ചിക്കാഗോ: ക്‌നാനായ കാത്തലിക് ഇടവകകളിലെയും മിഷനുകളിലെയും അംഗത്വം സംബധിച് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നല്‍കിയ നിര്‍ദ്ദേശം ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) സ്വാഗതം ചെയ്തു.
ക്‌നാനായ
അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികള്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് ചിക്കാഗോയില്‍
വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
പത്രക്കുറിപ്പിന്റെ സംക്ഷിപ്തം: 1986 മുതല്‍ വത്തിക്കാനില്‍ നിന്നും ആവര്‍ത്തിച്ച്
വ്യക്തമാക്കിയ കല്പനകളെ അവലംബിച്ച് മാര്‍ ജേക്കബ് അങ്ങാടിയത്ത് നല്‍കിയ നിര്‍ദ്ദേശത്തിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് ഏതാനും യാഥാസ്ഥിതിക നിലപാടുകാര്‍ ഒരു വിഭാഗം സമുദായാംഗങ്ങളെ
തെറ്റുധരിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. സ്വവംശ വിവാഹനിഷ്ഠ
പാലിക്കാത്തതിന്റെ പേരില്‍ മാനസിക പീഡനം അനുഭവിക്കുകയും ആരാധനാ സ്വാതന്ത്ര്യം
നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ക്‌നാനായ സഹോദരങ്ങള്‍ക്കായി നിലകൊള്ളുന്ന കാനാ,
അംഗത്വ വിഷയത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ സമുദായാംഗങ്ങുടേയും പൊതുസമൂഹത്തിന്റെയും
ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഈ സാഹചര്യത്തില്‍ ആഗ്രഹിക്കുന്നു.
സ്വവംശ വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ദേവാലയ അംഗത്വം നല്‍കുകയും അത്
പാലിക്കാന്‍ കഴിയാത്തവരെ ദേവാലയ അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും അവര്‍ക്കും
കുടുംബാംഗങ്ങള്‍ക്കും കൂദാശകള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു അക്രൈസ്തവ നടപടി
കോട്ടയം അതിരൂപതയില്‍ ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തിലെ കോടതികളും നിരവധി
സഭാമേലദ്ധ്യക്ഷന്മാരും മനുഷ്യാവകാശലംഘനമെന്നും വിവേചനപരമെന്നും പ്രഖ്യാപിച്ചിട്ടുള്ള
ഈ അനാചാരം അമേരിക്കയിലും തുടരണമെന്ന യാഥാസ്ഥിതിക ക്‌നാനായ സംഘടനകളുടെ പിടിവാശിയാണ്
തര്‍ക്കത്തിന് ആധാരം.
1980കളുടെ ആരംഭത്തില്‍ ചിക്കാഗോ അതിരൂപതയുടെ കീഴില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ ക്‌നാനായ കാത്തലിക് മിഷന്‍ എല്ലാ വിഭാഗം ക്‌നാനായക്കാരേയും ഉള്‍പ്പെടുത്തിയിട്ടുള്ളതായിരുന്നു. വളരെ സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഈ മിഷന്‍ പ്രവര്‍ത്തിച്ചുവരവേ മിഷന്റെ നിയന്ത്രണം കൈക്കലാക്കുക എന്ന ദുരുദ്ദേശത്തോടുകൂടി ഒരു വിഭാഗം ആള്‍ക്കാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി.
എന്‍ഡോഗമി
പാലിക്കാത്ത സമുദായംഗങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ തങ്ങള്‍ക്ക്
ഏകാഗ്രത നഷ്ടപ്പെടുന്നുവെന്നും അതിനാല്‍ സ്വവംശ വിവാഹനിഷ്ഠ പാലിച്ച ക്‌നാനായക്കാര്‍ക്ക്
മാത്രമായി മിഷന്‍ അനുവദിക്കണമെന്നും ഉള്ള ആവശ്യവുമായി ഇക്കൂട്ടര്‍ ചിക്കാഗോ
അതിരൂപതാധികൃതരെ സമീപിച്ചു.
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒത്തുചേരുന്നൊരു
സഭാകൂട്ടായ്മയിലേക്ക് വംശീയ വിഷചിന്ത (അമേരിക്കന്‍ സമൂഹം മറക്കുവാന്‍
ശ്രമിയ്ക്കുന്നൊരു വംശീയ വിഷചിന്ത) അനുവദിക്കുന്നതിനെ ഉള്‍ക്കൊള്ളുവാന്‍
കഴിയാതിരുന്ന ചിക്കാഗോ അതിരൂപതാധികൃതര്‍ വിഷയം വത്തിക്കാനിലെ പൗരസ്ത്യ
തിരുസംഘത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പൗരസ്ത്യ തിരുസംഘത്തലവന്‍ കാര്‍ഡിനല്‍
ലൂര്‍ദ്ദ്‌സ്വാമി ദീര്‍ഘമായ പഠനത്തിനു ശേഷം ചിക്കാഗോ അതിരൂപതയ്ക്ക് 1986 ല്‍ നല്‍കിയ
കല്പനയില്‍ പറയുന്നത് ഇതാണ്. 'The special ministry for the Knanaya community can
be faithfully conducted only on the basis, that, those Knanaya Catholics, who
married non-Knanaya spouses enjoy equal status in the ministry. This
congregation does not accept, that, the customary practice followed in Kerala of
excluding from the community, those who marry Non-Knanaya spouses, is extensible
to the United States of
America.
റോമിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ക്‌നാനായ മിഷന്റെ പ്രവര്‍ത്തനം
തുടരുവാന്‍ കഴിയൂ എന്ന് ചിക്കാഗോ അതിരൂപത കൈക്കൊണ്ട
ഉറച്ച നിലപാട് അംഗീകരിക്കാന്‍ കോട്ടയം രൂപതയും ക്‌നാനായ മിഷന്‍ ഡയറക്ടറും സന്നദ്ധരായതിനാല്‍
തര്‍ക്കത്തിന് താല്ക്കാലിക വിരാമമാവുകയും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള മിഷന്‍
1996 വരെ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
1996ലെ സമ്മര്‍സീസണില്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ച കെസിസിഎന്‍എ കണ്‍വന്‍ഷനില്‍
പങ്കെടുക്കുവാന്‍ എത്തിയ കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍ കുര്യാക്കോസ്
കുന്നശേരിയില്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് അംഗത്വ തര്‍ക്കം
വീണ്ടും ഉടലെടുക്കുവാനിടയായത്. ക്‌നാനായ മിഷന്‍ എന്‍ഡോഗമിയുടെ അടിസ്ഥാനത്തിലാക്കണമെന്ന
അഭ്യര്‍ത്ഥനയുമായി ചിക്കാഗോ അതിരൂപതാധികൃതരെ സമീപിച്ച കുന്നശേരി പിതാവിന് തന്റെ ആവശ്യത്തിന്റെ
ന്യായവും യുക്തിയും കാര്‍ഡിനല്‍ ബെര്‍ണഡിനെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.
ബൃഹത്തായ ഒരപ്പീലുമായി വത്തിക്കാനിലെത്തിയ കുന്നശേരി പിതാവിനെ പൗരസ്ത്യ
തിരുസംഘത്തലവന്‍ തന്റെ കല്പനയിലെ ദൈവശാസ്ത്രപരവും നിയമപരവും ധാര്‍മ്മികവും
മനുഷ്യത്വപരവുമായ അടിസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തി. റോമില്‍ വ്യക്തമായ ബന്ധങ്ങളുള്ള
കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടും സഭാ പണ്ഡിതനായ മോണ്‍. ജേക്കബ്
കൊല്ലാപറമ്പിലും മാറിമാറി വന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, കെസിസിഎന്‍എ
നേതൃത്വങ്ങളും 1986ലും പിന്നീടും റോമില്‍നിന്നും ലഭിച്ചിട്ടുള്ള കല്പനകള്‍
റദ്ദാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവെങ്കിലും അവയെല്ലാം വിഫലമാവുകയാണുണ്ടായത്.
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കീഴില്‍ 2001 ല്‍ വടക്കെ അമേരിക്കയില്‍ സ്ഥാപിതമായ സീറോ മലബാര്‍ രൂപതയുടെ ഭാഗമായി ക്‌നാനായ മിഷനുകളും ഉള്‍പ്പെടുത്തി. കോട്ടയം രൂപതയുടേയും ക്‌നാനായ മിഷന്‍ ഡയറക്‌ടേഴ്‌സിന്റെയും കെസിസിഎന്‍എ നേതൃത്വത്തിന്റെയും ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്‌നാനായ മിഷനുകളിലെ അംഗത്വത്തെക്കുറിച്ച് വത്തിക്കാന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ആരാഞ്ഞ അങ്ങാടിയത്ത് പിതാവിന് മിഷന്‍ അംഗത്വത്തിന് എന്‍ഡോഗമിയുടെ പരിഗണന അനുവദിക്കാന്‍ കഴിയില്ലെന്നും ഈ വിഷയത്തില്‍ 1986 മുതല്‍ നല്‍കിയിട്ടുള്ള കല്പനകള്‍ നടപ്പിലാക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് ലഭിച്ചിട്ടുള്ളത്.
വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചിക്കാഗോ
സെന്റ് തോമസ് രൂപതയില്‍ വത്തിക്കാന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍
കടമപ്പെട്ടിട്ടുള്ള അങ്ങാടിയത്ത് പിതാവ് അംഗത്വ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞ
11 വര്‍ഷമായി ആത്മാര്‍ത്ഥമായി ശ്രമിച്ചുവരുകയാണ്.
വസ്തുതകള്‍ ഇതായിരിക്കെ; അമേരിക്കയിലെ ക്‌നാനായ പാരിഷ ുകളും മിഷനുകളും എന്‍ഡോഗമിയില്‍
അധിഷ്ഠിതമായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് രൂപതാദ്ധ്യക്ഷനും വികാരി ജനറാളും തങ്ങളെ
തെറ്റിദ്ധരിപ്പിച്ചു എന്ന് ഒരു വിഭാഗം സമുദായാംഗങ്ങളും സംഘടനാ നേതൃത്വവും
ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്.
കോട്ടയം രൂപതാദ്ധ്യക്ഷന്റെയും മുമ്പും ഇപ്പോഴും കെസിസിഎന്‍എയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ളവരുടേയും
ക്‌നാനായ വൈദികരുടേയും 5000 ലധികം സമുദായാംഗങ്ങളുടേയും മദ്ധ്യേ 2008 ല്‍ ന്യൂജേഴ്‌സിയില്‍
വച്ച് നടത്തപ്പെട്ട കെസിസിഎന്‍എ കണ്‍വന്‍ഷനില്‍ അംഗത്വവിഷയത്തിലുള്ള തന്റെ നിലപാട്
അങ്ങാടിയത്ത് പിതാവ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കൂടാതെ ഈ വിഷയവുമായി തന്നെ
സമീപിച്ചിട്ടുള്ള കോട്ടയം രൂപതാദ്ധ്യക്ഷനോടും ക്‌നാനായ വൈദീകരോടും കെസിസിഎന്‍എ
നേതാക്കളോടും അംഗത്വം നിഷേധിക്കപ്പെട്ടിട്ടുള്ള വ്യക്തികളോടും അംഗത്വവിഷയത്തില്‍
തനിക്കുള്ള അചഞ്ചലമായ നിലപാട് പിതാവ് ആവര്‍ത്തിച്ച് വ്യക്തിമാക്കിയിട്ടുണ്ട്.
കൂദാശ്ശകളോട് ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഡിക്രികളില്‍ അമേരിക്കയിലെ വിവിധ
നഗരങ്ങളില്‍ സ്ഥാപിതമായ ഓരോ ക്‌നാനായ മിഷനുകളുടേയും പാരിഷ്‌കളുടേയും പാരിഷ്
അംഗത്വം 1986ല്‍ റോമില്‍ നിന്നും ലഭിച്ച കല്പനയുടെ അടിസ്ഥാനത്തിലാണെന്ന് പ്രത്യേകം
പരാമര്‍ശിച്ചിട്ടുണ്ട്.
റോമിന്റെ കല്പനയില്‍ ഊന്നിപ്പറയുന്ന തുല്യ അംഗത്വം പിതാവിന്റെ നിര്‍ദ്ദേശത്തില്‍
പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുമ്പോഴും വര്‍ഷങ്ങള്‍
ഏറെയായി തുടരുന്ന ഒരു പ്രശ്‌നപരിഹാരത്തിന് വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്ന ബോധ്യം
പിതാവിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുവാന്‍ കാനായെ പ്രേരിപ്പിക്കുന്നു.
കാനാ ഭാരവാഹികളായ ജോസഫ് മുല്ലപ്പള്ളി, സാലു കാലായില്‍, റ്റോമി കാലായില്‍, ഷാജി
നിരപ്പില്‍, പ്രകാശ് കൊല്ലപ്പള്ളില്‍, ഷീന്‍സ് മുടക്കോടിയില്‍, ജോസ് കല്ലിടുക്കില്‍,
ജോയി ഒറവണക്കളം, റ്റോമി പുല്ലുകാട്ട്, ജോയി മുതുകാട്ടില്‍, ജോസഫ് പതിയില്‍
എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ
1.സാലു കാലായില്‍, ജോസഫ് മുല്ലപ്പള്ളി, ജോയി ഒറവണക്കളം
2. പത്രസമ്മേളനത്തില്‍ പങ്കെടുത്ത കാനാ ഭാരവാഹികള്‍: ഷാജി നിരപ്പില്‍, സാലു കാലായില്‍,
ജോസഫ് മുല്ലപ്പള്ളി, ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കില്‍, ഷീന്‍സ് മുടക്കോടിയില്‍,
പ്രകാശ് കൊല്ലപ്പള്ളില്‍, ജോയി മുതുകാട്ടില്‍, റ്റോമി കാലായില്‍