മനുഷ്യത്വത്തിന്റെ മറ്റൊരു മഹത്തായ പേരാണ്
ക്രിസ്ത്യാനിറ്റി. 1168 തളിര്‍ പേജുകളിലായി നുനുത്ത അക്ഷരങ്ങള്‍ നീണ്ടുപരന്നു
കിടക്കുന്ന ബൈബിള്‍ പ്രഖ്യാപനങ്ങളില്‍ മനുഷ്യത്വം എന്നാണ്
വിശദീകരിക്കുന്നത്. വ്യാഖ്യാനങ്ങളും ഉപവ്യാഖ്യാനങ്ങളുമായി അനേകം വിഷനുകള്‍
നിലവില്‍ വരികയും അവയുടെ ഉപജ്ഞാതാക്കളും ഉപകര്‍ത്താക്കളുമായി അനേകം പേര്‍. യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയെ കണ്ടെത്തുന്നതിലും പ്രയോഗിക്കുന്നതിലും ആയിരത്തി അറൂന്നൂറില്‍പ്പരം വരുന്ന
ക്രിസ്തീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുല്ല എന്ന് തുറന്ന് പറയുമ്പോള്‍,
പല കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുപ്പുകളും അലര്‍ച്ചകളും കേള്‍ക്കാന്‍
എനിക്കു സാധിക്കുന്നു്.
എടുക്കുക എന്നതല്ലാ, കൊടുക്കുക എന്നതാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയുടെ
പ്രായോഗികപാത. നിഷ്‌കാമ കര്‍മ്മസൂത്രം ഉപദേശിക്കുന്ന ഗീതാകാരനും
ഇതുതന്നെയാണഅ അര്‍ത്ഥമാക്കുന്നത്. ഒന്നും ആഗ്രഹിക്കാതെ കര്‍മ്മം
ചെയ്യുമ്പോള്‍, ഒന്നും കൈവശപ്പെടുത്താതെ എല്ലാം വിട്ടുകൊടുക്കുമ്പോള്‍
ഉളവാക്കുന്ന ആത്മസംതൃപ്തിയുടെ വന്‍ റവന്യൂ ആണ് ഒരു വ്യക്തിയുടെ ജീവിതത്തെ
പരമമായ ആനന്ദാവസ്ഥ എന്ന അര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ മോക്ഷത്തില്‍
എത്തിക്കുന്നത്. ഈ മോക്ഷ പ്രാപ്തിക്ക് മരണത്തിന്റെ മൈല്‍ക്കുറ്റിയുടെ
അപ്പുറത്തേയ്ക്ക് കടക്കണമെന്നില്ല. ഇപ്പുറത്തുള്ള എത്രയോ കാതങ്ങളില്‍
നമുക്കതിന് അവസരം ലഭിക്കുന്നു. ഉടലോടെ സ്വര്‍ഗ്ഗം പൂകുന്നതിനുള്ള ഇത്തരം
അവസരങ്ങളെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്നതാണ് ജീവിതം നമുക്കു
മുന്നില്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം ഇന്‍ഡ്യയില്‍ നടപ്പാക്കിയ
ബ്രിട്ടീഷുകാരെപ്പെലെ ഭയപ്പെടുത്തി ഭരിക്കുക എന്ന നയമാണ് എല്ലാ മതങ്ങളും
പിന്തുടരുന്നത്. അതിനു സര്‍വ്വനന്മകളുടെയും സമ്പൂര്‍ണ്ണ
സാക്ഷാല്‍ക്കാരമായ ദൈവത്തെ ക്രൂരനായ ഒരു സാഡിസ്റ്റ് ഭരണാധികാരിയായി ഇവര്‍
ചിത്രീകരിക്കുന്നു. ഈ സാഡിസ്റ്റിന്റെ പാര്‍ശ്വവര്‍ത്തികളാണ് തങ്ങളെന്നും,
തങ്ങള്‍ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവര്‍ ദൈവത്തിനും ഇല്ലാത്തവരാണെന്നും,
അങ്ങിനെയുള്ളവരെ കാലില്‍ പിടിച്ച് തൂക്കി വലിച്ചെറിയാന്‍ വേണ്ടി കെടാത്ത
തീയും ചാകാത്ത പുഴുവുമുള്ള ഭീകരമായ നരകം തീര്‍ത്ത് കാത്തിരിക്കുകയാണ് ദൈവം
എന്നും ഇവര്‍ പഠിപ്പിക്കുന്നു. മനുഷ്യനെ ഭയപ്പെടുത്താന്‍ എല്ലാ മതങ്ങളും
ഒരുപോലെ പ്രയോഗിക്കുന്ന മറ്റൊരു സൂത്രവാക്യമാണ് ലോകാവസാനം.
രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി ഇതു കേള്‍ക്കുന്നു. ലോകാവസാനത്തില്‍
മനുഷ്യന്‍ അനുഭവിക്കാന്‍ പോകുന്ന മഹാ പീഠകളുടെ പദാനുപദ വിശദീകരണങ്ങളാണ്
മിക്ക മതപ്രഭാഷണങ്ങളും, ആകാശത്തുനിന്നു അടര്‍ന്നു വീഴുന്ന നക്ഷത്ര
തീക്കല്ലുകളില്‍ മൂലവസ്തുക്കള്‍ കത്തിയഴുകി ഭൂമി ഒരു തീക്കട്ടയായി
മാറുമെന്നും ഇതാ, അതിപ്പോള്‍ സംഭവിക്കുമെന്നും പറഞ്ഞ് ഇവര്‍ മനുഷ്യനെ
ഭയപ്പെടുത്തുന്നു.
ഇതില്‍ നിന്നൊഴിവാകുവാനുള്ള കുറുക്കുവഴികളും ഇവര്‍
നിര്‍ദ്ദേശിക്കുന്നുണ്ട്. മിക്ക മതങ്ങളും ഇതിനായി ഒരു സയമ ബന്ധിത
കര്‍മ്മപരിപാടി നിര്‍ദ്ദേശിക്കുമ്പോള്‍ ചില തീവ്രവാദി ഗ്രൂപ്പുകള്‍
ഇന്‍സ്റ്റന്റായി വിശ്വസിച്ച്, രക്ഷിക്കപ്പെട്ട് സ്‌നാനമേറ്റ് തങ്ങളുടെ
ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി
സ്വര്‍ഗ്ഗത്തിലെ ഒരു മുന്‍ നിര സീറ്റു തന്നെ മുന്‍കൂറായി റിസര്‍വ്വ്
ചെയ്തുവയ്ക്കാം എന്ന് പ്രലോഭിപ്പിക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ, അതുമല്ലെങ്കില്‍ അടുത്ത ആഴ്ചക്ക് മുമ്പു കര്‍ത്താവ്
വരുമെന്ന് ആണയിട്ട് പറയുന്ന ഇവരുടെ വീടുകളില്‍ ഇരുന്നൂറ്റമ്പതു വര്‍ഷത്തിന്
മേല്‍ പഴക്കം നില്‍ക്കുന്ന ഇറ്റാലിയന്‍ മാര്‍ബിള് കൊണ്ട് ശൗചാലയങ്ങള്‍ വരെ
നിര്‍മ്മിച്ചു വയ്ക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും
പിടികിട്ടുന്നില്ല
ഏറ്റവും നല്ല വീട്, വാഹനം, വസ്ത്രം, ഭക്ഷണം, കുട്ടികള്‍ക്ക് ഫൈവ് സ്റ്റാര്‍
എഡ്യൂക്കേഷന്‍, പാവം പാസ്റ്റര്‍ നാളെ സര്‍വ്വസംഗ പരിത്യാഗിയായി
പോകാനിരിക്കുകയാണ്- കര്‍ത്താവിന്റെ കൂടെ. പക്ഷേ പോകുന്നതുവരെ തന്റെ
ചര്‍ച്ചില്‍ നല്ല ആള്‍ക്കൂട്ടം വേണം. പത്തിലൊന്ന് കൃത്യമായി
തന്നിരിക്കുകയും വേണം. എന്തെങ്കിലും തര്‍ക്കം വന്നാല്‍ ആടുമേയ്ക്കുന്നവന്‍ അതിന്റെ പാലുകൊണ്ട്
ഉപജീവനം കഴിക്കട്ടെ എന്ന ബൈബിള്‍ വാക്യം വായിച്ച് ആടുകളെ ആശ്വസിപ്പിക്കും.
ഇരുപതാം നൂറ്റാണ്ട് വിടപറയുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പാദപതന നാദം
ചക്രവാള സീമകളില്‍ സ്പന്ദിച്ച് നില്‍ക്കുകയും ചെയ്ത കഴിഞ്ഞ
ദശകങ്ങളായിരുന്നു ലോകഭീക്ഷണിക്കാരുടെയും അവരുടെ പിണിയാളുകളുടെയും
കൊയ്ത്തുകാലം.
ആധുനിക കാലഘട്ടത്തിന്റെ ആചാര്യന്മാരെന്നഭിമാനിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ വൈ 2 കെ (Y2K)
ദുര്‍ഭൂതത്തിന്റെ അലര്‍ച്ചയില്‍ എത്രമാത്രം അന്നു
ഞെട്ടിവിറച്ചു. കമ്പ്യൂട്ടറിന്റെ കണക്കുകളില്‍ രണ്ടായിരത്തിലെത്തുന്ന
ലോകം, കാലപ്രവാഹത്തെ പിന്നോട്ട് നയിച്ച് വെറും വട്ടപൂജ്യത്തിലെത്തുമെന്നും,
മൊട്ടുസൂചി മുതല്‍ മോട്ടോര്‍ കാര്‍വരെയുള്ള സകലമാന ഉല്‍പ്പന്നങ്ങളുടെയും
പിന്നിലെ ബുദ്ധികേന്ദ്രമായ കമ്പ്യൂട്ടറുകളുടെ തലതിരിയുന്നതോടെ വാട്ടര്‍
പൈപ്പിലൂടെ തീവരുമെന്നും, ഗ്യാസ് സ്റ്റൗവിലൂടെ വെള്ളം ചീറ്റുമെന്നും
മറ്റുമുള്ള വിഡ്ഢിത്തങ്ങളുടെ വിളിച്ചു കൂവലിലൂടെ മനുഷ്യ രാശിയെ ഭയത്തിന്റെ
ചങ്ങലയണിയിച്ച ഈ വിഡ്ഢികുശ്മാണ്ഡങ്ങള്‍ സമൂഹത്തോടുള്ള തങ്ങളുടെ കര്‍മ്മം
നിര്‍വ്വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്ന്
ഇന്നെങ്കിലും സമ്മതിച്ചിരുന്നെങ്കില്‍ ഒരിക്കലെങ്കിലും ഒരു സത്യം പറഞ്ഞു
എന്ന സംതൃപ്തിയോടെ താടിയില്‍ വിരലോടിച്ച് രസിക്കാമായിരുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ ശക്തികളുടെ ആയുധപ്പുരകളില്‍ സഹോദരന്റെ
നെഞ്ചിനുനേരെ തൊടുത്തുവച്ച ആണവതലപ്പുകളുമായി അതിഭീകരന്മാരായ ഭൂഖണ്ഡാന്തര
മിസൈലുകള്‍ ജാഗ്രതയോടെ കാത്തു നില്‍ക്കുമ്പോള്‍ നോട്ടപ്പിശകിന്റെ
അനന്തഫലമായി, കരയിലേയും വെള്ളത്തിലേയും, ആകാശത്തിലേയും ഒളിത്താവളങ്ങളില്‍
നിന്ന് ഹുകാരവത്തിന്റെ കമ്പനങ്ങളോടെ ഏതു നിമിഷവും നിലനില്‍ക്കുമ്പോള്‍,
ഇത്ര ക്രൂരമായി വധിക്കപ്പെടാന്‍ മാത്രം ഭീകരനാണോ മനുഷ്യനെന്ന ഈ സാധു ജീവി…?
ഇത്രക്കസഹനീയമാണോ നെഞ്ചിന്‍ കൂടിലെ ഈ ചെറുകിളിയുടെ മ്രുദുകുറുകല്‍ ..??
മില്ലേനിയത്തിന്റെ പിറപ്പോടെ വൈ2കെ ഭീഷണി അവസാനിച്ചുവെന്നാശ്വസിക്കുന്ന
ശാസ്ത്രലോകത്തിന് ഈ ഭീഷണിയെപ്പറ്റി എന്തു പറയാനുണ്ട്, കാഹളമൂത്തൂകാരുടെ
അകമ്പടിയോടെ ആകാശമേഘങ്ങളില്‍ ആഗതനാകുമെന്ന് പറയുന്ന ക്രിസ്തുവിന്റെ
അനുയായികള്‍ക്ക് തങ്ങള്‍ താങ്ങി നിര്‍ത്തുന്ന ഭരണകൂടങ്ങളുടെ അകത്തളങ്ങളില്‍
പൊതിഞ്ഞുവെച്ച ഈ മരണഭീഷണിയെക്കുറിച്ച് എന്തു പറയാനുണ്ട്. ആകാശത്തുനിന്ന്
അടര്‍ന്നുവീഴുന്ന അഗ്നിക്കല്ലുകളെക്കുറിച്ചാശങ്കപ്പെടുന്നവര്‍ക്ക് നമുക്ക്
ചുറ്റും ഒളിച്ചുവെച്ച തീമഴയെക്കുറിച്ച് എന്തു പറയാനുണ്ട്? ഏറ്റവും
ചുരുങ്ങിയത് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന ഭരണകൂടങ്ങളെ ക്രിസ്തുവിനെ
നേതാവായി അംഗീകരിക്കുന്ന ക്രിസ്തീയ സഭകള്‍ പിന്തുണയ്ക്കുകയല്ലെന്ന് ഉറക്കെ
പ്രഖ്യാപിക്കാമോ? അതിനായി അവര്‍ക്ക് നികുതി കൊടുക്കുകയില്ലെന്ന്
വെല്ലുവിളിക്കാമോ? അതില്‍ നിന്നുളവാകാവുന്ന ഭവിഷ്യത്തുകളെ കുരിശു
മരണത്തന്റെ വഴിയാത്രയില്‍ അവന്‍ അനുഭവിച്ച പീഠനങ്ങളുടെ പ്രതിരൂപമായി
സ്വീകരിക്കാമോ? ഇതിലൂടെ അപരന്‍ എന്ന സഹോദരന് വേണ്ടി യുഗ കരുതല്‍ എന്ന
ക്രിസ്തീയത ഒരു പ്രായോഗിക പരിപാടിയായി നടപ്പാക്കുന്നതിലൂടെ വാക്കും
പ്രവൃത്തിയും ഒന്നുതന്നെയാണെന്ന് തെളിയിക്കാമോ?
എന്നെ അനുഗമിക്കുന്നവന്‍ എന്റെ കുരിശു(കഷ്ടപ്പാടു)മായി പിന്നാലെ വരട്ടെ
എന്ന് പറയുമ്പോള്‍, ക്രിസ്തുപോലും ഓര്‍ത്തുകാണുകയില്ല, പില്‍ക്കാലത്ത്
അനുയായികള്‍ ആ കുരിശുപോലും വില്‍പന ചരക്കാക്കി മാറ്റിക്കളയുമെന്ന്!
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത് ചുവന്ന പട്ട് ഞാറ്റിയിട്ട് അതുമൊന്നിച്ച് 1006
ഡോളര്‍ ഈടാക്കുമെന്ന്. ഉയര്‍ന്ന റസ്പക്ടും സാമൂഹ്യ പദവിയും എന്ന വന്‍
റവന്യൂവിന് പുറമെ കേവലം ഒരു മണിക്കൂര്‍കൊണ്ട് അവതരിപ്പിക്കുന്ന കുര്‍ബ്ബാന
എന്ന കലാരൂപത്തിന് പ്രതിഫലമായി 250 ഡോളര്‍ കീശയിലാക്കുമെന്ന്.
അമേരിക്കയില്‍ ഇതൊരു സെക്കന്റ് ജോബാണ്. മിക്കവരും തിങ്കള്‍ മുതല്‍ ശനിവരെ
ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ള മറ്റ് ജോലികള്‍
ചെയ്യുന്ന പുരോഹിതന്മാര്‍ ഞായറാഴ്ചത്തെ ഈ ഒരു മണിക്കൂര്‍ കര്‍മ്മം
സൗജന്യമായി ചെയ്തുകൊണ്ട് ക്രിസ്തുവിനോടും ക്രിസ്തീയതയോടുമുള്ള വിശ്വാസ
ദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നെഞ്ചുറപ്പു കാട്ടുമോ?
പെരുകുന്ന സമ്പത്തിന്റെ ഉയരുന്ന മാളികയിലെ സുഖജീവിതം- ഇതല്ല ക്രിസ്തീയത.
സഹനത്തിലൂടെ കരുതദലിലൂടെ ലോകമാനമുള്ള മനുഷ്യസമൂഹത്തിന് മേലുള്ള ഒരു നെറ്റ്
വര്‍ക്ക്… ഒരു പ്രായോഗിക പരിപാടി…പ്രസംഗമല്ല… പ്രവര്‍ത്തി… അതാണ്
ക്രിസ്തീയത… കുഴലൂത്തുമായി മാനത്തു വരുന്ന കര്‍ത്താവിനെ സ്വീകരിക്കുവാനല്ല,
മറ്റൊരാള്‍ക്കും വിഭാവനം ചെയ്യാന്‍ സാധിക്കാതിരുന്ന സ്‌നേഹവും, അതിന്റെ
ഉല്‍പ്പന്നമായ വിശ്വസാഹോദര്യവും എന്ന മണ്ണിലെ സ്വര്‍ഗ്ഗം പണി
ഉയര്‍ത്തുവാനുള്ള കല്ലുകളായി സ്വയം ആയിത്തീരുവാനുള്ള കര്‍മ്മപരിപാടിയാണ്
ക്രിസ്തീയത. ത്യാഗത്തിന്റെ നറും ചാന്തിലാണ് ഈ കല്ലുകള്‍ ഒട്ടിച്ചു
ചേര്‍ക്കപ്പെടുന്നത്. ആസക്തികളുടെ ഉന്തും മുഴകളും സ്വയം ഛേദിച്ച്
ചതുരമായാല്‍ മാത്രമെ, നാം എന്ന കല്ലിന് ഈ സ്വര്‍ഗ്ഗമന്ദിരത്തില്‍ ഉറപ്പായി
ചേര്‍ന്നിരിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഒരു മതവും സ്ഥാപിക്കാതെ, ഒറ്റ വസ്ത്രവുമായി
ജീവിച്ച്, പതിതരുടെയും പാപികളുടെയും സഹയാത്രികനായി, അവരെ ആശ്വസിപ്പിച്ച്,
അവരോടൊപ്പം ജീവിച്ച്, അവര്‍ക്കുവേണ്ടി വാദിച്ചതിനാല്‍, അധികാരികളുടെ
ചാട്ടവാറുകളില്‍ പുളഞ്ഞ് അതിക്രൂരമായി അടിച്ചുകയറ്റിയ കാരിരുമ്പാണികളില്‍
പിടഞ്ഞു മരിച്ച യേശു- ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായിരുന്നു.
ദൈവത്തോളം ഉയര്‍ന്നു നിന്ന ദൈവ പുത്രനായിരുന്നു. സര്‍വ്വ ലോകത്തിനും
വരുവാനുള്ള മഹാ സന്തോഷത്തിന്റെ മാതൃകയായിരുന്നു. അതിനുവേണ്ടി അദ്ദേഹം
കത്തിച്ചുവച്ച നറുംതിരിയായിരുന്നു സ്‌നേഹം എന്ന കരുതല്‍. അത് അണയാതെയും
പൊലിയാതെയും മനുഷ്യരാശി സൂക്ഷിച്ചിരുന്നെങ്കില്‍, ആ നറും വെളിച്ചത്തില്‍
പണ്ടേ ഈ ലോകം ഒരു സ്വര്‍ഗ്ഗമായി തീരുമായിരുന്നു. സമാധാനത്തിന്റെയും
സന്തോഷത്തിന്റെയും വെള്ളപ്പിറാവുകളുടെ ചിറകടിയില്‍ ഇവിടെ പ്രഭാതങ്ങള്‍ ഉദയം
ചെയ്യുമായിരുന്നു.
സൂചിക്കുഴയിലൂടെ കടക്കാന്‍ കഴിയാതിരുന്ന വലിയ ഒട്ടകങ്ങള്‍ (വയലാറിനോട്
കടപ്പാട്) കട്ടിയിരുമ്പില്‍ പണിതുവച്ച മുട്ടന്‍ കുഴയിലൂടെ
കടന്നുകയറിക്കൊണ്ടാണ് ഇവിടെ ക്രിസ്തീയത നടപ്പാക്കിയത്. ഫലമോ…ആയിരക്കണക്കായ
സഭകളും ഉപസഭകളുമായി തരം തിരഞ്ഞ്, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി
പന്നികളേപ്പോലെ കടിപിടികൂട്ടി, യേശുവിന്റെ വിലപ്പെട്ട മുത്തുകളെ തങ്ങളുടെ
കുഴികളില്‍ ഇവര്‍ ചവിട്ടിക്കളയുന്ന ദയനീയ ചിത്രമാണ് ഇന്ന്
ക്രിസ്തീയതയ്ക്കുള്ളത്.
ബിസിനസിനായി ഇക്കൂട്ടര്‍ എന്നും ഉയര്‍ത്തിവയ്ക്കുന്ന എംബ്ലം യേശുതന്നെയാണ്.
യഹൂദ പണ്ഡിതനായിരുന്ന ശൗല്‍ എന്ന പൗലോസ് നല്‍കിയ വ്യാഖ്യാനങ്ങളില്‍
കഴുത്ത് പിണച്ച് ഇന്നും ഇവര്‍ സ്വര്‍ഗ്ഗത്തെ കുറിച്ച് കേഴുന്നത്,
സ്വര്‍ഗ്ഗ രാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെ(സൃഷ്ടിച്ചെടുക്കേണ്ടത്) എന്ന
യേശുവിന്റെ വാക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ്. അതിനുവേണ്ടിയാണ് ഈ ലോകത്തെ
ഒന്നവസാനിപ്പിക്കുവാനുള്ള ഈ വെമ്പല്‍. എന്നിട്ട് വേണം യൂഫ്രട്ടീസ്-
ട്രൈഗ്രീസ് നദീതടങ്ങളില്‍, പഴയ മെസ്സൊപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ
അവശിഷ്ടങ്ങളില്‍ പണിതുയര്‍ത്തുന്ന പുതിയ സ്വര്‍ഗ്ഗത്തില്‍ യേശു രാജാവും,
വലിയ പാസ്റ്ററും വലിയ തിരുമേനിയും പ്രധാനമന്ത്രിമാരായും ചെറിയ
പാസ്റ്റര്‍മാര്‍ മുതല്‍ അച്ചന്‍മാര്‍വരെയുള്ളവര്‍ കളക്ടര്‍ മുതല്‍
പാര്‍വ്വത്യാര്‍ വരെയുള്ളവരുടെ സ്ഥാനങ്ങള്‍ നേടി ഒന്നു ഭരിക്കാന്‍- ഭരിച്ച്
സുഖിക്കാന്‍ അന്നും ഭരിക്കപ്പെടുന്ന പാവങ്ങളുടെ കൂടെത്തന്നെ നമ്മുടെനില.
ഈ സങ്കല്‍പ സ്വര്‍ഗ്ഗത്തിന്റെ രചനയില്‍പ്പോലും പ്രതിഭയുടെ വിലാസം കാട്ടാന്‍
അതിന്റെ രചയിതാക്കള്‍ക്കായിട്ടില്ല. മനുഷ്യന്റെ യാതൊരു പ്രവര്‍ത്തിയും
പര്‍ഫക്ഷന്‍ എന്ന അവസ്ഥയെ പ്രാപിക്കുന്നില്ലെന്ന് ഈ രചനകള്‍
തെളിയിക്കുന്നു. ചൊറിക്കും ചരങ്ങിനും ആയൂര്‍വ്വേദ വിധിപ്രകാരം
കൂവളത്തിലയും തഴുതാമയിലയും ഇവിടെ അരച്ചു കുടിക്കുന്ന നമ്മള്‍ കാത്തു കാത്തു
കരഗതമാവുന്ന ഈ സ്വര്‍ഗ്ഗത്തില്‍ ചെന്നാലും രോഗശാന്തിക്കായി ജീവനദിയുടെ
കരയിലുള്ള ജീവ വൃക്ഷത്തിന്റെ ഇലകള്‍ അരച്ചു കുടിക്കണമത്രെ.(വെളിപാട്) ഈ
അരക്കലിനു വേണ്ടി വരാവുന്ന ഉപകരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച്
ചിന്തിച്ചുപോയാല്‍ ഈ ലേഖനം ഇവിടെയെങ്ങും നില്‍ക്കുകയില്ലാ- അതുകൊണ്ട്
വിടുന്നു.
വിഡ്ഢിക്കുശ്മാണ്ഡങ്ങള്‍ ! സര്‍വ്വ ദുഃഖങ്ങളുടെയും, സര്‍വ്വ രോഗങ്ങളുടെയും
പരിഹാര സൂത്രമാണ് സ്വര്‍ഗ്ഗം എന്ന സത്യം അംഗീകരിക്കാന്‍ പോലും സാധിക്കാത്ത ഈ
എഴുത്തുകാര്‍ ദൈവശാവസീയമായിട്ടാണ് അതു ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നു,
അടിച്ചേല്‍പ്പിക്കുന്നു.
യുദ്ധങ്ങളും യുദ്ധ ഭീഷണികളും കൊണ്ട് മുഖരിതമായ ഒരു ലോകത്ത്,
നെഞ്ചിന്‍കൂടിലെ ഈ കുഞ്ഞുകിളിയെ കശക്കിയെറിയാനുള്ള വെമ്പലോടെ, ഏതുനിമിഷവും
ചീറിപ്പാഞ്ഞുവരാവുന്ന ഭൂഖണ്ഡാന്തര മിസ്സൈലിന്നടിയില്‍ അനിശ്ചിതത്തിന്റെ
അരനാഴിക നേരം തള്ളി നീക്കുന്ന ആധുനിക മനുഷ്യന്റെ ആധിയുടെ ലോകം അവസാനിച്ചേ
തീരൂ… പ്രപഞ്ചാത്മാവായ ദൈവത്തിന്റെ പ്രായോഗിക പരിപാടിയായ സ്‌നേഹം എന്ന
ഊഷ്മള വികാരം എന്തെന്ന് മനുഷ്യരാശിയെ പഠിപ്പിക്കുകയും പ്രയോഗിക്കുകയും
ചെയ്ത ക്രിസ്തു രണ്ടാമതു വന്നേതീരു…
അതു കുഴലൂത്തുമായി പറന്നിറങ്ങുന്ന പക്ഷിയായായിട്ടല്ല, മനുഷ്യമനസ്സാക്ഷിയുടെ
മദ്ധ്യാകാശങ്ങളില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും,
സഹനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളായിട്ടാണ് യേശു രണ്ടാമതു
വരേണ്ടത്.. ആവരവില്‍ അയല്‍ക്കാരന്‍ എന്ന അപരന്‍ അംഗീകരിക്കപ്പെട്ടേ തീരു..
ജാതിയുടെയും മതത്തിന്റെയും ലേബലുകള്‍ നെറ്റിയിലൊട്ടിക്കാതെ,
വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും അതിരുകളില്‍ തളച്ചിടപ്പെടാതെ,
മനുഷ്യനും മനുഷ്യനും കൈകോര്‍ത്ത് നില്‍ക്കുന്ന ഒരു മഹനീയ ലോകം. അതിന്
പ്രചോദകമായത്തീരുന്ന സന്ദേശങ്ങള്‍ യേശുവിന്റെതാണെങ്കില്‍,
ബുദ്ധന്റേതാണെങ്കില്‍ നബിയുടേതാണെങ്കില്‍ ഇനി വേദനകളുടെതാണെങ്കില്‍…
നമുക്കവയെ സ്വാഗതം ചെയ്യാം. എന്തുകൊണ്ടെന്നാല്‍ ഇതെല്ലാം ഒന്നു തന്നെയാണ്.
ആദിശങ്കരന്റെ ഭാഷയില്‍ അദൈ്വതമാണ്. അനന്തമായ കാലപ്രവാഹത്തിന്റെ
തീരഭൂമികളില്‍ അതുല്യ സൗരഭ്യവുമായി വിടര്‍ന്നു നില്‍ക്കുന്ന നറും
മലരുകള്‍.. കാലഘട്ടങ്ങള്‍ ചിത കൂട്ടിയ ചരിത്രത്തിന്റെ ചാരത്തില്‍
നിന്നുയിര്‍ത്തെണീക്കുന്ന ഫീനിക്‌സ് പക്ഷികള്‍… നന്മ… നാശമില്ലാത്ത നന്മ.
അടുത്ത മില്ലേനിയത്തില്‍ നമ്മളില്ല. നമ്മുടെ പേരക്കുട്ടികളുമില്ല. പക്ഷേ
അടുത്ത മില്ലേനിയമുണ്ട്. അവിടെ മനുഷ്യരുണ്ട്. അവര്‍ നൂറ്റാണ്ടുകള്‍ക്ക്
ശേഷം ജനിക്കാനിരിക്കുന്നതേയുള്ളൂ. പക്ഷേ അവര്‍ക്ക് വേണ്ടി കരുതാന്‍ നമുക്ക്
കടമയുണ്ട്. ഈ ലോകം ഒരു പിടി ആണവ ചാരമായി അവസാനിപ്പിക്കാതെ, കിനിയുന്ന
നിലാവും, വിടരുന്ന പൂക്കളും, ഒഴുകുന്ന അരുവികളും തുള്ളുന്ന തുമ്പിയുമായി
അവര്‍ക്കുവേണ്ടി കരുതാനുള്ള കടമ, കഴിഞ്ഞ മില്ലേനിയത്തില്‍
നമ്മളില്ലാതിരുന്നിട്ടും, ഒരു പോറല്‍പോലുമേല്‍ക്കാതെ അന്നുണ്ടായിരുന്നവര്‍
നമുക്കായി ഈ ഭൂമി കൈമാറിത്തന്നുവല്ലോ? എന്തുകൊണ്ടെന്നാല്‍ ഇതു
മനുഷ്യവര്‍ഗ്ഗത്തിന് ദൈവം സമ്മാനിച്ച തറവാട്ട് സ്വത്താകുന്നു. വര്‍ഗ്ഗം
ഒരിക്കലും നശിക്കുന്നില്ല. നശിക്കുന്നത് വ്യക്തി മാത്രമാകുന്നു.
വ്യക്തിയുടെ നാശം വര്‍ഗ്ഗത്തിന് വളമായി തീരുകയാണ്. അങ്ങിനെ വളരുമ്പോള്‍
വ്യക്തി വര്‍ഗ്ഗത്തിന്റെ ഭാഗം മാത്രമാണ്. ഞാനും നിങ്ങളും
പ്രതിനിധീകരിക്കുന്നത് എന്നെയും നിങ്ങളെയും എന്നതിലുപരി നമ്മുടെ
വര്‍ഗ്ഗത്തെയാണ്. ഈ വര്‍ഗ്ഗം എന്നത് മരിച്ചവരും ജീവിച്ചിരിക്കുന്നവരും, ഇനി
ജനിക്കാനിരിക്കുന്നവരുമായ ആകമാന മനുഷ്യസമൂഹമാണ്. ഈ സത്യമാണ് യേശു പറഞ്ഞത്.
അതു മനസ്സിലാക്കാത്തതും മറന്നു പോകുന്നതുമാണ് ഇന്ന് യേശുവിനെ
പിന്തുടരുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് പറ്റുന്ന ഏറ്റവും വലിയ
തെറ്റും.