Image

കമ്യൂണിസം വെറുമൊരു പാര്‍ട്ടിയോ തിരഞ്ഞെടുപ്പുകളോ ഒന്നുമല്ല, മനുഷ്യത്വമാണ്; മനുഷ്യത്വം

Published on 15 December, 2012
കമ്യൂണിസം വെറുമൊരു പാര്‍ട്ടിയോ തിരഞ്ഞെടുപ്പുകളോ ഒന്നുമല്ല, മനുഷ്യത്വമാണ്; മനുഷ്യത്വം
(ഇന്നസെന്റിന്റെ ആത്മകഥയില്‍ നിന്നും)

ഇരിങ്ങാലക്കുടയ്ക്ക് തൊട്ടടുത്ത സ്ഥലത്ത് ഒരു പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ ഒരു കേസുണ്ടായി. അപ്പോള്‍ പാര്‍ട്ടി കെ.വ
ി.കെ.വാരിയരോട് പറഞ്ഞു: താങ്കള്‍ ഈ കേസില്‍ ഒളിവില്‍ പോവണം.
പ്രതിയാവാത്ത താന്‍ എന്ത
ിനാണ് ഒളിവില്‍ പോകുന്നത് എന്ന് വാരിയര്‍ക്കു മനസ്സിലായില്ല.
അദ്ദേഹം അത് പാര്‍ട്ടിയോട് ചോദിച്ചു. അപ്പോള്‍ പാര്‍ട്ടിപറഞ്ഞു:
താങ്കള്‍ പോയില്ലെങ്കില്‍ മറ്റുപലരുംപോകേണ്ടിവരും. അവരെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഇവിടെ ആവശ്യമുണ്ട്.
അദ്ദേഹം ഒളിവില്‍പോകാന്‍ തീരുമാനിച്ചു.
ചാലക്കുടിക്കടുത്തുള്ള കനകമലയുടെ താഴ്‌വരയിലെവിടെയോ ആയിരുന്നു ഒളിത്താവളം പാര്‍ട്ടി അനുഭാവിയായ ഒരു ട്യൂട്ടോറിയല്‍ മാഷായിരുന്നു വഴികാട്ടി.
ഇരുട്ടില്‍, അപരിചിതമായ വഴിയിലൂടെ അവര്‍ അധികം സംസാരിക്കാതെ നടന്നു.രാവിലെമുതല്‍ ആ സമയംവരെ ഒരു കട്ടന്‍ചായ മാത്രമായിരുന്നു വാരിയര്‍ കുടിച്ചിരുന്നത്. വിശപ്പ് സിരകളില്‍ മുഴുവന്‍ പടര്‍ന്നു.

എട്ടുകിലോമീറ്ററോളം നടന്ന് രാത്രി പതിനൊന്ന്മണിയോടെ അവര്‍ കൂരയ്ക്കു മുന്നിലെത്തി.
ചെങ്കല്ലുകൊണ്ട് ചുമരുതീര്‍ത്ത ആ വീട് ഓലമേഞ്ഞതായിരുന്നു. മാഷ് മൂന്നുതവണ മുട്ടിയപ്പോള്‍ തീര്‍ത്തും ദുര്‍ബലമായ വാതില്‍ തുറന്ന് മുണ്ടും ബ്ലൗസും ധരിച്ച ഒരു സ്ത്രീ പുറത്തുവന്നു. ഒറ്റമുറി മാത്രമേ ആ വീടിനുണ്ടായിരുന്നുള്ളൂ. മണ്ണെണ്ണവിളക്കിന്റെയും ചെങ്കല്ലിന്റെയും നിറം കലര്‍ന്ന ആ മുറിയില്‍ ഒരു പ്ലേറ്റ് വെളുത്ത പിഞ്ഞാണംകൊണ്ട് അടച്ചുവെച്ചിട്ടുണ്ട്. അടുത്ത് ഒരുഗ്ലാസ്‌വെള്ളവും. അഞ്ചുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ചുമരിനോട് ചേര്‍ന്ന് പാതി ഉറക്കത്തിലാണ്ട് കിടക്കുന്നു. ഒരുവെളുത്ത വിരിപ്പില്‍ മുലകുടിമാറാത്ത ഒരുകുട്ടിയുമുണ്ട്.
വാരിയരെ വീട്ടിലാക്കി രാവിലെവരാം എന്നുപറഞ്ഞ് മാഷ് പോയി. അവിടെ ആ സ്ത്രീയും വാരിയരും കുട്ടികളും മാത്രമായി.
വെളുത്ത് സുമുഖനായ വാരിയരെ ആദ്യം ആ സ്ത്രീ തമ്പുരാനേ എന്നാണ് വിളിച്ചത്. വാരിയര്‍ അത് കര്‍ശനമായി തിരുത്തി സഖാവേ എന്നു വിളിക്കാന്‍ പറഞ്ഞു. സ്ത്രീ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. വിശന്നുതളര്‍ന്ന
വാരിയര്‍ വേഗം കൈകഴുകി ഇരുന്നു. പിഞ്ഞാണമൂടി മാറ്റുമ്പോള്‍ വാരിയര്‍ സ്ത്രീയോട് ചോദിച്ചു:
'നിങ്ങള്‍ കഴിച്ചോ?'
സ്ത്രീ ഒന്നും മിണ്ടിയില്ല. പന്തികേട് തോന്നിയപ്പോള്‍ വാരിയര്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പാതിമയക്കത്തില്‍ കിടന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു:
'മാമന്‍ കഴിച്ചിട്ട് ബാക്കിയുള്ളത് കഴിക്കാം എന്ന് അമ്മപറഞ്ഞു.'
അത്‌കേട്ടതും വാരിയരുടെ ഉള്ളില്‍ ഒരു സേ്ഫാടനം നടന്നു. കത്തിപ്പടര്‍ന്ന വിശപ്പ് കെട്ടടങ്ങിയതുപോലെ, കണ്ണ് നിറഞ്ഞു. അത് പുറത്തുകാണിക്കാതെ അദ്ദേഹം പറഞ്ഞു:
'പലസ്ഥലങ്ങളിലും പാര്‍ട്ടിക്ലാസുകള്‍ കഴിഞ്ഞാണ് ഞാന്‍ വരുന്നത്. എല്ലാസ്ഥലത്തുനിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ എനിക്ക് വിശപ്പില്ലായിരുന്നു. നിങ്ങള്‍ കാത്തുവെച്ച ഭക്ഷണം കളയേണ്ട എന്നുകരുതി ഇരുന്നതാണ്.
അതുപറഞ്ഞ് മുറിയുടെ ഒരു മൂലയ്ക്ക് വിരിച്ചിരുന്ന ഒരു പായയില്‍ അദ്ദേഹം ചെന്നുകിടന്നു. കെട്ടടങ്ങിയ വിശപ്പ് സങ്കടത്തില്‍ കുളിച്ച് തിരിച്ചുവന്നു. ആ വിശപ്പിനെ അദ്ദേഹം എങ്ങോട്ടോ പറഞ്ഞയച്ചു. ഈ വിട്ടില്‍ നിന്നിട്ടുകാര്യമില്ല. വേദന പിന്നീട് തളര്‍ച്ചയായി. അങ്ങനെയങ്ങനെ വാരിയര്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹം ഉണര്‍ന്നു. തലേന്ന് ഇരുന്നിരുന്ന അതേ സ്ഥലത്ത് ചുമരുചാരിയിരുന്ന് ആ സ്ത്രീ ഉറങ്ങുന്നു. പെണ്‍കുട്ടി തൊട്ടപ്പുറത്തു കിടക്കുന്നു, മാറത്ത് മുലകുടി മാറാത്ത കുട്ടിയും. അടച്ചുവെച്ച പിഞ്ഞാണം അതേപോലിരിക്കുന്നു. അതിനുചുറ്റും കറുത്ത ഉറുമ്പുകള്‍ നിറഞ്ഞിരിക്കുന്നു.
വാരിയര്‍ ആ സ്ത്രീയെ വിളിച്ചുണര്‍ത്തി. എന്നിട്ടു ചോദിച്ചു:
'നിങ്ങള്‍ ഈ ഭക്ഷണം കഴിച്ചില്ലേ? ഞാന്‍ പറഞ്ഞതല്ലേ?'
അപ്പോഴും ആ സ്ത്രീ ഒന്നും മിണ്ടിയില്ല. വീണ്ടുംചോദിച്ചപ്പോള്‍ പറഞ്ഞു:
'രാത്രിയെങ്ങാനും സഖാവിന് വീണ്ടും വിശന്നാലോ എന്നുകരുതി വെച്ചതാ. ഇവിടെ ഇതേ ഭക്ഷണമുള്ളൂ:'
അതുകൂടി കേട്ടപ്പോള്‍ വാരിയരുടെ ശരീരമാകെ വിയര്‍ത്തുകുളിച്ചു. ഉറക്കെ കരയണം എന്നുതോന്നി. അദ്ദേഹം വാതില്‍ തുറന്ന് പുറത്തെ ഇരുട്ടില്‍ ചെന്നുനിന്നു..നെഞ്ചില്‍ കരച്ചില്‍കിടന്ന് കിതയ്ക്കുകയാണ്.
അല്പംകഴിഞ്ഞപ്പോള്‍ മാഷ് വന്നു. വാരിയര്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങി. വീട്ടില്‍നിന്നും ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന് ആ സ്ത്രീയുടെ മുഖത്തേക്കുനോക്കാന്‍ സാധിച്ചില്ല.
പ്രഭാതത്തിന്റെ നേര്‍ത്ത പ്രകാശത്തില്‍ അവര്‍ മിണ്ടാതെ നടന്നു.
'എന്താ ഭയം തോന്നുന്നുണ്ടോ?'
മാഷ് ചോദിച്ചു.
അദ്ദേഹം ഒന്നും പറഞ്ഞില്ല.
'ഞങ്ങള്‍ക്കൊക്കെ ധൈര്യം തരുന്ന കെ.വി.കെ. പതറുകയാണോ?' മാഷ് ചോദിച്ചു.
അതുകേട്ടതും കെ.വി.കെ. പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. ഒരുമരത്തില്‍ മുഖം ചേര്‍ത്ത് ചങ്കുകീറിക്കരഞ്ഞു. മാഷിന് ഒന്നും മനസ്സിലായില്ല. കുറച്ചുകഴിഞ്ഞ് കരച്ചില്‍ ഒരു കിതപ്പിന് വഴിമാറിയപ്പോള്‍ വാരിയര്‍ നടന്നതെല്ലാം മാഷിനോട് പറഞ്ഞു. കനകമലത്താഴ്‌വരയിലെ തണുത്ത പ്രഭാതം ഒരിലപോലും പൊഴിക്കാതെ അത് കേട്ടുനിന്നു. പറഞ്ഞുതീര്‍ന്ന് വാരിയര്‍ ചോദിച്ചു:
'നമ്മള്‍പോന്ന ആ കുടിലിലെ കുട്ടികളെ പട്ടിണിക്കിട്ട് വളര്‍ത്തുന്ന കമ്യൂണിസം നമുക്കുവേണോ മാഷേ? കാര്യം എനിക്ക് കുട്ടികളില്ല, പക്ഷേ, എനിക്ക് വിശപ്പറിയാം'
അപ്പോള്‍ മാഷ് പറഞ്ഞു: കെ.വി.കെ., ആ കുട്ടികള്‍ ഒരുപക്ഷേ, ഇന്ന് പട്ടിണികിടന്നു മരിച്ചേക്കാം. എന്നാല്‍ ഇതുപോലുള്ള എത്രയോ കുട്ടികള്‍ക്കും ദരിദ്രര്‍ക്കുംവേണ്ടിയാണ് നമ്മള്‍ പൊരുതുന്നത്. ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്ന കെ.വി.കെ.യ്ക്ക് അതറിയില്ലേ?'
കമ്യൂണിസം കലക്കിക്കുടിച്ച കെ.വി.കെ.യ്ക്ക് പക്ഷേ, അത് മനസ്സിലായില്ല. അദ്ദേഹം നനഞ്ഞ കണ്ണുകളോടെ മിഴിയടച്ചുനിന്നപ്പോള്‍, വിരിഞ്ഞുവരുന്ന ചുകന്ന പ്രഭാതത്തെ നോക്കി മാഷ് മുഷ്ടിചുരുട്ടി വിളിച്ചു:
'ഇങ്ക്വിലാബ്'.
അതുകേട്ട് കണ്ണുതുറന്ന കെ.വി.കെ. ഒരു നിമിഷത്തെ മൗനത്തിനുശേഷം കൈയുയര്‍ത്തി വിറയ്ക്കുന്ന സ്വരത്തില്‍ വിളിച്ചു:
'സിന്ദാബാദ്.'

അപ്പന്‍ പറഞ്ഞു:
'എന്തിനാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത് എന്നെനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: അത്തരം കമ്യൂണിസ്റ്റുകാരെയും അദ്ദേഹം അന്നുപറഞ്ഞ ആ അനുഭവത്തിലേതുപോലുള്ള മനുഷ്യരെയും നിന്റെ വഴിയില്‍ നീ കണ്ടെന്നുവരില്ല. കമ്യൂണിസം വെറുമൊരു പാര്‍ട്ടിയോ തിരഞ്ഞെടുപ്പുകളോ മുദ്രാവാക്യം വിളികളോ അധികാരമത്സരങ്ങളോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വമാണ്; മനുഷ്യത്വം മാത്രമാണ് . മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്‌സിസം.'
ഇന്ഖിലാബ് സിന്ദാബാദ് ..!!
Facebook
Join WhatsApp News
Thakidiyil John Varghese 2013-04-26 13:02:17

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക