Image

മൂന്നു പുതുമുഖങ്ങളടക്കം കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

Published on 13 December, 2012
മൂന്നു പുതുമുഖങ്ങളടക്കം കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
കുവൈത്ത്‌ സിറ്റി: രാജ്യത്ത്‌ ഒരു വര്‍ഷത്തിനിടെ നാലാമത്തെ തവണ പുതിയ മന്ത്രിസഭ അധികാരമേറ്റു. ബുധനാഴ്‌ച സീഫ്‌ പാലസില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിന്‌ മുമ്പാകെയാണ്‌ പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിന്‍െറ നേൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലിയത്‌.

ഈ മാസം ഒന്നിന്‌ നടന്ന തെരഞ്ഞെടുപ്പോടെ നിലവില്‍വന്ന പുതിയ പാര്‍ലമെന്‍റ്‌ സമ്മേളനം ഞായറാഴ്‌ച തുടങ്ങുന്നതിന്‍െറ മുന്നോടിയായി അഴിച്ചുപണിത മന്ത്രിസഭയില്‍ പ്രധാനമന്ത്രിയെ കൂടാതെ 15 മന്ത്രിമാരാണുള്ളത്‌. ഇതില്‍ രണ്ടു വനിതകളടക്കം അഞ്ചു പേര്‍ പുതുമുഖങ്ങളാണ്‌. മുന്‍ എം.പി കൂടിയായ ഡോ. റോള അല്‍ ദശ്‌തിയും ദിക്‌റ ആഇദ്‌ അല്‍ റശീദിയുമാണ്‌ മന്ത്രിസഭയില്‍ ഇടംപിടിച്ച വനിതകള്‍. റാളക്ക്‌ ആസൂത്രണവികസന കാര്യ, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളും ദിക്‌റക്ക്‌ തൊഴില്‍സാമൂഹിക കാര്യ വകുപ്പുമാണ്‌ ലഭിച്ചത്‌.

ശൈഖ്‌ സല്‍മാന്‍ സാലിം അല്‍ ഹമൂദ്‌ അസ്വബാഹും ശരീദ അബ്ദുല്ല അല്‍ മഊശര്‍ജിയും ഡോ. മുഹമ്മദ്‌ ബര്‍റാക്‌ അല്‍ ഹൈഫിയുമാണ്‌ മന്ത്രിസഭയിലെ മറ്റു പുതുമുഖങ്ങള്‍. ശൈഖ്‌ സല്‍മാന്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പും അല്‍ മഊശര്‍ജിക്ക്‌ നിതീന്യായ, ഓൗഖാഫ്‌ഇസ്ലാമിക കാര്യ വകുപ്പുകളും, അല്‍ ഹൈഫിക്ക്‌ ആരോഗ്യ വകുപ്പുമാണ്‌ ലഭിച്ചത്‌. പ്രതിപക്ഷത്തിന്‌ ഭൂരിപക്ഷമുണ്ടായിരുന്ന മുന്‍ പാര്‍ലമെന്‍റില്‍ കുറ്റവിചാരണക്ക്‌ വിധേയനായി രാജിവെക്കേണ്ടവന്ന ധനമന്ത്രി മുസ്‌തഫ ജാസിം അല്‍ ശിമാലിയുടെ തിരിച്ചുവരവാണ്‌ ശ്രദ്ധേയം.

വാണിജ്യവ്യവസായ മന്ത്രി അനസ്‌ ഖാലിദ്‌ അല്‍ സാലിഹ്‌, കമ്യൂണിക്കേഷന്‍ മന്ത്രി സാലിം മുതീബ്‌ അല്‍ ഉതൈന, വിദ്യാഭ്യാസ മന്ത്രി ഡോ. നാഇഫ്‌ ഫലഹ്‌ അല്‍ ഹജ്‌റഫ്‌, എണ്ണ മന്ത്രി ഹാനി അബ്ദുല്‍ അസീസ്‌ ഹുസൈന്‍ എന്നിവര്‍ക്കും മാറ്റമൊന്നുമില്ല.

മന്ത്രിസഭ

പ്രധാനമന്ത്രി: ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌
ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി: ശൈഖ്‌ അഹ്മദ്‌ അല്‍ ഹമൂദ്‌ അല്‍ ജാബിര്‍ അസ്വബാഹ്‌
ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി: ശൈഖ്‌ അഹ്മദ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹ്‌
ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ക്യാബിനറ്റ്‌ കാര്യമന്ത്രി: ശൈഖ്‌ സ്വബാഹ്‌ അല്‍ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹ്‌
ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രി: മുസ്‌തഫാ ജാസിം അല്‍ ശിമാലി
വാണിജ്യവ്യവസായ മന്ത്രി: അനസ്‌ ഖാലിദ്‌ അല്‍ സാലിഹ്‌
തൊഴില്‍സാമൂഹിക കാര്യ മന്ത്രി: ദിക്‌റ ആഇദ്‌ അല്‍ റശീദി
ആസൂത്രണവികസന കാര്യ മന്ത്രി, പാര്‍ലമെന്‍ററി കാര്യ മന്ത്രി: ഡോ. റോള അല്‍ ദശ്‌തി
കമ്യൂണിക്കേഷന്‍ മന്ത്രി, ഭവനകാര്യ മന്ത്രി: സാലിം മുതീബ്‌ അല്‍ ഉതൈന
ഇന്‍ഫര്‍മേഷന്‍ മന്ത്രി: ശൈഖ്‌ സല്‍മാന്‍ സാലിം അല്‍ ഹമൂദ്‌ അസ്വബാഹ്‌
നിതീന്യായ മന്ത്രി, ഓൗഖാഫ്‌ഇസ്ലാമിക കാര്യ മന്ത്രി: ശരീദ അബ്ദുല്ല അല്‍ മഊശര്‍ജി
ജലവൈദ്യുതി മന്ത്രി, പൊതുമരാമത്ത്‌ മന്ത്രി: അബ്ദുല്‍ അസീസ്‌ അബ്ദുല്ലത്തീഫ്‌ അല്‍ ഇബ്രാഹീം
കാബിനറ്റ്‌ കാര്യ മന്ത്രി, മുനിസിപ്പല്‍ കാര്യ മന്ത്രി: ശൈഖ്‌ മുഹമ്മദ്‌ അബ്ദുല്ല അല്‍ മുബാറക്‌ അസ്വബാഹ്‌
ആരോഗ്യ മന്ത്രി: മുഹമ്മദ്‌ ബര്‍റാക്‌ അല്‍ ഹൈഫി
വിദ്യാഭ്യാസ മന്ത്രി: ഡോ. നാഇഫ്‌ ഫലഹ്‌ അല്‍ ഹജ്‌റഫ്‌
എണ്ണ മന്ത്രി: ഹാനി അബ്ദുല്‍ അസീസ്‌ ഹുസൈന്‍.
മൂന്നു പുതുമുഖങ്ങളടക്കം കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക