Image

ഫൊക്കാന ജനറല്‍ സെക്രട്ടറി: ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു

Published on 13 September, 2011
ഫൊക്കാന ജനറല്‍ സെക്രട്ടറി: ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്‌: ഫൊക്കാന ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക്‌ ഇപ്പോഴത്തെ ജോയിന്റ്‌ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു. നിര്‍ണ്ണായ ഘട്ടങ്ങളില്‍ ഫൊക്കാനയുടെ കരുത്തുറ്റ സാരഥിയായി നിലകൊണ്ട ടെറന്‍സണ്‍ മികവുറ്റ പ്രവര്‍ത്തിനങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ്‌.

സെക്രട്ടറിസ്ഥാനക്ക്‌ ഇനിയും ആരും സജീവമായി രംഗത്തുവന്നിട്ടില്ല. അണിയറയില്‍ ചില പേരുകള്‍ കേള്‍ക്കുന്നുവെന്നു മാത്രം. അടുത്ത കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സിയിലേക്ക്‌ പോകുമെന്ന ധാരണയാണ്‌ പൊതുവെ. അവിടെനിന്നൊരാള്‍ പ്രസിഡന്റാവുമെന്നും കരുതപ്പെടുന്നു.

പ്രസിഡന്റ്‌ എവിടെനിന്നായാലും യോജിച്ച പ്രവര്‍ത്തനത്തിലൂടെ സംഘടനയ്‌ക്ക്‌ ശക്തിപകരാന്‍ താന്‍ മുന്നിലുണ്ടാവുമെന്ന്‌ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ടെറന്‍സണ്‍ ചൂണ്ടിക്കാട്ടി.

സംഘടനയെ ശക്തിപ്പെടുത്താന്‍ യുവതലമുറയെ കൂടുതലായി സംഘടനയിലേക്ക്‌ കൊണ്ടുവരിക, നാട്ടിലുള്ളവര്‍ക്ക്‌ കൂടുതല്‍ സഹായമെത്തിക്കുക തുടങ്ങിയവയാണ്‌ ടെറന്‍സണ്‍ ലക്ഷ്യമിടുന്നത്‌. ഇവിടെയുള്ള പ്രൊഫഷണല്‍ സംഘടനകളേയും ഫൊക്കാനയുടെ കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ മറ്റൊരു ലക്ഷ്യം. പ്രൊഫഷണല്‍ രംഗങ്ങളില്‍ മികവുനേടാന്‍ പഠനകളരികളും, സെമിനാറുകളും സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രയോജനപ്രദമായ കരിയര്‍ ഗൈഡന്‍സ്‌ നല്‍കുക, മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നവരെ തുണയ്‌ക്കാനായി ഫണ്ടുശേഖരണമടക്കമുള്ള കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെ ലക്ഷ്യമിടുന്നുണ്ട്‌.

ഫൊക്കാന പോലുള്ള പ്രവാസി മലയാളി സംഘടനകള്‍ യുവജനങ്ങളെ നേതൃനിരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രകടമായ തെളിവാണ്‌ ഫൊക്കാനയുടെ നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി ടെറണ്‍സണ്‍ തോമസ്‌. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നുവന്ന തരണ്‍സനെപ്പോലുള്ളവരുടെ സാന്നിധ്യം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജം പകരുമെന്ന തിരിച്ചറിവായിരിക്കാം ഇതിന്‌ പിന്നില്‍. 1993 ല്‍ അമേരിക്കന്‍ മലയാളിയായി കുടിയേറിയ കൊട്ടാരക്കര സ്വദേശിയായ ടെറന്‍സണ്‍ ചുരുങ്ങിയ കാലം കൊണ്ടാണ്‌ പ്രവാസി മലയാളി സംഘടനകളുടെ നേതൃനിരയിലേക്കുയര്‍ന്നത്‌. സ്‌കൂള്‍തലം മുതല്‍ പുലര്‍ത്തിവന്ന നേതൃപാടവവും വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ ലഭിച്ച അനുഭവസമ്പത്തുമാണ്‌ പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്‍സന്റെ ശ്രമങ്ങള്‍ക്ക്‌ സഹായകമായത്‌. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ ടെറന്‍സണെ തേടിയെത്തിയ ഫൊക്കാനയുടെ ദേശീയ ജോയിന്റ്‌ സെക്രട്ടറി പദം.

2009 ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക്‌ മേഖലാ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സന്‍ ആല്‍ബനിയില്‍ നടന്ന കണ്‍വെന്‍ഷനിലാണ്‌ സംഘടനയുടെ ജോയിന്റ്‌ സെക്രട്ടറി പദത്തിലെത്തുന്നത്‌. സെക്രട്ടറി പദത്തിലേക്കായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതെങ്കിലും സമവായത്തിലൂടെ ജോയിന്റ്‌ സെക്രട്ടറി പദം തെരഞ്ഞെടുക്കുകയായിരുന്നു. പദവിയുടെ വലിപ്പമല്ല സാമൂഹ്യസേവനത്തിന്റെ മാനദണ്‌ഡമെന്ന വിളിച്ചുപറയല്‍ കൂടിയായിരുന്നു ടെറന്‍സന്റെ തീരുമാനം. അധികാരത്തിന്റെ അപ്പകഷ്‌ണങ്ങള്‍ക്ക്‌ വേണ്ടിയുള്ള കടിപിടി പതിവായ നമ്മുടെ പൊതുപ്രവര്‍ത്തന രംഗത്തിന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്നതും ഇത്തരം മനസിന്റെ ഉടമകളെയാണെന്ന്‌ പറയാതെ വയ്യ. അന്യനാട്ടിലെ നിയമങ്ങള്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിധികള്‍ നിശ്ചിയിക്കുന്നുണ്ടെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന്‌ പ്രവാസി സംഘടനകള്‍ വഹിക്കുന്ന പങ്ക്‌ വലുതാണെന്ന്‌ തന്നെയാണ്‌ ടെറന്‍സന്റെ വിലയിരുത്തല്‍.

കൊട്ടാരക്കര സെന്റ്‌ ഗ്രിഗോറിയസ്‌ കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. കോളജ്‌ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍, സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി, സ്റ്റാഫ്‌ സ്റ്റുഡന്റ്‌സ്‌ ബോര്‍ഡ്‌ മെമ്പര്‍ തുടങ്ങിയ നിലകളില്‍ കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വെസ്റ്റ്‌ചെസ്റ്റര്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ന്യൂറോഷലെ കമ്മറ്റിയംഗം കൂടിയാണ്‌ ടെറന്‍സണ്‍.

ടെറന്‍സണുമായി ഇ മലയാളി കഴിഞ്ഞവര്‍ഷം നടത്തിയ അഭിമുഖത്തില്‍ നിന്ന്‌.

ഫൊക്കാനയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നു?

നന്നായി പോകുന്നു. സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം മൂലം ജനങ്ങളിലുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌. 2012 ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ലക്ഷ്യം വെച്ചുകൊണ്‌ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്‌.

ഫൊക്കാനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന്‌ തോന്നിയിട്ടുണ്ടോ?

ഏതൊരു സംഘടനയ്‌ക്കും വളര്‍ച്ച അനിവാര്യമാണ്‌. പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആഴം കൈവരിക്കേണ്‌ടതുണ്‌ട്‌. അതാതു രാജ്യത്തെ പ്രാദേശിക നേതൃത്വവുമായി കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിച്ച്‌ സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്‌ടുപോകാന്‍ കഴിയണം.

താങ്കളെപ്പോലെയുള്ള യുവജനങ്ങള്‍ക്ക്‌ ഫൊക്കാന പോലുള്ള സംഘടനകള്‍ അര്‍ഹമായ പ്രാമുഖ്യം നല്‍കുന്നുണ്ടോ?

തീര്‍ച്ചയായും, കൂടുതല്‍ യുവജനങ്ങളെ നേതൃനിരയിലേക്ക്‌ കൊണ്‌ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഫൊക്കാനയ്‌ക്ക്‌ കീഴിലുളള എല്ലാ അസോസിയേഷനുകളെയും ഇക്കാര്യത്തില്‍ ബോധവത്‌ക്കരിക്കുന്നുണ്‌ട്‌.

യുഎസിന്റെ ഇപ്പോഴത്തെ ഭരണനേതൃത്വത്തില്‍ ഇന്ത്യക്കാര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടല്ലോ? മലയാളികള്‍ ഈ മുന്നേറ്റത്തെ എങ്ങനെ കാണണമെന്നാണ്‌ അഭിപ്രായം?

ഇന്ത്യന്‍ വംശജര്‍ ഭരണനേതൃത്വത്തിലെത്തിയത്‌ ഗുണകരമായ കാര്യമാണ്‌. യുഎസ്‌ രാഷ്‌ട്രീയത്തിലുള്ള മലയാളികള്‍ക്ക്‌ സംഘടന എന്ന നിലയില്‍ ഫൊക്കാന എല്ലാ പിന്തുണയും നല്‍കുന്നുണ്‌ട്‌. ന്യൂയോര്‍ക്ക്‌ സിറ്റി, റോക്ക്‌ലാന്റ്‌ എന്നിവിടങ്ങളിലെ കൗണ്‍സിലുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ക്ക്‌ പൂര്‍ണപിന്തുണയുമായി ഫൊക്കാന ഉണ്ടായിരുന്നു. ഇവര്‍ക്ക്‌ വേണ്ടി പ്രചാരണത്തിനുവരെ ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇറങ്ങിയിരുന്നു.


മലയാളികളെ ഇത്തരത്തില്‍ നേതൃനിരയിലെത്തിക്കാന്‍ ലക്ഷ്യമിട്ട്‌ ഫൊക്കാന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ?

ആ രീതിയിലുള്ള എല്ലാ പ്രോത്സാഹനവും സംഘടനകള്‍ നല്‍കുന്നുണ്ട്‌. അമേരിക്കയില്‍ ജനച്ച മലയാളികളെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. അമേരിക്കന്‍ സമൂഹവുമായി ഇവര്‍ക്ക്‌ കൂടുതല്‍ അടുത്തിടപഴകാനാകും. യുഎസ്‌ രാഷ്‌ട്രീയത്തില്‍ താല്‍പര്യമുള്ളവര്‍ വളര്‍ന്നുവരണമെന്ന്‌ ഫൊക്കാന കണ്‍വെന്‍ഷനുകളില്‍ പ്രത്യേകം നിര്‍ദേശിക്കാറുമുണ്ട്‌.

ഓസ്‌ട്രേലിയയിലും മറ്റും നിരന്തരം അരങ്ങേറുന്ന വംശീയ ആക്രമണങ്ങള്‍ക്കും മറ്റും തടയിടാന്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു കഴിയുന്നുണ്ടോ?

തീര്‍ച്ചയായും, സംഘടനകളിലൂടെ സമൂഹവുമായി ഇഴുകിച്ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ അല്ലെങ്കില്‍ അവിടുത്തെ പ്രാദേശിക ജനതയുടെ സഹകരണം ഉറപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ കഴിയും.

ഫൊക്കാനയിലുണ്ടായ പിളര്‍പ്പ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

സംഘടനയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ചിലര്‍ മാറിപ്പോയി എന്നതാണ്‌ സത്യം. ഇത്‌ സംബന്ധിച്ച്‌ ജനങ്ങളിലുണ്ടായ ആശയക്കുഴപ്പം മാറ്റാന്‍ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്‌.

സംഘടനകള്‍ ഒന്നിക്കണം എന്ന്‌ തോന്നിയിട്ടുണ്ടോ?

വ്യക്തിപരമായി എന്റെ അഭിപ്രായം ഒന്നിച്ചുപോകണം എന്നു തന്നെയാണ്‌. എല്ലാ സംഘടനകളേയും ഒരു ഭാഗത്തേക്ക്‌ കൊണ്ടുവരണം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കാവുന്നതേയുളളു. ഇതിനുള്ള വേദി ഒരുങ്ങുന്നില്ല എന്നതാണ്‌ വസ്‌തുത. ഫൊക്കാനയും ഫൊമ്മയും നേരിട്ട്‌ ചര്‍ച്ച നടത്തുന്നതിനേക്കാള്‍ ഇവര്‍ക്ക്‌ കീഴിലുള്ള മറ്റ്‌ അസോസിയേഷനുകള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ പങ്ക്‌ വഹിക്കാനാകും.

യുഎസിലും ഇന്ത്യയിലും അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ എച്ച്‌ വണ്‍ ബി വിസപ്രശ്‌നം. ഒരു സംഘടനാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു? പ്രത്യേകിച്ച്‌ കേരളം ഒരു ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുമ്പോള്‍?

മലയാളി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം തുല്യദു:ഖിതനാണ്‌. പക്ഷെ ഓരോ സര്‍ക്കാരിന്റെയും നയങ്ങളില്‍ സംഘടനകള്‍ക്ക്‌ കൈകടത്താനാകില്ലല്ലോ

ഫൊക്കാന പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം മറുനാട്ടിലും മലയാളിയുടെ സാംസ്‌കാരിക മൂല്യം കാത്തുസൂക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും നാട്ടിലെ എല്ലാ ആഘോഷങ്ങളും ഇവിടെയും കൊണ്ടാടാറുണ്ട്‌. പ്രത്യേകിച്ച്‌ ഓണവും മറ്റും. ആഘോഷങ്ങളുടെ തനിമ ചോരാതെ ഇവിടെയും അവതരിപ്പിക്കാനാണ്‌ ശ്രമിക്കാറുള്ളത്‌. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും ഇത്തരം ചടങ്ങുകളെക്കുറിച്ച്‌ ഇവിടുത്തുകാരില്‍ അറിവ്‌ പകരാനും ഇത്‌ വളരെയധികം സഹായിക്കുന്നുണ്ട്‌.

കേരളവുമായി ബന്ധപ്പെട്ട്‌ പ്രവാസി മലയാളികളുടെ ഒരുപാട്‌ ആവശ്യങ്ങള്‍ ഇനിയും നിറവേറാതെ കിടക്കുന്നുണ്ട്‌. എന്താണ്‌ ഇതിനൊരു പരിഹാരം?

കേരളവുമായി ബന്ധപ്പെട്ട്‌ ഇനിയും പ്രവാസി മലയാളി സംഘടനകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്‌. . ഇതിന്റെ ഭാഗമായിട്ടാണ്‌ ഫൊക്കാന പോലുള്ള സംഘടനകളുടെ പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌. നിയമസഭയില്‍ പോലും പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ എത്തിപ്പെടണമെന്നാണ്‌ ആഗ്രഹം.

ഫൊക്കാനയുടെ ഭാവിപദ്ധതികള്‍?

കൂടുതല്‍ വ്യത്യസ്‌തമായ പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. കൂടുതലായി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലേണ്ടത്‌ ആവശ്യമാണ്‌. വളരെയധികം ആളുകള്‍ക്ക്‌ സംഘടനയോടുള്ള താല്‍പര്യം കുറഞ്ഞുവരികയാണ്‌. ചിലര്‍ പൂര്‍ണമായും അകന്നു നില്‍ക്കുന്നു. ഇവരെയൊക്കെ തിരിച്ചുകൊണ്ടുവരണം.

പല മേഖലകളില്‍ നിന്നുള്ളവരാണല്ലോ ഫൊക്കാന പോലുള്ള സംഘടനകളിലെ അംഗങ്ങള്‍. ഇവരെ എങ്ങനെ കോ-ഓര്‍ഡിനേറ്റ്‌ ചെയ്യുന്നു?

എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഫൊക്കാനയുടെ പ്രവര്‍ത്തനം. ഇവര്‍ക്കായി പ്രത്യേകം പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്‌.

നാട്ടിലേക്കുള്ള യാത്രകള്‍?

എല്ലാ വര്‍ഷവും നാട്ടിലെത്താന്‍ ശ്രദ്ധിക്കാറുണ്ട്‌. കുട്ടികളുടെ അവധി കണക്കിലെടുത്തായിരിക്കും യാത്ര.

നാടിനെക്കുറിച്ചുളള ഓര്‍മകള്‍?

വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന നല്ല കൂട്ടുകെട്ടുകള്‍ ഇപ്പോഴും ഊഷ്‌മളതയോടെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമായി കരുതുന്നു. പലരും ഇന്ന്‌ പല മേഖലയിലാണ്‌. എന്നാല്‍ പഴയ ബന്ധം നിലനിര്‍ത്തുന്നുണ്ട്‌. ഇത്‌ നല്ല ഓര്‍മകളാണ്‌ നല്‍കുന്നത്‌.

ഭാര്യ, കുട്ടികള്‍ ഇവരെക്കുറിച്ച്‌?

ഭാര്യ ആനി പത്തനാപുരം സ്വദേശിനിയാണ്‌. സൗണ്ട്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സാണ്‌. മുന്ന്‌ മക്കളുണ്ട്‌. മൂത്ത മകള്‍ അഞ്‌ജലി ആറാം ഗ്രേഡിലും രണ്‌ടാമത്തെ മകള്‍ ആശ ഒന്നാം ഗ്രേഡിലും പഠിക്കുന്നു. ഇളയ മകന്‍ അഖില്‍ നഴ്‌സറി സ്‌കൂളിലാണ്‌.
കൊല്ലം തലവൂരിലെ ദേവിവിലാസം ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി‍.

ഫൊക്കാന ജനറല്‍ സെക്രട്ടറി: ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക