വിചാരവേദിയുടെ ഈ മാസത്തെ മീറ്റിംഗ് കെ. സി. എ.
എന്‍. എ.- യില്‍ വച്ച് വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
ഡോ. എന്‍. പി. ഷീലയുടേയും മനോഹര്‍ തോമസ്സിന്റേയും കവിതാ പാരായണത്തോടെയാണ്
മീറ്റിംഗ് ആരംഭിച്ചത്. സ്ത്രീ-ബാല പീഡനത്തിനെതിരെ, കുടുംബ
ശാക്തീകരണത്തിനുവേണ്ടി, വിചാരവേദി നടത്തിയ സെമിനാറില്‍ സ്ത്രീ-ബലപീഡനം
സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുഞ്ഞൂങ്ങള്‍ക്കും എതിരെ ഇന്നു
സാര്‍വത്രികമായിരിക്കുന്ന ലൈംഗികാക്രമണം അവസാനിപ്പിക്കാന്‍ കഴിയുമോ? കഴിയും,
ഉടനെ എന്നാണ് മാനവവികാസശാസ്ത്രജ്ഞനും പ്രമുഖ ഗ്രന്ഥകാരനുമായ പ്രൊഫ. എ.
കെ. ബി. പിള്ളയുടെ നിഗമനം. സ്ത്രീ-ബാലപീഡനം അവസാനിപ്പിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍അതിന്റെ എല്ലാ ലൈംഗിക കാര്യങ്ങളുടേയും സംസ്‌കാരത്തിന്റേയും
മനുഷ്യസ്വഭാവത്തിന്റേയും ബന്ധത്തില്‍, തന്റെ women & Children: Sexual
Abuse and Violence with A Plan to Stop now! എന്നകൃതിയില്‍ പ്രഗത്ഭമായി ഡോ. എ. കെ. ബി. പിള്ള വിശദീകരിക്കുന്നു. ഡോ. എ. കെ. ബി. യുടെ ചിന്ത തിരുവനന്തപുരത്ത് പ്രസ്സ്‌ക്ലബിള്‍ വച്ച് ഒരു
യോഗത്തിലും ദൂരദര്‍ശനില്‍ ഒരു നീണ്ട പരിപാടിയിലും മലയാള മനോരമ, മംഗളം
തുടങ്ങിയ പത്രറിപ്പോര്‍ട്ടുകളോടും സഹിത്യ, സാമൂഹ്യ-രാഷ്ട്രീയ
പ്രവര്‍ത്തകരുടെ ചര്‍ച്ചയോടും കൂടി ഇതിനു മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്.
വിചാരവേദി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷകനായിരുന്ന ഡോ. എ. കെ. ബി.
യുടെ പ്രഭാഷണവും പുസ്തകവും ചര്‍ച്ച ചെയ്യുകയുണ്ടായി.ഡല്‍ഹിയില്‍ ഈ
അടുത്തകാലത്ത് നടന്ന കൂട്ടബലാത്സഗത്തിന് ഇരയായ പെണ്‍കുട്ടിയെ
സ്മരിച്ചുകൊണ്ട് സാംസി കൊടുമണ്‍ സ്വാഗതമായി ഭാരതത്തിലെന്നല്ല, ലോകമെങ്ങും
സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്ന ഈ പ്രശ്‌നത്തെ വിശദീകരിച്ചു. വാസുദേവ്
പുളിക്കല്‍ മാനുഷികമായ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം കാണനുള്ള
ഡോ. എ. കെ. ബി. യുടെ പ്രഗത്ഭഗതയേയും ഉള്‍ക്കാഴ്ചയേയും വിശദീകരിച്ചുകൊണ്ട്
ക്രിമിനല്‍ സ്വഭാവമുള്ള സ്ത്രീപീഡനക്കാരെ കര്‍ശനമായ ശിക്ഷ നല്‍കി ഉന്മൂലനം
ചെയ്യേണ്ടത് സുമൂഹത്തിന്റെ നന്മക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രൊഫ. ധ്യാന (ഡോണ), സ്വന്തം അനുഭവങ്ങളിലൂടെയും ലോകത്തിന്റെ പല
ഭാഗങ്ങളിലും ചെയ്ത ദീര്‍ഘമായ ജീവിത പഠനങ്ങളിലൂടെയും ഫലമാണ്് ഡോ. എ. കെ. ബി.
സ്ത്രീപീഡനത്തിന്റെ നിവാരണത്തിനു വേണ്ടി ഉള്ള അര്‍പ്പണബോധത്തോടെയുള്ള
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാക്കി.
മനുഷ്യരാശിയുടെ ഇന്നത്തെ ഗുരുതരമായ പ്രശ്‌നം സ്ത്രീ-ബാലപീഡനമാണെന്നും അത്
അവസാനിപ്പിച്ച് സ്‌നേഹപൂര്‍ണ്ണമായ കുടുംബജീവിതം നിലനിര്‍ത്തേണ്ടത്
മനുഷ്യന്റെ നിലനില്പിന് ആവശ്യമാണെന്നുമുള്ള പ്രസ്താവന ഡോ. എ. കെ. ബി.
പിള്ളയുടെ പ്രഭാഷണത്തിന്റെ മുഖവുരയായിരുന്നു. ഉടനെ, അതായത് ഒരു
മാസത്തിനുള്ളില്‍ സ്ത്രീപീഡനംപകുതിയെങ്കിലും കുറയ്ക്കാന്‍ കഴിയുന്ന ഒരു
പരിപാടി അദ്ദേഹം അവതരിപ്പിച്ചു. ഗവണ്‍മെന്റ്, പാര്‍ട്ടികള്‍,
സാമൂഹ്യപ്രവര്‍ത്തകര്‍ മുതലായവരുടെ ആഭിമുഖ്യത്തില്‍ ഈ പരിപാടികള്‍ നടത്തണം
എന്നാണ് അദ്ദേഹം അനുശാസിക്കുന്നത്. ഈ പരിപാടികളില്‍ മുഖ്യമായത് എല്ലാ
ജനസമൂഹങ്ങളിലും ജാഗ്രതാസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുക,
പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സ്ത്രീ-ബാലപീഡനക്കാരെ താക്കിതു
ചെയ്തുകൊണ്ട് നോട്ടീസ്‌ബോര്‍ഡുകള്‍ വയ്ക്കുക, ലഘുലേഖകളും പരസ്യങ്ങളും
പ്രസിദ്ധീകരിക്കുക എന്നിവയാണ്. കൂടാതെ, സമൂഹത്തെ ആകെ സംബന്ധിക്കുന്ന
ദീര്‍ഘകാല പരിപാടികളും ഡോ. എ. കെ. ബി. അവതരിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ
പ്രായോഗികതയെ ചോദ്യം ചെയ്യുന്നവരോട് ഡോ. എ. കെ. ബി. യുടെ മറുപടി
സ്ത്രീ-ബാലപീഡനം പ്ലേഗുപോലെ സാമുഹ്യമായ ഒരു വ്യാധിയാണെന്നും, അത് നീക്കം
ചെയ്യാന്‍ സമൂഹമാകെയുള്ള നടപടികള്‍ ആവശ്യമാണെന്നുമാണ്.
ഡോ. എ. കെ. ബി. യുടെ ജീവകാരുണ്യസ്വഭാവത്തേയും പ്രഗത്ഭതയേയും മാനിച്ച് പി. ടി. പൗലോസ് അവതരിപ്പിച്ച പ്രബന്ധത്തില്‍ കേരളത്തിലെ ഇന്നത്തെ അക്രമ മനഃസ്ഥിതിയുടേയും
കൊള്ളയടിയുടേയും അനീതിയുടേയും അന്തരീക്ഷത്തില്‍ ഈ പരിപാടികള്‍
നടപ്പാക്കാന്‍ നേരിടേണ്ടതിന്റെ പ്രശ്‌നത്തെ വിശദീകരിച്ചു കൊണ്ട്കേരളത്തിലെ ഈ
ദുരവസ്ഥയാണ് സ്ത്രീപീഡനത്തിനം ഉണ്ടാക്കുന്നതെന്നും, ഒരു പുതിയ ആകാശവും
പുതിയ ഭൂമിയുമാണ് നമുക്കാവശ്യമെന്നുംപ്രസ്താവിച്ചു. ഡോ. എ. കെ. ബി. യുടെ
പുസ്തകത്തെപറ്റി കെ. കെ. ജോണ്‍സന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഡോ. എ. കെ.
ബി. അവതരിപ്പിച്ച ദീര്‍ഘകാല പരിപാടികള്‍ കേരളത്തില്‍ പൊതുവെയുള്ള സാമൂഹ്യ
മാറ്റത്തിനെതിരായുള്ള മനഃസ്ഥ്തിയില്‍ സാവകാശമേ നടപ്പാക്കാന്‍
സാധിക്കുകയുള്ളു എന്ന് എ. കെ. ബി. യുടെ പദ്ധതികളോട് യോജിച്ചുകൊണ്ട്
പ്രസ്താവിച്ചു.സ്ത്രീപീഡനം അവസാനിപ്പിക്കാന്‍മനുഷ്യാണാം മനുഷ്യത്വം എന്ന്
മനസ്സിലാക്കി പെരുമാറേണ്ടത് അനിവാര്യമാണെന്ന് ് ഡോ. എന്‍. പി. ഷീലയും
മനുഷ്യരുടെ മാനസികമായ വികാസം സ്ത്രീപീഡനം അവസാനിപ്പിക്കാന്‍ ആവശ്യമാണെന്ന്
മനോഹര്‍ തോമസും അഭിപ്രായപ്പെട്ടു.
ഈ പ്രശ്‌നത്തിന് കാരണം നിയമസംഹിതയെ മാനിക്കാത്തതാണ്, കുട്ടികളെ നമ്മുടെ
സംസ്‌കാരത്തിന്റെ മേന്മ മനസ്സിലാക്കാന്‍ പര്യാപ്തമായ വിദ്യാഭ്യാസം നല്‍കണം
എന്ന് ബാബു പാറക്കലും സ്ത്രീപീഡനനിവാരണം ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണ്,
ഡോ. എ. കെ. ബി.അതിന് പരിഹാരം നിര്‍ദ്ദേശിച്ചത് ഉചിതമായി എന്ന് ഡോ.
നന്ദ്കുമാറും പ്രസ്താവിച്ചു. ഫെമിനസത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു
കൊണ്ട് അമേരിക്കന്‍ സ്വദേശിയായ പ്രൊഫ. ജോണ്‍ മുള്ളറും പുരുഷമേല്‍ക്കോയ്മയെ
അനുകൂലിച്ചുകൊണ്ട് എല്‍സി യോഹാന്നാന്‍ ശങ്കരത്തിലും സംസാരിച്ചു.
സ്ത്രീപീഡനം മനുഷ്യവര്‍ഗ്ഗത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ഗുരുതരമായ
പ്രശ്‌നമാണ്, സ്ര്ത്രീയെ സഹജീവിയായി കണക്കാക്കിയായാല്‍ ഈ പ്രശ്‌നത്തിന്
പാരിഹാരം കാണാന്‍ സാധിക്കുമെന്ന് മൊണ്‍സി കൊടുമണ്ണും, പുരുഷ്യന്റെ
നീചഭാവത്തില്‍ നിന്നുടലെടുക്കുന്ന സ്ത്രീപീഡനത്തേയും അക്രമത്തേയും
അടിച്ചമര്‍ത്താനുള്ള ഡോ. എ. കെ. ബി. യുടെ തൃഷ്ണയാണ്
സുന്ദരമായ ശൈലിയില്‍ എഴുതിയിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കാണുന്നതെന്ന് ജോണ്‍ വേറ്റവും പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മനസ്സിലാക്കുന്നതിന് വീട്ടിലും
വിദ്യാലയങ്ങളിലും ഇടപഴകാനുള്ള സ്വാതന്ത്ര്യം, കുഞ്ഞുങ്ങളുടെ
വിചാരവികാരങ്ങള്‍ അറിയിക്കാനുംമതാപിതാക്കള്‍ക്ക് അതറിയാനും ഉള്ള മനഃസ്ഥിതി,
ശാസ്ത്രീയമായ ലൈംഗികവിദ്യാഭാസം, എല്ലാത്തിനും ഉപരിയായി സ്ത്രീകളുടെ
വികാരങ്ങളെ മാനിച്ചുകൊണ്ടുള്ള ഭര്യ-ഭര്‍ത്തൃബന്ധം മുതലായ കാര്യങ്ങളെ
സംബന്ധിച്ചുള്ള ഡോ. എ. കെ. ബി. യുടെ നിലപാടിനോട് ചര്‍ച്ചയില്‍
പെങ്കെടുത്തവര്‍ യോജിക്കുന്നതായി കണ്ടു.
സാഹിത്യ ചര്‍ച്ചകള്‍ക്കു പുറമെ സമകാലീന പ്രശ്‌നങ്ങളുടെ
ചര്‍ച്ചകളിലും,അമേരിക്കന്‍ മലയാളികളുടെ സ്‌നേഹസംഗമത്തിലും ബുദ്ധിജീവികളുടെ
പ്രവര്‍ത്തനത്തിലും കേന്ദീകരിച്ചിരിക്കുന്ന വിചാരവേദിയുടെ ഒരു പ്രധാന
ചടങ്ങായിരുന്നു ഈ സെമിനാര്‍.