Image

പാക്കിസ്ഥാനെതിരെ സൈനിക നടപടി വേണം: യു.എസ്‌ സെനറ്റര്‍( അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 26 September, 2011
പാക്കിസ്ഥാനെതിരെ സൈനിക നടപടി വേണം: യു.എസ്‌ സെനറ്റര്‍( അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: അഫ്‌ഗാനിലെ യുഎസ്‌ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക്‌ സഹായം നല്‍കുന്നത്‌ തുടര്‍ന്നാല്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയെക്കുറിച്ച്‌ ആലോചിക്കണമെന്ന്‌്‌ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. ഇത്തരമൊരു നടപടിക്ക്‌ യുഎസ്‌ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്‌ടാകുമെന്നാണ്‌ താന്‍ കരുതുന്നതെന്നും ആംഡ്‌ സര്‍വീസ്‌ കമ്മിറ്റി അംഗം കൂടിയായ ഗ്രഹാം പറഞ്ഞു.

അമേരിക്കന്‍ സൈനികരെ കൊല്ലുന്നതിന്‌ പാക്കിസ്ഥാന്‍ കൂട്ടു നില്‍ക്കുകയാണ്‌. തീവ്രവാദത്തെ ദേശീയ നയമായി അംഗീകരിച്ച്‌ സഖ്യ രാജ്യങ്ങളെ അപമാനിക്കാനാണ്‌ പാക്കിസ്ഥാന്റെ ശ്രമമെങ്കില്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളെയുക്കുറിച്ച്‌ ആലോചിക്കണമെന്നും ഗ്രഹാം പറഞ്ഞു.

നുണ പരിശോധനയില്‍ വിജയിച്ചാല്‍ സാറാ പാലിന്‌ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം

ന്യൂയോര്‍ക്ക്‌: ജോ മഗ്‌ഗിന്നിസ്‌ രചിച്ച സാറാ പാലിന്റെ ആത്മകഥയായ `ദ്‌ റോഗ്‌: സേര്‍ച്ചിംഗ്‌ ഫോര്‍ ദ്‌ റിയല്‍ സാറാ പാലിന്‍' എന്ന പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‌ നുണ പരിശോധനയിലൂടെ തെളിയിച്ചാല്‍ സാറാ പാലിന്‌ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. ആഷ്‌ലി മാഡിസണ്‍.കോമാണ്‌ പാലിന്‌ വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുന്നത്‌.

പാലിന്‍ കൊക്കൈയ്‌ന്‍ ഉപയോഗിച്ചിരുന്നതായും മുന്‍ ബാസ്‌കറ്റ്‌ ബോള്‍ താരവുമായും ഭര്‍ത്താവ്‌ ടോഡ്‌ പാലിന്റെ ബിസിനസ്‌ പങ്കാളിയുമായും അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായും പുസ്‌തകത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മുന്‍ അലാസ്‌കന്‍ ഗവര്‍ണര്‍ കൂടിയായ പാലിന്‍ ശക്തമായി നിഷേധിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ആഷ്‌ലി മാഡിസണ്‍.കോം പാലിനെയും ഭര്‍ത്താവ്‌ ടോഡ്‌ പാലിനെയും പോളിഗ്രാഫ്‌ ടെസ്റ്റിനായി വെല്ലുവിളിച്ചിരിക്കുന്നത്‌. ഇതിനായി ഒരു സര്‍ട്ടിഫൈഡ്‌ പോളിഗ്രാഫ്‌ പരിശോധകനെ ഏര്‍പ്പെടുത്താമെന്നും വിവാദങ്ങളെക്കുറിച്ചു മാത്രമെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കൂവെന്നും വെബ്‌സൈറ്റ്‌ വ്യക്തമാക്കി. പോളിഗ്രാഫ്‌ പരിശോധനയില്‍ വിജയിച്ചാല്‍ അപ്പോള്‍തന്നെ ഒരു മില്യണ്‍ ഡോളറിന്റെ ചെക്ക്‌ പാലിന്‌ നല്‍കുമെന്നും ആഷ്‌ലി മാഡിസണ്‍.കോം അധികൃതര്‍ അറിയിച്ചു.

ഇറാന്‍ വിട്ടയച്ച യുഎസ്‌ പൗരന്‍മാര്‍ നാട്ടില്‍ തിരിച്ചെത്തി

ന്യൂയോര്‍ക്ക്‌: അനധികൃതമായി ഇറാനില്‍ പ്രവേശിച്ചതിന്‌ രണ്‌ടു വര്‍ഷമായി തടവിലായിരുന്ന അമേരിക്കന്‍ പൗരന്‍മാരായ ജോഷ്വാ ഫറ്റാലും ഷെയ്‌ന്‍ ബോറും യുഎസില്‍ തിരിച്ചെത്തി. കഴിഞ്ഞ ആഴ്‌ചയാണ്‌ ഒരു ബില്യണ്‍ ഡോളര്‍ ജാമ്യത്തുകയില്‍ ഇരുവരെയും ഇറാന്‍ വിട്ടയച്ചത്‌. ഇവരോടൊപ്പം അറസ്റ്റിലായ സാറാ ഷൗര്‍ഡിനെ കഴിഞ്ഞ വര്‍ഷം ഇറാന്‍ വിട്ടയച്ചിരുന്നു.

2009ലാണ്‌ ഇറാന്‍-ഇറാഖ്‌ അതിര്‍ത്തിയിലെ സമാധാനപരമായ കുര്‍ദ്ദ്‌ മേഖലകളില്‍കൂടി സഞ്ചരിക്കുകയായിരുന്ന മൂന്നു പേരെയും ഇറാന്‍ സൈന്യം അറസ്റ്റു ചെയ്‌തത്‌. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതാണെന്ന്‌ മൂന്നു പേരും അറിയിച്ചെങ്കിലും ഇറാന്‍ സൈന്യം ഇവരെ തടവിലാക്കുകയായിരുന്നു. സാറാ ഷൗര്‍ഡിനെ വിചാരണയൊന്നുമില്ലാതെ തന്നെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചുവെങ്കിലും ജോഷ്വാ ഫറ്റാലിനും ഷെയ്‌ന്‍ ബോറിനുമെതിരെ ഇറാന്‍ കഴിഞ്ഞ മാസം ചാരവൃത്തിക്കുറ്റം ചുമത്തിയിരുന്നു.

അതിര്‍ത്തി ലംഘിച്ചതുകൊണ്‌ടല്ല അമേരിക്കക്കാരായതുകൊണ്‌ടു മാത്രമാണ്‌ തങ്ങളെ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ചതെന്ന്‌ യുഎസിലെത്തിയ ഇരുവരും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

യുഎസ്‌ ബോക്‌സോഫീസില്‍ `ലയണ്‍ കിംഗ്‌' തരംഗം

ന്യൂയോര്‍ക്ക്‌: ഡിസ്‌നിയുടെ ത്രീ ഡി ചിത്രം `ലയണ്‍ കിംഗ്‌' യുഎസ്‌ ബോക്‌സോഫീസ്‌ ഭരിക്കുന്നു. സൂപ്പര്‍ താരം ബ്രാഡ്‌ പിറ്റിന്റെ മണിബോളിനെ രണ്‌ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ ലയണ്‍ കിംഗ്‌ ബോക്‌സോഫീസില്‍ തരംഗമാകുന്നത്‌. തുടര്‍ച്ചയായ രണ്‌ടാം വാരമാണ്‌ ലയണ്‍ കിംഗ്‌ ബോക്‌സോഫീസില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്‌.

22.1 മില്യണ്‍ ഡോളറാണ്‌ ചിത്രം രണ്‌ടാഴ്‌ച കൊണ്‌ട്‌ വാരിക്കൂട്ടിയത്‌. 20.6 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ ബ്രാഡ്‌ പിറ്റിന്റെ മണിബോള്‍ രണ്‌ടാം സ്ഥാനത്തുണ്‌ട്‌. 20.3 മില്യണ്‍ ഡോളര്‍ നേടിയ കുടുംബചിത്രമായ ഡോള്‍ഫിന്‍ ടെയ്‌ല്‍ ആണ്‌ മൂന്നാം സ്ഥാനത്ത്‌. കണക്കുക്കൂട്ടലുകളെപ്പോലും തകര്‍ത്ത കളക്ഷനാണ്‌ ലയണ്‍ കിംഗ്‌ ത്രി ഡി നേടിയതെന്ന്‌ ഡിസ്‌നി ഡിസ്‌ട്രിബ്യൂഷന്‍ ഹെഡ്‌ ഡേവ്‌ ഹോളിസ്‌ പറഞ്ഞു.

റെക്കോര്‍ഡിലേക്ക്‌ നീന്താന്‍ ഡയാന ന്യാഡ്‌ പരിശീലനം ആരംഭിച്ചു

മിയാമി: ക്യൂബയില്‍ നിന്ന്‌ ഫ്‌ളോറിഡവരെ കടലില്‍ നീന്തി റെക്കോര്‍ഡിടാനുള്ള ശ്രമത്തിനിടെ ജെല്ലി ഫിഷിന്റെ അക്രമണത്തില്‍ പരിക്കേറ്റ യുഎസ്‌ സാഹസിക ഡയാന ന്യാഡ്‌ വീണ്‌ടും പരിശീലനമാരംഭിച്ചു. റെക്കോര്‍ഡ്‌ കുറിക്കാനുള്ള പരിശീലനം പുനരാരംഭിച്ച കാര്യം 62 കാരിയായ ഡയാന തന്നെയാണ്‌ തന്റെ ട്വിറ്ററില്‍ കുറിച്ചത്‌.

ക്യൂബയില്‍ നിന്ന്‌ ഫ്‌ളോറിഡ വരെയുള്ള 166 കിലോമീറ്റര്‍ ദൂരമാണ്‌ ഡയാന നീന്തിക്കയറാന്‍ ശ്രമിക്കുന്നത്‌. കൊലയാളി സ്രാവുകള്‍ നിറഞ്ഞ അത്യന്തം അപകടകരമായ കടല്‍ മേഖലയിലൂടെയാണ്‌ ഡയാനയുടെ നീന്തല്‍ സാഹസം.

ഒടുവില്‍ ബോയിംഗിന്റെ ഡ്രീം ലൈനര്‍ പറക്കാന്‍ തയാറായി

ന്യൂയോര്‍ക്ക്‌: യുഎസ്‌ വിമാനനിര്‍മാതാക്കളായ ബോയിംഗിന്റെ സ്വപ്‌നവിമാനങ്ങളിലൊന്നായ ഡ്രീംലൈനര്‍-787 ഒടുവില്‍ പറക്കാന്‍ തയാറെടുക്കുന്നു. ജപ്പാനിലെ ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സിനു വേണ്‌ടി നിര്‍മിച്ച ഡ്രീംലൈനറിന്റെ ആദ്യ വിമാനമാണ്‌ ഒടുവില്‍ പറക്കലിന്‌ തയാറായിരിക്കുന്നത്‌. നിര്‍മാണത്തിനിടെ നിരവധി തിരിച്ചടികള്‍ നേരിട്ടതിനെത്തുടര്‍ന്നാണ്‌ 2008ല്‍ കൈമാറാനിരുന്ന വിമാനം മൂന്നു വര്‍ഷം വൈകിയാണ്‌ കൈമാറുന്നത്‌.

ജനുവരിയില്‍ നടന്ന പരീക്ഷണ പറക്കലിനിടെ ബോര്‍ഡില്‍ തീ കണ്‌ടെത്തിയത്‌ ബോയിംഗിന്‌ തിരിച്ചടിയായിരുന്നു. ബോയിംഗ്‌ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതും ഭാരം കുറഞ്ഞതുമായ വിമാനമാണ്‌ ബോയിംഗ്‌ ഡ്രീംലൈനര്‍. വിമാന നിര്‍മാണത്തിനിടെ നേരിട്ട തിരിച്ചടികള്‍ ബോയിംഗിന്റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിച്ചിരുന്നു. ഡ്രീംലൈനര്‍ പറന്നു തുടങ്ങുന്നതോടെ അതെല്ലാം മായ്‌ച്ചു കളയാനാകുമെന്നാണ്‌ ബോയിംഗിന്റെ പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക