Image

നടുക്കടലില്‍ കടുവയുമൊത്ത്‌: ലൈഫ്‌ ഓഫ്‌ പൈ

ജോര്‍ജ്‌ മുകളേല്‍, ഫ്‌ളോറിഡ Published on 30 December, 2012
നടുക്കടലില്‍ കടുവയുമൊത്ത്‌: ലൈഫ്‌ ഓഫ്‌ പൈ
കപ്പല്‍ തകര്‍ന്ന്‌ നടുക്കടലില്‍ തനിയെ കടുവയുമൊത്തൊരു ബോട്ടില്‍ 227 ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ പൈ പട്ടേലിന്റെ കഥയാണ്‌ ആങ്‌ ലീ എന്ന സുപ്രസിദ്ധ ഹോളിവുഡ്‌ സംവിധായകന്‍ `ലൈഫ്‌ ഒഫ്‌ പൈ' എന്ന തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്‌ 120 മില്ല്യണ്‍ ഡോളര്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമ, ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കുന്നില്ലെങ്കിലും അടുത്ത ഓസ്‌കാ!റിന്‌ കുറഞ്ഞത്‌ പത്ത്‌ നോമിനേഷനെങ്കിലും വാരികൂട്ടുമെന്ന്‌ നിരൂപകര്‍ കരുതുന്നു.

തായ്‌വാനില്‍ ജനിച്ചു വളര്‍ന്ന്‌, അമേരിക്കയില്‍ ഫിലിം പ്രൊഡക്ഷന്‍ പഠിച്ച്‌, ഹോളിവുഡില്‍ വിജയക്കൊടി പറപ്പിക്കാന്‍ കഴിഞ്ഞ 'വിദേശി'യായ ആങ്‌ ലീ, താന്‍ നിര്‍മിച്ച അനേകം ഹോളിവുഡ്‌ ചിത്രങ്ങളുടെകൂടെ, ഇന്ത്യന്‍ പശ്ചാത്തലവും അഭിനയക്കാരുമായി, വ്യതിരിക്തത നിറഞ്ഞ അവതരണ ശൈലിയുമായി, ലോക ചലച്ചിത്രവേദി പങ്കിടുകയാണ്‌. അനേകം മൂലകങ്ങള്‍ കൂട്ടി മെനഞ്ഞെടുത്ത്‌ സൃഷ്ടിച്ചതാണ്‌ 'ലൈഫ്‌ ഓഫ്‌ പൈ'. ഈസോപ്പിയന്‍ കഥാതന്തുക്കള്‍,പാശ്ചാത്യ പൗരസ്‌ത്യ സങ്കല്‍പ്പങ്ങള്‍, ജനറേഷന്‍ഗ്യാപ്പ്‌ എന്ന വൈരുദ്ധ്യാന്മകത, തുടങ്ങി പല സങ്കരഘടകങ്ങള്‍ ഈ ചിത്രത്തെ വ്യത്യസ്‌തതയുള്ള ചലച്ചിത്രമാക്കുന്നു.

പൈയുടെ ഓര്‍മകളില്‍നിന്നും പോണ്ടിച്ചേരിയില്‍ ആരംഭിക്കുന്ന കഥ അവസാനം വന്നെത്തി നില്‍ക്കുന്നത്‌ കാനാഡയില്‍. പോണ്ടിച്ചേരിയുടേയും മൂന്നാറിന്റേയും പ്രകൃതിഭംഗി ചിത്രത്തില്‍ ഒപ്പി എടുത്തിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളെല്ലാം നവാഗതര്‍. ഹൈ ടെക്‌നിക്കല്‍ ഇഫക്ടും സിനിമറ്റോഗ്രാഫിയുടെ ഉയര്‍ന്ന നിലവാരവും മറ്റ്‌ സാങ്കേതിക മികവും ഈ സിനിമയെ മറ്റുള്ള സിനിമയില്‍നിന്നും വേര്‍തിരിക്കുന്നുണ്ട്‌. അടുത്തകാലത്തിറങ്ങിയ മറ്റ്‌ പല ഹോളിവുഡ്‌ സിനിമയേക്കാള്‍ മേന്മ ഈ സിനിമക്കുള്ളതിനാല്‍ ഭൂരിപക്ഷം നിരൂപകരും ഉയര്‍ന്ന റേറ്റിങ്ങാണ്‌ നല്‍കിയിരിക്കുന്നത്‌.

2900 ലധികം തിയേറ്ററുകളിലായി ഓടുന്ന ഈ ത്രീഡി സിനിമ, യാന്‍ മാര്‍ഷേലിന്‌ 2002 ല്‍ ബുക്കര്‍ പുരസ്‌കാരം നേടികൊടുത്ത `ലൈഫ്‌ ഓഫ്‌ പൈ' എന്ന നോവലിനെ ആധാരമാക്കിയാണ്‌. ഡേവിഡ്‌ മഗീ (ഫൈന്‍ഡിങ്ങ്‌ നെവര്‍ലാണ്ട്‌) തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമ തുടങ്ങുന്നത്‌ ബോംബേ ജയശ്രീ പാടിയ തമിള്‍ താരാട്ട്‌പാട്ടോടെയാണ്‌ (ഒരു ഹോളിവുഡ്‌ സിനിമയില്‍ ആദ്യമായാണ്‌ തമിള്‍ പാട്ടും തമിള്‍മലയാളം സംഭാഷണങ്ങളും കേള്‍ക്കുന്നത്‌!). ഒരു കനേഡിയന്‍ എഴുത്തുകാരന്‍ (റാഫേ സ്‌പാല്‍) കാനഡായിലുള്ള പൈയുടെ ഇപ്പോഴുള്ള വീട്ടിലെത്തി പൈയുടെ ജീവിതകഥ കേള്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നതോടെയാണ്‌ സിനിമയുടെ ആരംഭം. മൃഗങ്ങളില്‍ ദൈവത്തേയും ആന്മാവിനേയും കാണുന്ന പൈയുടെ കഥ എഴുത്തുകാരന്‌ കേള്‍ക്കാന്‍ താല്‍പ്പര്യം, എഴുത്തുകാരനായ തനിക്കും ദൈവത്തോടുള്ള വിശ്വാസം വര്‍ദ്ധിക്കുമെന്ന്‌ കരുതിയാണത്രേ!

കഥാനായകനായ പിസിന്‍ മോളിറ്റര്‍ പട്ടേല്‍ (പൈ പട്ടേലിന്റെ ശരിയായ പേര്‍) ജനിച്ചതും വളരുന്നതും ഫ്രഞ്ച്‌ പ്രദേശമായ പോണ്ടിച്ചേരിയിലാണ്‌. മുത്തഛന്റെ നീന്തല്‍കുളത്തിന്റെ പേരാണ്‌ തനിക്ക്‌ തന്റെ അഛന്‍ നല്‍കിയത്‌. സഹപാഠികളുടെ 'പിസ്സിങ്ങ്‌ പട്ടേല്‍' എന്ന കളിയാക്കിയുള്ള വിളിയില്‍നിന്ന്‌ രക്ഷപെടാനായി ആ പേര്‌ ക്രമേണ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ മാറ്റി, ഗ്രീക്ക്‌ അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ 'പൈ' എന്ന അപരനാമം സ്വീകരിക്കുന്നു. പൈയുടെ പോണ്ടിച്ചേരിയിലെ ജീവിതവും അവിടുത്തെ പ്രകൃതിഭംഗിയും ക്ലോഡിയോ മിറാണ്ഡ (സിനിമറ്റോഗ്രാഫര്‍) തന്റെ ക്യാമറായില്‍ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

1970 കളില്‍ പോണ്ടിച്ചേരിയില്‍ ജീവിച്ചിരുന്ന പൈക്ക്‌ പെട്ടെന്ന്‌ എല്ലാം ഉപേക്ഷിച്ച്‌ ഇന്ത്യയില്‍നിന്നും സ്വന്തം അഛനോടും(അദില്‍ ഹുസ്സൈന്‍) അമ്മയോടും (തബു) മൂത്തസഹോദരനോടുമൊപ്പം കാനഡായിലേക്ക്‌ കുടിയേറിപ്പാര്‍ക്കേണ്ടി വരുന്നു. അഛന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൃഗശാലയിലെ മൃഗങ്ങളേയും കാനഡായിലേക്ക്‌ കപ്പലില്‍ കൊണ്ടുപോവുകയാണ്‌.

കപ്പലില്‍ യാത്ര ചെയ്‌തിരുന്ന ഇവരുടെ എല്ലാം കടലിലുണ്ടായ കൊടുങ്കാറ്റില്‍പ്പെട്ട്‌ നഷ്ടപ്പെടുന്നു. അവസാനം പൈയും 'റിച്ചാര്‍ഡ്‌ പാര്‍ക്കര്‍' എന്ന കടുവായും മാത്രം ഒരു ബോട്ടില്‍, കടലിന്റെ നടുവില്‍, ജീവിതത്തിനും മരണത്തിനുമിടക്ക്‌, സര്‍വ ദൈവങ്ങളേയും സാക്ഷിയാക്കി അനേകനാള്‍ കഴിച്ചുകൂട്ടുന്നു. റിച്ചാര്‍ഡ്‌ പാര്‍ക്കറെ കൊല്ലാന്‍ പല പ്രാവശ്യവും പൈ തുനിഞ്ഞതാണെങ്കിലും ആ മൃഗത്തില്‍ ദൈവികത്വം ദര്‍ശിച്ച്‌ അവനെ ജീവിക്കാന്‍ അനുവദിക്കുന്നു. വന്യജീവിയായ റിച്ചാര്‍ഡ്‌ പാര്‍ക്കറെ അവസാനം പൈ മെരുക്കി എടുക്കുന്നതില്‍ വിജയിക്കുന്നുണ്ട്‌. ജീവിക്കാനുള്ള ഇരുവരുടേയും മല്‍സരത്തിനിടയില്‍ പരസ്‌പരം കൈവരിക്കുന്ന സ്‌നേഹവും വിശ്വാസവും പ്രതീക്ഷയും ഈ കഥയെ മനോഹരമായ ഒരു ദൃശ്യാവിഷക്കാരമായി രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ സംവിധായകനായ ആങ്‌ ലീയും പിന്നണി പ്രവര്‍ത്തകരും ഇന്ത്യന്‍ തത്ത്വചിന്തയില്‍ അധിഷ്ടിതമായ വ്യാഖ്യാനത്തിലൂടെ പാശ്ചാത്യലോകത്തിനുവേണ്ടി ഒരു സിനിമയാക്കി മാറ്റുന്നു.

കൗമാരക്കാരനായ പൈയുടെ ഉള്‍ക്കാഴ്‌ചകളേയും ആന്തരിക വിഹ്വലതകളേയും പ്രേക്ഷകരുടെ ആകാംക്ഷക്ക്‌ വിള്ളലേല്‍പ്പിക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ആങ്‌ ലീയുടേയും, സൂരജ്‌ ശര്‍മയുടേയും വിജയം. പൈയുടെ വിവിധ പ്രായത്തെ പ്രതിനിധീകരിക്കുവാന്‍ മൂന്ന്‌ പേരാണ്‌ വേഷമിടുന്നത്‌. ചെറിയ കുട്ടിയായി ആയുഷ്‌ ടാണ്ടനും, കൗമാരപ്രായക്കാരനായി സൂരജ്‌ ശര്‍മയും, മദ്ധ്യവയസ്‌കനായി ഇര്‍ഫാന്‍ ഖാനും വേഷമിടുന്നു.

റിച്ചാര്‍ഡ്‌ പാര്‍ക്കര്‍ എന്ന ടൈഗറിന്റെകൂടെയുള്ള ജീവിതം ഒറ്റക്ക്‌ നേരിടേണ്ടി വരുന്നത്‌ കടലിന്റെ നടുവിലാണ്‌. പൈ നേരിടുന്ന വെല്ലുവിളി, നിസ്സഹായവസ്ഥ, സാഹസികത എന്നിവയെല്ലാം സൂരജ്‌ ശര്‍മ ഭംഗിയായി കൈകാര്യം ചെയ്‌തു.

72 അടി നീളമുള്ള ഒരു ലൈഫ്‌ ബോട്ടിന്റെ ഇങ്ങേതലക്കല്‍ കടുവയും അങ്ങേതലക്കല്‍ പൈയും മുഖത്തോട്‌ മുഖം നോക്കി വിശപ്പിലും ദാഹത്തിലും കഴിയുന്നു. കടുവ എപ്പോഴെങ്കിലും തന്നെ വിഴുങ്ങുമെന്ന ഭയത്തിലാണ്‌ പൈ. ഈ ഭയത്തില്‍ അനേകം രാത്രിയും പകലും കൊഴിഞ്ഞു വീഴുന്നു. ചുരുങ്ങിയ പരിധിയിലും സ്‌പേസിലും ജീവിച്ചഭിനയിക്കുന്ന 19 വയസ്സുകാരനായ പൈ എന്ന സൂരജ്‌ ശര്‍മ അഭിനയത്തിന്റെ മികവ്‌ കാട്ടുന്നു. രാത്രിയിലും പകലും കടലിനും അന്തരീക്ഷത്തിനും സംഭവിക്കുന്ന മാറ്റങ്ങള്‍ ത്രീ ഡിയിലൂടെ സൂക്ഷ്‌മതയില്‍ കാണിക്കുന്നുണ്ട്‌. ഭീമാകാരങ്ങളായ തിമിംഗലങ്ങള്‍ ചാടി മറിയുന്നതും പറക്കുന്ന മല്‍സ്യങ്ങള്‍ തങ്ങളുടെ നിറംകൊണ്ട്‌ ജലാശയത്തെ നീല നിറമാക്കുന്നതും മനോഹര കാഴ്‌ചകളാണ്‌. ഡിജിറ്റല്‍ ടെക്‌നോളജിയുടെ അപാരസാന്നിദ്ധ്യവും പ്രാഗല്‍ഭ്യവും ഈ ചിത്രത്തെ മികച്ചതാക്കി.

കഥയുടെ ഭൂരിഭാഗവും റിച്ചാര്‍ഡ്‌ പാര്‍ക്കറും പൈയും ജീവിക്കുന്ന ലൈഫ്‌ ബോട്ടും, അതിന്‌ ചുറ്റുമുള്ള മഹാസമുദ്രവും ആകാശവും നക്ഷത്രങ്ങളും, മല്‍സ്യങ്ങളും മാത്രമുള്ളതാണ്‌. ഇത്രയുംകൊണ്ട്‌ രണ്ട്‌ മണിക്കൂര്‍നേരം കഥ അവതരിപ്പിക്കുന്നതില്‍ സംവിധായകനായ ആങ്‌ ലീ സൃഷ്ടിച്ച പാടവം ഒരു മഹാപ്രതിഭയുടേതാണ്‌. 2005 ലെ ബ്രോക്‌ബാക്‌ മൗണ്ടന്‍ എന്ന ചലചിത്രത്തിന്‌ ഏറ്റവും നല്ല സംവിധായകനുള്ള ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയതിനുശേഷം ആങ്‌ ലീ സംവിധാനം ചെയ്യുന്ന ഒരു ബിഗ്‌ ബജറ്റ്‌ ചിത്രമാണിത്‌. കഴിഞ്ഞ നാല്‌ വര്‍ഷങ്ങളായി ലൈ ഓഫ്‌ പൈയുടെ നിര്‍മാണ പ്രക്രിയയിലായിരുന്നു 58 വയസ്സുള്ള ആങ്‌ ലീ. `ഒരു എപിക്‌ ജേര്‍ണി`, ആങ്‌ ലീ പറയുന്നു. സി ജി ഐ ടെക്‌നോളജിയിലൂടെ സൃഷ്ടിച്ചെടുത്ത ബംഗാള്‍ ടൈഗറിന്റെ പിന്നാമ്പുറ ജോലികള്‍ ഭൂരിഭാഗവും തീര്‍ത്തത്‌ മുംബയ്‌, ഹൈദ്രാബാദ്‌ എന്നിവടങ്ങളിലും, ബാക്കി, ലാസ്‌ ഏഞ്ചലസിലെ സ്റ്റുഡിയോയിലുമാണ്‌.

ആദ്ധ്യാന്മികതയുടെ പൊരുളുകള്‍ തേടി അലഞ്ഞു നടന്ന ഒരു കൗമാരക്കാരന്‌ (അതുകൊണ്ടാണല്ലൊ പൈ മൂന്നാറില്‍ വെക്കേഷന്‌ പോയപ്പോള്‍ ക്രിസ്‌ത്യന്‍ പള്ളിയില്‍ പോയതും, പിന്നെ പോണ്ടിച്ചേരിയില്‍ മുസ്ലീം പള്ളിയില്‍ പോകുന്നതുമൊക്കെ. പൈയിക്ക്‌ എല്ലാ മതങ്ങളും ഇഷ്ടമായിരുന്നു.) പെട്ടെന്ന്‌ വിധിയുടെ ക്രൂരതക്കിരയാവുകയും, അഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട്‌ കടലിന്‌ നടുവില്‍ വന്യമൃഗവുമായി കഴിയേണ്ടി വരുകയും ചെയ്യുന്ന പൈയുടെ കഥ ചലചിത്രത്തിലാക്കുന്നത്‌ നിസ്സാരമായി സാധിക്കുന്ന ഒരു കാര്യമായിരുന്നില്ല.

മൂന്ന്‌ പ്രസിദ്ധ സംവിധായകര്‍ (മനോജ്‌ നൈറ്റ്‌ ശ്യാമളന്‍, അല്‍ഫോന്‍സോ കുആറോണ്‍, ജീന്‍പിയര്‍ ജെനെ) ഈ ദൗത്യത്തില്‍നിന്ന്‌ നേരത്തെ പിന്മാറിയിരുന്നു. അത്രക്കും വിഷമമുള്ള ഒരു സ്‌ക്രിപ്‌റ്റിന്റെ പ്രക്രിയയാണ്‌ ആങ്‌ ലീ ഏറ്റെടുത്തത്‌. ചലച്ചിത്രം കഠിനപ്രയത്‌നത്തിലൂടെ പൂര്‍ത്തിയാക്കിയ ആങ്‌ ലീ പറയുന്നു: `മെക്‌സിക്കന്‍ കടല്‍തീരത്ത്‌ അവസാനം വന്നെത്തിയ പൈയുടെ മാനസികാവസ്ഥ തന്നെയാണ്‌ ഈ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്കും ഉണ്ടായത്‌.'

ട്വന്‍ടീത്‌ സെഞ്ചുറി ഫോക്‌സ്‌, ലീയെ ചിത്രം നിര്‍മിക്കാന്‍ സമീപിച്ചപ്പോള്‍ ആദ്യം അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലൊരു ചിത്രം നിര്‍മ്മിക്കാന്‍ സാധ്യമല്ല എന്ന തോന്നലായിരുന്നു ലീയിക്കാദ്യം ഉണ്ടായിരുന്നത്‌. ഈ ദൗത്യം ഏറ്റെടുക്കാമെന്ന്‌ പിന്നീട്‌ തോന്നി. അതിനുകാരണം പറ്റിയ ഒരു നടനെ കണ്ടെത്തിയതായിരുന്നു. 3000 ലധികം പേരെ സ്‌ക്രീന്‍ ചെയ്‌തിട്ടാണ്‌ അവസാനം 19 വയസ്സുള്ള ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയായ സൂരജ്‌ ശര്‍മയെ കണ്ടെത്തിയത്‌. ഡേവിഡ്‌ കാമറൂണിന്റെ 2009 ലെ ത്രീഡി ചിത്രമായ 'അവതാര്‍' വന്‍ വിജയത്തില്‍ കലാശിച്ചിരുന്നു. ലൈഫ്‌ ഓഫ്‌ പൈയും ത്രീഡിയില്‍ പരീക്ഷിക്കാന്‍ ലീയിക്ക്‌ ഇത്‌ പ്രചോദനമായി. ത്രീഡിമൂലം ഒരു വലിയ പ്രേക്ഷക വൃന്ദത്തെ ലഭിക്കുമെന്ന പ്രത്യാശയായിരുന്നു.

എല്ലാ വിധത്തിലും ഒരു നല്ല ചിത്രം നിര്‍മ്മിച്ച സായൂജ്യമാണ്‌ ആങ്‌ ലീയുടേത്‌. അതുകൊണ്ട്‌തന്നെ ഈ ചിത്രം അനേകം ഓസ്‌കാര്‍ നേടുമെന്ന ആത്മവിശ്വാസവും ലീയിക്കുണ്ട്‌. ചിത്രം നിര്‍മിക്കാന്‍ കേരളത്തില്‍ അനേക ദിവസം ചിലവഴിച്ച ആങ്‌ ലീയിക്ക്‌ ഈ ചിത്രം ഇന്ത്യയിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും വന്‍ കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയാണുള്ളത്‌.
നടുക്കടലില്‍ കടുവയുമൊത്ത്‌: ലൈഫ്‌ ഓഫ്‌ പൈ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക