Image

കൗമാരക്കാരും മാതാപിതാക്കളും (ഗീത തമ്പി)

Published on 23 August, 2013
കൗമാരക്കാരും മാതാപിതാക്കളും (ഗീത തമ്പി)
`ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക. വ്യദ്ധനായാലും അത്‌ അവനെ വിട്ടു മാറുകയില്ല' (സദൃശവാക്യങ്ങള്‍ 226)

ഒരിക്കല്‍ കിലുക്കാം പെട്ടിയായിരുന്ന നിങ്ങളുടെ മകന്‍ ഇപ്പോള്‍ ഒരു വാചകത്തില്‍ നിങ്ങളോട്‌ ഉത്തരം പറഞ്ഞ്‌ അവന്റെ മുറിയിലേക്ക്‌ വലിയുന്നു. നിങ്ങളുടെ സുന്ദരിക്കുട്ടി മകള്‍ക്ക്‌ നിങ്ങളോടൊപ്പം ഷോപ്പിങ്ങിന്‌ പോകുന്നതില്‍ താത്‌പര്യം ഇല്ലാതെയായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല. അവര്‍ കൗമാരത്തിന്റെ കൗതുകങ്ങളില്‍, അല്ലെങ്കില്‍ മധുരപതിനേഴിന്റ മോഹവലയത്തില്‍ പെട്ടിരിക്കുന്നു. ഇതില്‍ നിരാശപ്പെട്ടിട്ട്‌ കാര്യമില്ല. കാരണം, ഈ കാലഘട്ടത്തിലാണ്‌ അവര്‍ മാതാപിതാക്കളില്‍ നിന്ന്‌ അകലുന്നതും സ്വന്ത വ്യക്‌തിത്വത്തെ ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുന്നതും. ഇതു പ്രകൃതിജന്യമായ ഒന്നാണെങ്കിലും അത്‌പോലെ മാതാപിതാക്കളുടെ ശ്രദ്ധക്ക്‌ വിധേയപ്പെടേണ്ട ഒരു പ്രധാന വിഷയവുമാണ്‌. പതിമൂന്ന്‌ തുടങ്ങി പത്തൊമ്പത്‌ വരെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഈ ഘട്ടം, ഏതൊരു മാതാപിതാക്കളേയും സംബന്ധിച്ചടത്തോളം ഏറ്റവും വിഷമകരമായ ഒരു സമയമാണ്‌. വളര്‍ച്ചയുടെ ഈ കാലഘട്ടത്തെ നേരിടാന്‍ മാതാപിതാക്കളെ സാഹായിക്കുന്ന പല ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഇന്ന്‌ ലഭ്യമാണ്‌. അതില്‍ ചിലത്‌ ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെടും എന്ന ഉദ്ദേശ്യത്തോടെ ഇവിടെ കുറിക്കുന്നു.

ലൈങ്‌ഗീകതയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍:

പെണ്‍കുട്ടികളില്‍ യൗവനാരംഭം എട്ട്‌ വയസ്സു മുതല്‍ പതിനാല്‌ വയസ്സുവരെയാണ്‌. ഈ വളര്‍ച്ച മൂന്ന്‌ വര്‍ഷത്തോളം നീണ്ടു നില്‌ക്കും. ആണ്‍കുട്ടികളില്‍ ഒന്‍പത്‌ മുതല്‍ പത്തൊന്‍പതുവരെയും വളര്‍ച്ചയുടെ സമയമാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ ഈ സമയത്താണ്‌ ഉയരം വര്‍ദ്ധിക്കുകയും, ശരീരം തടിക്കുകയും, മാറിടത്തിന്‌ വളര്‍ച്ച ഉണ്ടാകുകയും, അരക്കെട്ടിന്‌ വണ്ണം വയ്‌ക്കുകയും ചെയ്യുന്നത്‌. ആണ്‍കുട്ടികള്‍ക്ക്‌ ഉയരം വര്‍ദ്ധിക്കുകയും, ശരീരത്തിന്‌ തൂക്കം കൂടുകയും, പേശികള്‍ക്ക്‌ ബലം വര്‍ദ്ധിക്കുകയും, ശബ്‌ദത്തിന്‌ ഘനം ഉണ്ടാകുകയും ചെയ്യുന്നതും ഈ പ്രായത്തിലാണ്‌. പെണ്‍കുട്ടികളില്‍ ആര്‍ത്തവവും ആണ്‍കുട്ടികള്‍ക്ക്‌ സ്വപ്‌നസ്‌കലനം തുടങ്ങിയവയും ഈ കാലഘട്ടവുമായി ബന്ധപ്പെട്ടവയാണ്‌. ശരീരത്തില്‍ നടക്കുന്ന രാസ പ്രവര്‍ത്തനം ഈ മാറ്റങ്ങള്‍ക്ക്‌ ഒരു പ്രധാന കാരണമാണ്‌. ആണിലും പെണ്ണിലും ലൈങ്‌ഗീക സ്വഭാവ വിശേഷങ്ങള്‍ രൂപാന്തരപ്പെടുന്നതും ഈ കാലങ്ങളിലാണ്‌.

സാഹസികതയും എടുത്തുചാട്ടവും:

ഞങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കുകയില്ല എന്ന മനോഭാവവും അതിരു കവിഞ്ഞ ആത്‌മവിശ്വാസവും കൗമാരക്കാരുടെ വളര്‍ച്ചയോട്‌ ചേര്‍ന്ന്‌ നില്‌ക്കുന്ന ചില പ്രത്യേക സ്വാഭാവ വിശേഷങ്ങളാണ്‌. അപകട സാദ്ധ്യതകള്‍ ഉള്ള പ്രശ്‌നങ്ങളെ നേരിടാനും അഭിമുഖീകരിക്കാനുമുള്ള അജ്‌ഞത നിറഞ്ഞ തന്റേടം ഇവര്‍ കാട്ടാറുണ്ട്‌. ഇന്നത്തെ പല വാഹന അപകടങ്ങളുടേയും കണക്കുകള്‍ പരിശോധിച്ചാല്‍, അതിന്റെ കാരണങ്ങളില്‍ നല്ലൊരു ശതമാനവും ചെറുപ്പക്കാരുടെ സംഭാവനയാണെന്നതിന്‌ സംശയമില്ല. ഡ്രൈവിങ്ങിലെ പരിചയക്കുറവ്‌, വരുംവരാഴികകളെക്കുറിച്ച്‌ നിര്‍ണ്ണയിക്കാനുള്ള കഴിവ്‌ ഇല്ലായ്‌മ, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, മദ്യപിച്ചുള്ള ഡ്രൈവിങ്ങ്‌, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെയുള്ള ഡ്രൈവിങ്ങ്‌, മയക്കു മരുന്നു കഴിച്ചിട്ടുള്ള വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം യൗവനവുമായി ബന്ധപ്പെട്ടു നില്‌ക്കുന്നു. സൈക്കിള്‍, സ്‌കെയിറ്റ്‌ ബോര്‍ഡ്‌, സ്‌പീഡ്‌ ബോട്ട്‌, സ്‌പോടക വസ്‌തുക്കളുടെ ഉപയോഗം, നീന്തല്‍, ഡൈവിങ്ങ്‌ തുടങ്ങിയ മേഖലകളിലെ അപകടങ്ങളിലും ചെറുപ്പക്കാര്‍ക്ക്‌ നല്ല ഒരു പങ്കുണ്ട്‌.

മാനസീകവും സാമൂഹ്യവുമായ വളര്‍ച്ച:

താന്‍ ആരാണെന്നും സമൂഹത്തില്‍ തന്റെ സ്ഥാനമെന്താണെന്നുമുള്ള നിരന്തരമായ അന്വേഷണവും അതിനനുസരിച്ച പെരുമാറ്റങ്ങളും പതിമൂന്ന്‌ തുടങ്ങി പതിനെട്ടു വരെയുള്ള കാലങ്ങളില്‍ ചെറുപ്പക്കാരില്‍ പ്രകടമായി കാണാന്‍ സാധിക്കും. പുരുഷസ്‌ത്രീ ബന്ധങ്ങളെക്കുറിച്ചുള്ള ആകുല ചിന്തകളും ഭയവും, സ്വവര്‍ഗ്ഗാനുരാഗവുമൊക്കെ ഈ കാലഘട്ടത്തില്‍ ഉടലെടുക്കുന്നു. മാതാപിതാക്കളുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാനുള്ള മനസില്ലായ്‌മ, `എനിക്കറിയാം' എന്ത്‌ ചെയ്യണമെന്ന ഭാവം, എതിര്‍പ്പ്‌ ഇവയെല്ലാം മാതാപിതാക്കള്‍ക്ക്‌ ഉറക്കമില്ലാത്ത രാവുകളെ പ്രദാനം ചെയ്യുന്നു. സുഹൃത്തുകളുടെ ഉപദേശവും അവരുടെ സഹവര്‍ത്തിത്വവും ഏറ്റവും ദൃഢീകരിക്കുന്നത്‌ ഈ സമയത്താണ്‌. സിനിമ, സംഗീതം, ക്ലബ്ബ്‌ ഇവയെല്ലാം ഈ പ്രായത്തിന്റെ ആവേശമാണ്‌. ഒരു പരിധിവരെ ഇവ ആത്‌മവിശ്വാസത്തെ വളര്‍ത്താനും ഉപകരിക്കുന്നു.

കൗമാരക്കാരുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക്‌ പത്തു സഹായികള്‍

1. കുറച്ചൊക്കെ അവരെ അവരുടെ വഴിയില്‍ വിടുക. അവര്‍ ആരാണെന്ന്‌ കണ്ടെത്താനും, ഈ ലോകത്തില്‍ അവര്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യം കൗമാരക്കാര്‍ക്ക്‌ അനുവദിക്കേണ്ടത്‌ അവരുടെ വളര്‍ച്ചക്കും ആത്‌മവിശ്വാസം വളര്‍ത്തി എടുക്കാനും അത്യന്താപേക്ഷികമായ ഘടകമാണ്‌. കുഞ്ഞുങ്ങള്‍ ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടാതെ സൂക്ഷിക്കുക എന്ന കര്‍ത്തവ്യവും ഇതിനോടൊപ്പം മാതാപിതാക്കളില്‍ നിഷിപ്‌തമാണ്‌.

2. നിങ്ങളുടെ നീക്കങ്ങള്‍ ബുദ്ധിപരമായിരിക്കണം. ജീവിതകാലം മുഴുവന്‍, മായാതെ നില്‌ക്കുന്ന കുഴപ്പങ്ങളില്‍ പെടാതെ കൗമാരക്കാരെ ശ്രദ്ധിക്കേണ്ടത്‌ ആവശ്യമാണ്‌. ശരീരത്തില്‍ പച്ച കുത്തി കാലത്തിന്റെ ഒഴുക്കിനൊത്ത്‌ നീങ്ങാനുള്ള പ്രവണത ഇതിനുദാഹരണമാണ്‌. എന്നാല്‍ തൊടുന്നതിനും പിടിക്കുന്നതിനും അവരെ ശല്യം ചെയ്യാതിരിക്കുക. തല മുട്ടയടിക്കുക, മുടി കളറു ചെയ്യുക, മുറി അടുക്കുംചിട്ടയിലും ഇടാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെ അവഗണിക്കുക.

3. നിങ്ങളുടെ മക്കളുടെ കൂട്ടുകാരേയും കൂട്ടുകാരികളേയും അത്താഴത്തിന്‌ ക്ഷണിക്കുക. വിന്നാഗരി (ചൊറുക്ക) കൊണ്ട്‌ കരടികളെ പിടിക്കുന്നതിനെക്കാളും തേന്‍ ഉപയോഗിച്ച്‌ കൂടുതല്‍ കരടികളെ പിടിക്കാം എന്ന പഴമൊഴി പോലെ, വേന്ദ്രന്മാരായ നിങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മനസ്സിലാക്കാന്‍ ഈ സ്‌നേഹ വിരുന്നില്‍ക്കൂടി കഴിയും. അതുപോലെ മാതാപിതാക്കളും കുഞ്ഞുങ്ങളുമായുള്ള ഇടപഴകലുകള്‍ മനസിലാക്കാന്‍ ഇത്‌ മറ്റു കുട്ടികളേയും സഹായിക്കും.

4. നടപ്പിലാക്കണ്ട അച്ചടക്ക നടപടികളെക്കുറിച്ച്‌ മാതാപിതാക്കളുടെ ഇടയില്‍ ധാരണ ഉണ്ടാക്കുക. മക്കളുടെമേല്‍ ഏതു തരത്തിലുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ച്‌ മാതാപിതാക്കള്‍ക്ക്‌ മുന്‍കൂട്ടി ധാരണ ഉണ്ടായിരിക്കേണ്ടത്‌ ഏറ്റവും ആവശ്യമാണ്‌. പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഒരുപോലെയായിരിക്കണം. ഒരാഴ്‌ച വാഹനം ഉപയോഗിക്കാന്‍ പാടില്ല എന്നു പറയുമ്പോഴും, ഇന്റര്‍ നെറ്റ്‌ ഉപയോഗത്തില്‍ വിലക്ക്‌ കല്‌പിക്കുമ്പോളും, ടി. വി. കാണുന്നതിന്‌ അനുവദിക്കാതിരിക്കുമ്പോഴും, മാതാപിതാക്കള്‍ക്ക്‌ ഒരേ നിലപാട്‌തന്നെ ആയിരിക്കണം. മക്കള്‍ അച്ചടക്ക നടപടിയെ എതിര്‍ക്കുമ്പോളും അവരുടെ മുന്നില്‍ വച്ച്‌ മാതാപിതാക്കള്‍ തമ്മില്‍ ഭിന്നിപ്പ്‌ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

5. സമയത്ത്‌ വീട്ടിലെത്തുക എന്ന നിബന്ധന. ഇത്‌ നടപ്പാക്കുമ്പോള്‍, അവരുടെ പ്രായം, അവര്‍ എവിടെ പോകുന്നു, ആരുടെ കൂടെ സമയം ചെലവഴിക്കുന്നു എന്നൊക്കെ മുന്‍കൂട്ടി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇടയ്‌ക്ക്‌ ഫോണില്‍ വിളിച്ച്‌ എവിടെയാണെന്ന വിവരം അറിയിക്കാനും സെല്‍ഫോണ്‍ ഓണ്‍ ചെയ്‌തിടാനും ഇവരെ ഓര്‍പ്പിക്കേണ്ടതാണ്‌. ഇത്‌ അവരില്‍ ഉത്താരവാദിത്വ ബോധം വളര്‍ത്തിയെടുക്കാനും സഹായിക്കും.

6. യൗവനവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച്‌ മക്കളോട്‌ സംസാരിക്കുക. മയക്കുമരുന്ന്‌, മദ്യം, ലൈങ്‌ഗിക പ്രവര്‍ത്തികളിലൂടെ ഉണ്ടാകുന്ന വിനകള്‍, സുഹൃത്തുക്കളുടെതന്നെയുള്ള ബലാല്‍സംഗത്തിന്‌ ഇരയാകല്‍, കൗമാരത്തിലെ ഗര്‍ഭധാരണം തുടങ്ങിയവ വരുത്തുന്ന അപകടങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വളരെ വിശദമായി മക്കളോട്‌ മാതാപിതാക്കള്‍ സംസാരിച്ചിരിക്കണം.

7. അപകടങ്ങളെ ഒഴിവാക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. മദ്യപിച്ച ഒരു ഡ്രൈവറുടെ കൂടെ യാത്ര ചെയ്യുന്നതിനേക്കാളും രാത്രി മൂന്ന്‌ മണിയായാലും നീ എന്നെ വിളിക്കുക എന്ന്‌ പറയുവാന്‍ മാതാപിതാക്കള്‍ മടികാട്ടരുത്‌. അല്ലെങ്കില്‍ ഒരു ടാക്‌സി വിളിച്ചു വരുവാനുള്ള കാശ്‌ കൈയില്‍ കരുതിയിരിക്കാനും ഓര്‍പ്പിക്കുക.

8. വാതായനം തുറന്നിടുക. പുറത്ത്‌ പോയിട്ട്‌ വരുന്ന മകനെയൊ മകളെയൊ ചോദ്യശരങ്ങളിലൂടെ ബുദ്ധിമുട്ടിക്കാതെ അന്നത്തെ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ അറിയാന്‍ താത്‌പര്യം കാണിക്കുക. ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന്‌ ചോദ്യക്കുകയോ, അല്ലെങ്കില്‍ അന്നത്തെ ദിവസത്തെ രസകരമായ സംഭവങ്ങള്‍ പങ്കു വയ്‌ക്കാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക. ഇവയിലൊന്നും അവര്‍ താത്‌പര്യം കാണിക്കുന്നില്ലെങ്കില്‍, നീ ക്ഷീണിതനായി കാണുന്നു, പോയി വിശ്രമിക്കുക, പിന്നീട്‌ സംസാരിക്കാം എന്ന്‌ പറഞ്ഞ്‌ പിന്‍വാങ്ങുക.#ോ

9. ഇടക്ക്‌ മക്കളെ കുറ്റബോധമുള്ളവരാക്കുക. ആത്‌മവിശ്വാസവും ആത്‌മാഭിമാനവും വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച്‌ വളരെ എഴുതിയെങ്കിലും, നാം തെറ്റു ചെയ്‌താല്‍ അതിനെക്കുറിച്ച്‌ കുറ്റബോധമുള്ളവാരായിരിക്കേണ്ടതും ആരോഗ്യപരമായ ജീവിതത്തിന്റെ ഭാഗമാണ്‌. കുഞ്ഞുങ്ങള്‍ തെറ്റു ചെയ്‌താല്‍ തീര്‍ച്ചയായും അവര്‍ കുറ്റബോധമുള്ളവരായിരിക്കണം. ഇത്‌ ചിന്താതലത്തില്‍ നടക്കുന്ന ഒരു പ്രക്രിയ ആയതുകൊണ്ട്‌ ഭാവിയില്‍ സമൂഹത്തിലെ നല്ല പൗരന്മാരായിരിക്കാന്‍ ഏറെ സഹായകരമായിരിക്കും.

10. മാതൃകാപരമായ ഒരു ജീവിതം കുഞ്ഞുങ്ങളുടെ മുന്നില്‍ കാഴ്‌ച വയ്‌ക്കുക. ആയിരം വാക്കുകളെക്കാള്‍ ഒരു ചെറിയ പ്രവര്‍ത്തി ഉത്തമം എന്നു പറഞ്ഞതുപോലെ, കുഞ്ഞുങ്ങളുടെ മുന്നില്‍ നാം എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച്‌ ബോധവാന്മാരും ബോധവതികളുമായിരിക്കുക. മദ്യപാനം, പുകവലി, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്‌പര ബഹുമാനം ഇല്ലാതെ സംസാരിക്കുക ഇവയെല്ലാം അടുത്ത തലമുറയുടെമേല്‍ വളരെയധികം സ്വാധീനം ചെലത്തും എന്ന്‌ ഓര്‍ത്തിരിക്കുക. കുഞ്ഞുങ്ങള്‍ക്ക്‌ താത്‌പര്യമുള്ള കളികളിലും, കളിക്കാരെക്കുറിച്ചും മനസ്സിലാക്കിയിരിക്കുന്നത്‌ അവരുമായുള്ള സംഭാഷണത്തിനും ആശയവിനിമയത്തിനും നല്ലൊരു മാര്‍ഗ്ഗമാണ്‌. എല്ലാത്തിലുമുപരി കുഞ്ഞുങ്ങളുടെ നല്ല സുഹൃത്തായിരിക്കുക.

`പുത്രന്മാരെയും പുത്രിമാരെയും അഞ്ചു വയസ്സുവരെ രാജാവിനെപ്പോലെയും രാജ്‌ഞിയെപ്പോലെയും, പതിനഞ്ച്‌ വയസ്സോളം ഭൃത്യനെപ്പോലെയും ഭൃത്യയെപ്പോലെയും, പതിനാറു വയസ്സായാല്‍ ബന്ധുക്കളെപ്പോലെയും കരുതി പെരുമാറണമെന്നറിക.' (നീതിസാരത്തില്‍ നിന്ന്‌)

ഗീത തമ്പി, (പീഡിയാട്രിക്ക്‌ നഴ്‌സ്‌)
കൗമാരക്കാരും മാതാപിതാക്കളും (ഗീത തമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക