്ടായിരുന്നത്‌. ഇതോടൊപ്പം ഗോവയിലേക്ക്‌ ഒമാന്‍ എയര്‍ പുതുതായി സര്‍വീസ്‌ ആരംഭിക്കും. ആഴ്‌ചയില്‍ ആറ്‌ സര്‍വീസുകളാണ്‌ ഈ സെക്ടറില്‍ നടത്തുക.

പുതിയ കരാറനുസരിച്ച്‌ ദല്‍ഹി, മുംബൈ, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ ഒമാന്‍ എയര്‍ ആഴ്‌ചയില്‍ 14 സര്‍വീസുകള്‍ നടത്തും. ഈ മേഖലകളിലേക്ക്‌ ദിവസം രണ്ട്‌ വിമാനങ്ങള്‍ പറന്നുയരും. ബാഗളൂരു, കോഴിക്കോട്‌, ജയപൂര്‍, കൊച്ചി, തിരുവനന്തപുരം, ലക്‌നോ എന്നിവിടങ്ങളിലേക്ക്‌ ആഴ്‌ചയില്‍ ഏഴ്‌ സര്‍വീസുകള്‍ വീതം നടത്തും. ഗോവയിലേക്ക്‌ ആഴ്‌ചയില്‍ ആറ്‌ സര്‍വീസുണ്ടാകും.

ധാരണയനുസരിച്ച്‌ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക്‌ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന്‌ മസ്‌കത്ത്‌, സലാല വിമാനത്താവളങ്ങളിലേക്ക്‌ ഇത്രയും സീറ്റുകളില്‍ സര്‍വീസ്‌ നടത്താവുന്നതാണ്‌. പുതിയ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തന മാരംഭിക്കുന്നതോടെ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസുകള്‍ ആരംഭിക്കാനും ധാരണയായി. മറ്റ്‌ വിമാനകമ്പനികളുമായി സഹകരിച്ച്‌ കോഡ്‌ ഷെയറിങിനും തീരുമാനമായി.

ഒമാന്‍ എയറിന്‍െറ പുതിയ ഗോവ സര്‍വീസ്‌ മാര്‍ച്ചോടെ ആരംഭിക്കാനാണ്‌ സാധ്യത. വിമാനങ്ങളുടെ കുറവ്‌ കാരണം ദല്‍ഹി, ഹൈദരാബാദ്‌ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ല. ഏറെ ഗതാഗത തിരക്കുള്ള കേരള സെക്ടറിലേക്ക്‌ ഒമാന്‍എയര്‍ കൂടുതല്‍ സര്‍വീസ്‌ നടത്തുമെന്ന്‌ പ്രതീക്ഷിച്ചരുന്നെങ്കിലും നിലവിലുള്ള സര്‍വീസുകള്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്‌ മലയാളികളെ നിരാശരാക്കി.
ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക്‌ വിമാന സര്‍വീസ്‌ വര്‍ധിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക