Image

കുവൈറ്റില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 01 December, 2012
കുവൈറ്റില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി
കുവൈറ്റ്‌: കുവൈറ്റ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി അന്‍പതു പേരെയാണ്‌ തെരഞ്ഞെടുക്കുക. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും ഇടയിലാണ്‌ തെരഞ്ഞെടുപ്പ്‌. പ്രതിപക്ഷം വോട്ടര്‍മാരെ വിലക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

രണ്‌ടാം മണ്ഡലത്തിലെ സുലൈബികത്‌ ഉള്‍പ്പെടെയുള്ള വിവിധ പോളിംഗ്‌ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ അബ്ദുള്ള മുബാറക്‌ അല്‍ സബഹ്‌ വോട്ടര്‍മാരുടെ സജീവ സാന്നിധ്യത്തില്‍ സംതൃപ്‌തി അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണ ആഹ്വാനവുമായി പ്രതിപക്ഷം നടത്തിയ പ്രകടനം ജനബാഹുല്യം കൊണ്‌ട്‌ ശ്രദ്ധേയമായിരുന്നു.

അതേസമയം തണുപ്പായിട്ടുപോലും വൃദ്ധരടക്കം ഒട്ടേറെ വോട്ടര്‍മാര്‍ പോളിംഗ്‌ ബൂത്തുകളിലെത്തിയിരുന്നു. മൊത്തം നാലു ലക്ഷം വോട്ടര്‍മാരുള്ള കുവൈറ്റില്‍ 2005 ലാണ്‌ വനിതകള്‍ക്ക്‌ വോട്ടവകാശം ലഭിച്ചത്‌. തെരഞ്ഞെടുപ്പു നിരീക്ഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള മാധ്യമ പ്രതിനിധികള്‍ എത്തിയിട്ടുണ്‌ട്‌. ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമ സംഗത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എം.ഡി. നാലപ്പാടും ഉള്‍പ്പെടും.

എന്ത്‌ കാരണത്തിലായാലും തെരഞ്ഞെടുപ്പു ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയയില്‍ ഒരു നല്ല പ്രവണതയല്ലെന്നു നാലപ്പാട്ട്‌ പറഞ്ഞു. പോളിംഗ്‌ കഴിഞ്ഞു മൂന്ന്‌ മണിക്കൂറുകള്‍ക്കകം വോട്ടെണ്ണല്‍ കഴിഞ്ഞ്‌ ഫല പ്രഖ്യാപനം വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക