Image

വടക്കന്‍ ഓസ്‌ട്രേലിയയില്‍ വെള്ളപൊക്കം; നൂറുകണക്കിനു വീടുകള്‍ ഒഴിപ്പിച്ചു

Published on 27 January, 2013
വടക്കന്‍ ഓസ്‌ട്രേലിയയില്‍ വെള്ളപൊക്കം; നൂറുകണക്കിനു വീടുകള്‍ ഒഴിപ്പിച്ചു
സിഡ്‌നി: വടക്കന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്യൂന്‍സ്‌ലാന്‍ഡില്‍ കനത്തമഴയും വെള്ളപൊക്കവും. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലി കൊടുങ്കാറ്റിനു പിന്നാലെ എത്തിയ കനത്ത മഴ ക്യൂന്‍സ്‌ലാന്‍ഡില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ചുഴലികൊടുങ്കാറ്റില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. വെള്ളപൊക്കത്തില്‍ ഒരാളെ കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിനു വീടുകള്‍ ഒഴിപ്പിച്ചു. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രിസ്‌ബെയിന്‍, ഇപ്‌സ്‌വിച്ച് മേഖലകള്‍ വെള്ളപൊക്കത്തിന്റെ പിടിയിലാണ്.

രണ്ടു വര്‍ഷം മുന്‍പ് 32 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കത്തിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ ഉണ്ടായിരിക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ ഭൂരിഭാഗം നദികളും കവിഞ്ഞൊഴുകുകയാണ്. വടക്കന്‍ ബ്രിസ്‌ബെയിനിലെ ഗിംപിക്കു സമീപം നദിമറികടക്കവെയാണ് 27 കാരന്‍ ഒഴുക്കില്‍ പെട്ടതെന്ന് മേയര്‍ റോണ്‍ ഡൈന്‍ പറഞ്ഞു. വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി ആളുകള്‍ മേല്‍ക്കൂരകളില്‍ അഭയം തേടിയിരിക്കുകയാണ്, ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെക്ക് മാറ്റികൊണ്ടിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡൈന്‍ പറഞ്ഞു. എന്നാല്‍ മഴതുടരുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ബുണ്ടബെര്‍ഗ്, ഗ്ലാഡ്‌സ്റ്റോണ്‍ നഗരങ്ങള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. 2011 -ലുണ്ടായ വെള്ളപൊക്കത്തില്‍ വന്‍നാശനഷ്ടമുണ്ടായ മേഖലയാണിത്. ബുണ്ടബെര്‍ഗില്‍ അടിയന്തിര ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബര്‍ണെറ്റ് നദി കരകവിഞ്ഞൊഴുകുന്നതാണ് നഗരത്തില്‍ വെള്ളപൊക്ക ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് ഒന്‍പത് മീറ്ററിലധികം ഉയരുമെന്നാണ് കരുതുന്നത്. 2011 -ല്‍ 7.92 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ സംസ്ഥാനത്തുടനീളം ദുരന്താവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിസ്‌ബെയിനില്‍ നിന്നും സിഡ്‌നിയിലേക്കെത്തിയ ഒരു അന്തര്‍ദേശീയ വിമാനം തിരിച്ചുവിട്ടു. ക്വാന്റാസ് എയര്‍ലൈന്‍സ് നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സണ്‍ഷൈന്‍ കോസ്റ്റ് റീജിയണല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഗ്ലാഡ്‌സ്റ്റോണ്‍ മേഖലയില്‍ 900 വീടുകള്‍ ഒഴിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനെ സഹായിക്കാന്‍ ആര്‍മിയും രംഗത്തെത്തിയിടുണ്ട്.

വടക്കന്‍ ഓസ്‌ട്രേലിയയില്‍ വെള്ളപൊക്കം; നൂറുകണക്കിനു വീടുകള്‍ ഒഴിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക