Image

മരണത്തോടു മല്ലിടുന്ന ഈ സഹോദരങ്ങളെ സഹായിക്കുക

Published on 27 April, 2013
മരണത്തോടു മല്ലിടുന്ന ഈ സഹോദരങ്ങളെ സഹായിക്കുക
അവിരാമമായ സേവനത്തിന്റെ പതിനഞ്ച്‌ വര്‍ഷത്തെ പാരമ്പര്യമുള്ള ജീവകാരുണ്യപ്രസ്ഥാനമാണ്‌ പുതുപ്പള്ളി ചാരിറ്റബിള്‍ ക്ലബ്‌. കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും വഴിയില്‍ ഒരു പടികൂടി മുന്നോട്ടു വച്ചുകൊണ്‌ട്‌ ചാരിറ്റബിള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കനിവാര്‍ന്ന ഒരു സംരംഭമാണ്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റ്‌.

ജീവിതത്തിലേക്ക്‌ ഇനിയൊരു മടങ്ങിവരവിനുള്ള എല്ലാ പ്രതീക്ഷയും അവസാനിച്ച്‌, ആശുപത്രിയില്‍ നിന്ന്‌ ഉപേക്ഷിക്കപ്പെട്ട, മരണാസന്നരും നിരാശ്രയരുമായ മാരകരോഗികളെ വേദനരഹിതരായി ശാന്തമായി മരിക്കാന്‍ അവസരമൊരുക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശ്യം.

പാലിയേറ്റീവ്‌ യൂണിറ്റിലെ ഡോക്‌ടര്‍മാരും നേഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ ടീം രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ അവര്‍ക്കുവേണ്‌ട പരിചരണവും ശുശ്രൂഷയും സൗജന്യമായി നല്‌കി അവരെ സാന്ത്വനിപ്പിക്കുന്നു. വാട്ടര്‍ബെഡ്‌, റയിസ്‌ ട്യൂബ്‌, യൂറിന്‍ ട്യൂബ്‌, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിന്‌ മാസം തോറും വലിയ ഒരു തുകയാണ്‌ ചെലവഴിക്കേണ്‌ടി വരുന്നത്‌.

എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന വൈദ്യസഹായ കേന്ദ്രത്തില്‍ മെഡിക്കല്‍ രംഗത്തെ പ്രമുഖരായ ഡോക്‌ടര്‍മാര്‍ രോഗികളെ സൗജന്യമായി ചികിത്സിക്കുന്നു.

ഡോ. സുഗുണന്‍ മറ്റത്തില്‍ എംബി.ബി.എസ്‌, ഡോ. എന്‍.ടി ഏബ്രഹാം എം.ഡി, ഡോ. വി.പി രാജന്‍ എം.ബി.ബി.എസ്‌ ഡി.ജി.ഒ, ഡി - ഓര്‍ത്തോ, ഡോ. വി.ആര്‍ ശശിധരന്‍ എം.ബി.ബി.എസ്‌ എം.ഫില്‍, ഡോ. ഷാജഹാന്‍ എന്നിവര്‍ ചാരിറ്റബിള്‍ ക്ലബിലെ സേവന മനസ്‌കരായ ഡോക്‌ടര്‍മാരില്‍ ചിലര്‍ മാത്രമാണ്‌.

ഡോക്‌ടര്‍മാരുടെ സേവനത്തോടൊപ്പം മരുന്നുകളും സൗജന്യമായി നല്‌കുന്ന ഈ വൈദ്യസഹായ കേന്ദ്രത്തിലേക്ക്‌ ദിവസേന നൂറു കണക്കിന്‌ രോഗികളാണ്‌ എത്തുന്നത്‌.

ഇതിനു പുറമെ, മറ്റ്‌ ഹോസ്‌പിറ്റലുകളുമായി സഹകരിച്ച്‌ വിവിധ മെഡിക്കല്‍ ക്യാമ്പുകളും എല്ലാ വര്‍ഷവും മധുര അരവിന്ദ്‌ ആശുപത്രിയുമായി ചേര്‍ന്ന്‌ സൗജന്യതിമിര ശസ്‌ത്രക്രിയാ ക്യാമ്പും, കണ്ണടവിതരണവും സംഘടിപ്പിക്കാറുണ്‌ട്‌.

പൊതുജന ആരോഗ്യ രംഗത്ത്‌ വിദ്യാഭ്യാസ മേഖലയിലും വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ ചാരിറ്റബിള്‍ നടത്തുന്നുണ്‌ട്‌. വിദ്യാഭ്യാസ രംഗത്ത്‌ നേഴ്‌സിംഗ്‌ പഠനം ഉള്‍പ്പെടെയുള്ള പഠനസഹായപദ്ധതി സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നടപ്പാക്കിവരുന്നു.

നിഷ്‌കാമകര്‍മിയും സഹജീവികളുടെ സങ്കടങ്ങള്‍ സ്വന്തം ഹൃദയത്തുടിപ്പുകളായി ഏറ്റുവാങ്ങി സേവനനിരതമായ ഒരു ജീവിതത്തിനുടമയുമായ രാധാകൃഷ്‌ണന്‍ എന്ന എളിയ മനുഷ്യനാണ്‌ പുതുപ്പള്ളി ചാരിറ്റബിള്‍ ക്ലബിന്റെ താങ്ങും തണലുമായി വര്‍ത്തിക്കുന്നത്‌. `വിധവയുടെ ചില്ലിക്കാശു'പോലെ സാധാരണക്കാരായ ചുരുക്കം ആളുകള്‍ ദശാംശമായി നല്‌കുന്ന തുക കൊണ്‌ട്‌ ഞെങ്ങിഞെരുങ്ങിയാണ്‌ അദ്ദേഹം ഈ സംരംഭങ്ങളെല്ലാം നടത്തിക്കൊണ്‌ടു പോകുന്നത്‌.

മനസില്‍ കനിവിന്റെയും കാരുണ്യത്തിന്റെയും നീരുറവകള്‍ ഇനിയും വറ്റിയിട്ടില്ലാത്ത അമേരിക്കന്‍ മലയാളികളായ വായനക്കാര്‍, നാട്ടില്‍ മരണത്തോടു മല്ലിടുന്ന നിങ്ങളുടെ ഈ സഹോദരങ്ങളെ സഹായിക്കില്ലേ.

വിലാസം: എന്‍. രാധാകൃഷ്‌ണന്‍, പുതുപ്പള്ളി ചാരിറ്റബിള്‍ ക്ലബ്‌, പുതുപ്പള്ളി പി.ഒ, കോട്ടയം 686011, കേരള, ഇന്ത്യ, ഫോണ്‍: 9249239652.
മരണത്തോടു മല്ലിടുന്ന ഈ സഹോദരങ്ങളെ സഹായിക്കുക
മരണത്തോടു മല്ലിടുന്ന ഈ സഹോദരങ്ങളെ സഹായിക്കുക
മരണത്തോടു മല്ലിടുന്ന ഈ സഹോദരങ്ങളെ സഹായിക്കുക
Join WhatsApp News
Mathew Perumatha 2013-04-27 23:01:17
"...ഡോക്‌ടര്‍മാരുടെ സേവനത്തോടൊപ്പം മരുന്നുകളും സൗജന്യമായി നല്‌കുന്ന ഈ വൈദ്യസഹായ കേന്ദ്രത്തിലേക്ക്‌ ദിവസേന നൂറു കണക്കിന്‌ രോഗികളാണ്‌ എത്തുന്നത്‌..."
"...പൊതുജന ആരോഗ്യ രംഗത്ത്‌ വിദ്യാഭ്യാസ മേഖലയിലും വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ ചാരിറ്റബിള്‍ നടത്തുന്നുണ്‌ട്..."

ഇപ്പറയുന്ന പോലെ സേവനം നല്കുന്നുണ്ടെങ്കിൽ, "...വിധവയുടെ ചില്ലിക്കാശു പോലെ സാധാരണക്കാരായ ചുരുക്കം ആളുകള്‍ ദശാംശമായി നല്‌കുന്ന തുക കൊണ്‌ട് ഞെങ്ങിഞെരുങ്ങിയാണ്..." രാധാകൃഷ്ണൻ എന്ന എളിയ മനുഷ്യനു ഈ സംരംഭങ്ങളെല്ലാം നടത്തിക്കൊണ്ടു പോകുന്നത് എന്നു വിശ്വസിക്കാൻ പ്രയാസം. ദിവസേന നൂറു കണക്കിന് രോഗികൾ വന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽ കേവല ശ്രുശൂഷാ പോലും സാധ്യമല്ലാന്നു ആർക്കാ അറിയാൻ പാടില്ലാത്തത് ? "വാട്ടര്‍ബെഡ്‌, റയിസ്‌ ട്യൂബ്‌, യൂറിന്‍ ട്യൂബ്‌, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിന് മാസം തോറും വലിയ ഒരു തുകയാണു"ചിലവഴിക്കുന്നതെന്നു പറയുമ്പോൾ രോഗികൾ ധാരാളം എത്തുന്ന ഈ സ്ഥലത്ത് ലക്ഷക്കണക്കിന് രൂപ മാസം തോറും വേണ്ടിയിരിക്കുന്നു. അത് തീർച്ചയായും കൊടുക്കാൻ പല കേന്ദ്രങ്ങളും സ്ഥലത്ത് പ്രവർത്തിക്കുന്നുടാവും എന്നും ഊഹിക്കാം. അതൊക്കെ മറച്ചുവെച്ചു കൊണ്ട് ചില്ലറ തുട്ടുകളെ കിട്ടിന്നുള്ളൂ എന്ന് പറയുകയും മേല്പ്പറഞ്ഞ സാധന സാമഗ്രഹികൾ നല്കി ചികിത്സ നടത്താൻ കഴിയുകയും ചെയ്യുക സാദ്ധ്യമല്ല. ഗവർമെന്റിൽ നിന്നും സഹായം ഇതുപോലെ പ്രയിവെറ്റു ഉടമകൾ നടത്തുന്ന സേവന തലത്തിലുള്ള പ്രസ്ഥാനങ്ങൾക്ക്  നല്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ രാധാകൃഷ്ണന് അതോന്നും കിട്ടാതിരിക്കാൻ ഇടയില്ല.
ഈ പത്രത്തിന്റെ വായനക്കാർ കൂടുതലും പ്രവാസികളും അമേരിക്കയിൽ ഉള്ളവരും ആണ്. അമേരിക്ക യൂറോപ്പ് ഗൾഫു ജോലിയുള്ളവരാണ് കേരളത്തിലെ പാവപ്പെട്ടവർക്ക് ആശ്രയം എന്നൊരു തോന്നൽ ഉള്ളത് അടിസ്ഥാനമില്ലാത്തതാണ്. ഒട്ടനവധി റബ്ബർ തേയില കാപ്പി കുരുമുളക് ഏലം തേങ്ങാ അടക്കാ ഇഞ്ചി വാഴത്തോപ്പു മുതലാളിമാരും ബിസിനസ്സുകാരും കോടിക്കണക്കിനു രൂപ ധൂർത്തടിക്കുമ്പോൾ  വിദേശികളുടെ പണത്തിൽ മാത്രം പ്രതിപത്തി കാണിക്കുന്നത് മനസ്സിലാക്കാൻ വിഷമം! ഭൂരിഭാഗം പ്രവാസികളും ജീവിതം ഒരുവിധം നടത്തിപ്പോവുന്നവർ മാത്രമാണ് എന്നതാണ് സത്യം. അമേരിക്കയിലും ഗൾഫിലും മറ്റും വലിയ ധനികരുടെ വേഷം കെട്ടി പത്രത്തിൽ പേരും പടവും അടിച്ചു വരാൻ വേണ്ടി കാശു മുടക്കുന്നവരെ അറിയാം.
കാതലായി കേരളത്തിൽ സമൂഹം ഇതിനൊരു വഴി കണ്ടു പിടിക്കുക എന്നതു തന്നെ വഴിയുള്ളൂ. സർക്കാർ തലത്തിൽ ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ വഴി ഉണ്ടാക്കണം. അതിനുള്ള സാമ്പത്തികം കേരളത്തിനുണ്ട്. ഏതു പദ്ധതിയിലും കയ്യിട്ടു വാരുന്നവർ എല്ലാം പരാജയപ്പെടുത്തുന്നു എന്നതാണ് സത്യം. അതിന്റെ ഫലം വിദേശികൾ പരീക്ഷണങ്ങൾക്ക് ഇവർ പാത്രമാകും എന്നതു തന്നെ. മറ്റു പലവിധ ദ്രോഹങ്ങളും കൂടെ വരും, അത് ധാരാളം കേരളത്തിൽ നിന്നു കാണാനുമുണ്ട്. മതസ്ഥാപനങ്ങൾ പോലും സ്ഥാപിതതല്പരരുടെ കയ്യിൽ വീണു പോയി കുട്ടികളെയും സ്ത്രീകളെയും കടത്തുകയും പരീക്ഷങ്ങൾക്ക് നല്കുകയും ചെയ്യുന്നു. പ്രവാസികളുടെ കയ്യിൽ നിന്ന് ഒരിക്കലും സ്ഥിരമായി ഒരു സഹായരീതി പ്രതീക്ഷിക്കേണ്ട. അവര്ക്കതിനു  സാധ്യമല്ലാ. അല്പം ചില  ധനികർ സഹായിക്കുന്നില്ലാ എന്നില്ല, പക്ഷെ അത് കേരളത്തിലും നടക്കുന്നുണ്ട്, മെച്ചമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക