Image

യുഎസ്‌ സുവിശേഷകനെ പോലീസ്‌ തെരയുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 13 October, 2011
യുഎസ്‌ സുവിശേഷകനെ പോലീസ്‌ തെരയുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)
കൊച്ചി: വീസാച്ചട്ടം ലംഘിച്ച്‌ കൊച്ചിയിലെത്തിയ പ്രശസ്‌ത അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീയെ കണെ്‌ടത്താന്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇയാള്‍ക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതായി പാലാരിവട്ടം എസ്‌ഐ പി.എസ്‌ ഷിജു പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം രണ്‌ടു ദിവസമായി നടക്കുന്ന മ്യൂസിക്കല്‍ സ്‌പ്‌ളാഷ്‌-2011 എന്ന സുവിശേഷ സമ്മേളനത്തിലാണ്‌ ഇന്നലെ ലീ പ്രസംഗിക്കാന്‍ എത്തിയത്‌.

വിവരം അറിഞ്ഞ്‌ പാലാരിവട്ടം എസ്‌ഐ പി.എസ്‌ ഷിജുവിന്റെ നേതൃത്വ ത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. ഇയാളുടെ വീസ രേഖകള്‍ ആവശ്യപ്പെട്ട പോലീസിനു മുന്നില്‍ അത്‌ ഹാജരാക്കാന്‍ വില്യത്തിനു കഴിഞ്ഞില്ല. വിനോദ സഞ്ചാര വിസ മാത്രമാണ്‌ ഇയാളുടെ കൈവശം ഉണ്‌ടായിരുന്നത്‌. ഇതോടെ പോലീസ്‌ പ്രഭാഷണം തടഞ്ഞു. തുടര്‍ന്ന്‌്‌ ഇയാള്‍ സ്റ്റേഡിയത്തിനു പുറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഫെയ്‌ത്ത്‌ ലീഡേഴ്‌സ്‌ എന്ന സംഘടനയാണ്‌ ഇയാള്‍ സുവിശേഷ പ്രസംഗത്തിനായി കൊണ്‌ടു വന്നത്‌. ഇവരെ കണെ്‌ടത്താനായും പോലീസ്‌ അന്വേഷണം തുടങ്ങി. വില്യം താമസിച്ചിരുന്ന പാലാരി വട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിലും പോലീസ്‌ പരിശോധന നടത്തിയെങ്കിലും ഇയാള്‍ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ്‌ കിട്ടിയത്‌.

പാലാരിവട്ടം പോലീസ്‌ സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്‌ട്‌. ഇതിന്റെ സംഘാടകര്‍ക്കു വേണ്‌ടിയും പോലീസ്‌ തെരച്ചില്‍ നടത്തുന്നുണ്‌ട്‌. ഇയാള്‍ രക്ഷപ്പെടാതിരിക്കാന്‍ രാജ്യത്തെ എല്ലാ വിമാനത്താ വളങ്ങളിലും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്‌ട്‌.

ഹഖാനി ഗ്രൂപ്പുമായി യുഎസ്‌ രഹസ്യ ചര്‍ച്ച നടത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: അല്‍ക്വയ്‌ദ പിന്തുണയുള്ള പാക്‌ തീവ്രവാദ സംഘടനയായ ഹഖാനി ഗ്രൂപ്പുമായി യുഎസ്‌ സൈനിക ഉദ്യോഗസ്ഥര്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. അഫ്‌ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന്‌ `വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്‌ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റത്തിനു തയാറാണെന്നു യുഎസ്‌ ഹഖാനി സംഘത്തെ അറിയിച്ചു. കഴിഞ്ഞ വേനലില്‍ ഗള്‍ഫ്‌ രാജ്യത്തു വച്ചായിരുന്നു കൂടിക്കാഴ്‌ച. പാക്‌ ചാരസംഘടന ഐഎസ്‌ഐയാണു കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുക്കിയത്‌. അഫ്‌ഗാന്‍ സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ ഏതു രാജ്യത്താണു കൂടിക്കാഴ്‌ച നടന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഹഖാനി സ്ഥാപകന്‍ ജലാലുദ്ദിന്‍ ഹഖാനിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരാണു കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തതെന്ന്‌ ഐഎസ്‌ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍ വ്യക്തമാക്കുന്നു.

ഭീകരവിരുദ്ധ യുദ്ധത്തില്‍ അല്‍ക്വയ്‌ദയ്‌ക്കും ഹഖാനി ഗ്രൂപ്പിനുമെതിരെ യുഎസ്‌ കര്‍ശന നിലപാടെടുക്കുന്നുവെന്ന്‌ അവകാശപ്പെടുന്നതിനിടെയാണ്‌ രഹസ്യ ചര്‍ച്ച സംബന്ധിച്ച വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. വാര്‍ത്തയോടു യുഎസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐക്ക്‌ ഹഖാനി ഗ്രൂപ്പുമായി ബന്ധമുണ്‌ടെന്ന്‌ യുഎസ്‌ അടുത്തിടെ ആരോപിച്ചത്‌ പാക്‌-യുഎസ്‌ ബന്ധങ്ങള്‍ ഉലയാന്‍ കാരണമായിരുന്നു.

വ്യാജ പകര്‍പ്പിലും അവതാറിന്‌ റെക്കോര്‍ഡ്‌

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: കളക്ഷന്‍ റെക്കോര്‍ഡിട്ട ജയിംസ്‌ കാമറൂണിന്റെ 3-ഡി ബ്ലോക്ക്‌ ബസ്‌റ്റര്‍ ചിത്രം `അവതാര്‍' മറ്റൊരു റെക്കോര്‍ഡ്‌ കൂടി സൃഷ്‌ടിച്ചു. ഹോളിവുഡിലെ ഏറ്റവുമധികം വ്യാജ കോപ്പി എടുക്കപ്പെട്ട ചിത്രം എന്ന റെക്കോര്‍ഡാണ്‌ അവതാറിന്‌ സ്വന്തമായത്‌. 2009 ല്‍ റിലീസ്‌ ചെയ്‌ത ശേഷം 21 ദശലക്ഷം തവണ ഈ ചിത്രത്തിന്റെ വ്യാജകോപ്പികള്‍ ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ടതായി ടോറന്റ്‌ഫ്രീക്കിന്റെ പഠനത്തില്‍ പറയുന്നു.

വ്യാജ പകര്‍പ്പുകള്‍ക്കെതിരായ നീക്കത്തില്‍ 3-ഡി സിനിമാ നിര്‍മാണം പ്രതീക്ഷയുണര്‍ത്തുന്നുവെന്ന്‌ അഭിപ്രായപ്പെട്ട ജയിംസ്‌ കാമറൂണിന്റെ വാക്കുകളെ പോലും അസ്‌ഥാനത്താക്കുന്ന വിവരമാണിതെന്ന്‌ ദ്‌ ഹോളിവുഡ്‌ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്‌തു.

ദ്‌ ഡാര്‍ക്‌ നൈറ്റ്‌, ട്രാന്‍സ്‌ഫോമേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളുടെ 19 ദശലക്ഷം ഡൗണ്‍ലോഡ്‌ എന്ന കണക്കുകളെ തകര്‍ത്താണ്‌ അവതാര്‍ മുന്നേറിയത്‌. ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഇന്‍സെപ്‌ഷന്‍, ടോഡ്‌ ഫിലിപ്പിന്റെ ഹാങ്ങോവര്‍ തുടങ്ങിയ ചിത്രങ്ങളാണ്‌ നാലും അഞ്ചും സ്‌ഥാനങ്ങളില്‍.

സ്‌റ്റാര്‍ ട്രക്ക്‌, കിക്‌ആസ്‌, ദ്‌ ഡിപ്പാര്‍ട്ടഡ്‌, ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്‌, പൈറേറ്റ്‌സ്‌ ഓഫ്‌ ദ്‌ കരീബിയന്‍: അറ്റ്‌ വേള്‍ഡ്‌സ്‌ എന്‍ഡ്‌ തുടങ്ങിയ ചിത്രങ്ങളാണ്‌ ആദ്യ പത്തില്‍ ഇടം നേടിയത്‌. ഈ ചിത്രങ്ങളെല്ലാം ബോക്‌സോഫിസിലും തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ലോകത്തെ എക്കാലത്തെയും വലിയ പണം വാരി ചിത്രമെന്ന റെക്കോര്‍ഡും അവതാറിനുണ്‌ട്‌. `അവതാറിനെ ആസ്‌പദമാക്കി വാള്‍ട്ട്‌ ഡിസ്‌നി ഗ്രൂപ്പ്‌ ഫ്‌ളോാറിഡയില്‍ തീം പാര്‍ക്ക്‌ നിര്‍മിക്കുന്നത്‌ അടുത്തിടെ വാര്‍ത്തയായിരുന്നു.

കാലിഫോര്‍ണിയയില്‍ വെടിവെയ്‌പ്പ്‌: എട്ടുമരണം

കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയയില്‍ തിരക്കുള്ള ഒരു ഹെയര്‍ സലൂണില്‍ അജ്ഞാതനായി തോക്കുധാരി ബുധനാഴ്‌ച നടത്തിയ വെടിവെയ്‌പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ഉച്ചയ്‌ക്കു ഒന്നരയോടെ സീല്‍ബീച്ച്‌ നഗരത്തിലാണ്‌ സംഭവം. ആറു പേര്‍ സംഭവസ്ഥലത്തും രണ്‌ടു പേര്‍ ആശുപത്രിയില്‍വച്ചുമാണ്‌ മരിച്ചത്‌. വെടിവെയ്‌പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വെടിവയ്‌ച്ചതിന്‌ ശേഷം തോക്കുധാരി ഒരു ട്രക്കില്‍ കയറി രക്ഷപ്പെട്ടെങ്കിലും അര മൈല്‍ പിന്നിട്ടപ്പോള്‍ പോലീസ്‌ ഇയാളെ പിടികൂടി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയില്‍ നിന്ന്‌ നിരവധി ആയുധങ്ങള്‍ പിടികൂടിയിട്ടുണ്‌ട്‌. സലൂണില്‍ ജോലി ചെയ്‌തിരുന്ന ഒരു സ്‌ത്രീയുടെ മുന്‍ ഭര്‍ത്താവാണ്‌ വെടിവെച്ചതെന്ന്‌ സലൂണിന്റെ ഉടമസ്ഥന്‍ കിംബര്‍ളി ക്രിസ്‌വെല്‍ പറഞ്ഞു. വെടിവയ്‌ച്ചതിന്റെ കാരണം പോലീസ്‌ അന്വേഷിച്ചുവരികയാണ്‌.

കാലിഫോര്‍ണിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 16 പേര്‍ക്ക്‌ പരിക്ക്‌

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 16 പേര്‍ക്ക്‌ പരിക്കേറ്റു. കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡ്‌ സ്റ്റേഷനിലാണ്‌ അപകടം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ വന്നിടിയ്‌ക്കുകയായിരുന്നു.

ബാസ്‌കര്‍ഫീല്‍ഡില്‍ നിന്ന്‌ ഓക്‌ലന്‍ഡിലേക്ക്‌ വന്ന ആംട്രാക്‌സിന്റെ സാന്‍ ജ്വോക്വിന്‍ എന്ന ട്രെയിനും ലോസ്‌ഏയ്‌ഞ്ചല്‍സില്‍ നിന്ന്‌ സിറ്റിലിലേക്കു പോകുകയായിരുന്ന കോസ്റ്റ്‌ സ്റ്റാര്‍ലൈറ്റ്‌ എന്ന ട്രെയിനുമാണ്‌ കൂട്ടിയിടിച്ചത്‌.

ട്രെയിന്‍ വന്നിടിക്കുന്ന സമയത്ത്‌ 20 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ആരുടെയും പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ഓക്‌ലന്‍ഡ്‌ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ്‌ ബറ്റാലിയന്‍ ചീഫ്‌ എമണ്‍ ഉഷെര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന്‌ ഇരു ട്രെയിനുകളുടെയും ബോഗികള്‍ പാളം തെറ്റിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രമുഖരുടെ ഇ-മെയില്‍ ഹാക്കു ചെയ്‌ത ഫ്‌ളോറിഡ സ്വദേശി അറസ്റ്റില്‍

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: പ്രമുഖരുടെ ഇ-മെയിലുകള്‍ ഹാക്കു ചെയ്‌ത സംഭവത്തില്‍ ഫ്‌ളോറിഡ സ്വദേശിയെ ഇന്റര്‍നെറ്റ്‌ ഫെഡറല്‍ പോലീസ്‌ അറസ്റ്റു ചെയ്‌തു. ജാക്‌സണ്‍വില്ലെയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ ചാനെ(35) ആണ്‌ പോലീസ്‌ പിടിയിലായത്‌. നടി സ്‌കാര്‍ലറ്റ്‌ ജൊഹാന്‍സന്റെ ഇ-മെയില്‍ ഹാക്ക്‌ ചെയ്‌ത്‌ ഇന്‍ബോക്‌സില്‍ നിന്ന്‌ അവരുടെ നഗ്നഫോട്ടൊ എടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തത്‌ ഇയാളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്‌ട്‌.

ഇതിനു പുറമെ മിലാ കുനിസ്‌, ക്രിസ്റ്റീന അഗ്വിലീറ, നടി റീനി ഓള്‍സ്റ്റഡ്‌ എന്നിവരുടെയടക്കം അമ്പതോളം പേരുടെ ഇ-മെയിലുകള്‍ ഇയാള്‍ ഹാക്കു ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി നടത്തിയ `ഓപറേഷന്‍ ഹാക്കറാസി' എന്ന പദ്ധതി വഴിയാണ്‌ ഇയാളെ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 10,000 ഡോളര്‍ ബോണ്‌ട്‌ കെട്ടിവച്ചശേഷം ജാമ്യത്തില്‍ വിട്ടു. 26 കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്‌ടെത്തുകയാണെങ്കില്‍ ഇയാള്‍ക്ക്‌ 121 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

പാക്കിസ്ഥാന്‌ വീണ്‌ടും യുഎസിന്റെ താക്കീത്‌

വാഷിംഗ്‌ടണ്‍: തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ ഇരട്ടത്താപ്പു നയം സ്വീകരിക്കുന്ന പാക്കിസ്ഥാന്‌ വീണ്‌ടും യുഎസിന്റെ താക്കീത്‌. പാക്കിസ്ഥാന്‌ ഒന്നുകില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാകാം അല്ലെങ്കില്‍ പ്രശ്‌നങ്ങളുടെ കൂടെ തുടരാമെന്ന്‌ യുഎസ്‌ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധം വിഷമംപിടിച്ചതാണെന്നും അമേരിക്കന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്‌ സമ്മിറ്റില്‍ പങ്കെടുക്കവെ ഹിലരി പറഞ്ഞു.

അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങളില്‍ പാക്കിസ്ഥാന്‌ വലിയ പങ്കാണുള്ളതെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഈ മേഖലയിലെ പ്രശ്‌നങ്ങളുമായി പാക്കിസ്ഥാന്‍ ബന്ധപ്പെട്ടു കിടക്കുകയാണ്‌. പാക്കിസ്ഥാനുമായുള്ള ബന്ധം കുഴപ്പം പിടിച്ചതാണെങ്കിലും അത്‌ ശിരായയി ദിശയിലെത്തിക്കാന്‍ ഒബാമ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹിലരി പറഞ്ഞു.

കുത്തകക്കാരുടെ വസതികളിലേക്ക്‌ വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭകരുടെ മാര്‍ച്ച്‌

ന്യൂയോര്‍ക്ക്‌: കുത്തകകളെ തുണയ്‌ക്കുന്ന സാമ്പത്തികനയങ്ങള്‍ പൊളിച്ചെഴുതണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭരംഗത്തുള്ള `ഒക്യുപൈ വാള്‍സ്‌ട്രീറ്റ്‌' പ്രക്ഷോഭകര്‍ അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ വസതികള്‍ക്ക്‌്‌ മുന്നിലൂടെ പ്രകടനം നടത്തി. മാധ്യമഭീമന്‍ റൂപ്പര്‍ട്ട്‌ മര്‍ഡോക്ക്‌, വന്‍കിട വ്യവസായി ഡേവിഡ്‌ കോച്ച്‌, കുത്തക ബാങ്കിംഗ്‌്‌ സ്ഥാപനമായ ജെ.പി. മോര്‍ഗന്‍ ചേസിന്റെ മേധാവി ജാമി ഡിമന്‍ തുടങ്ങിയവരുടെ ആഡംബര വസതികള്‍ സ്ഥിതിചെയ്യുന്ന മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ്‌ റോഡിലൂടെയാണ്‌ സമരക്കാര്‍ മാര്‍ച്ച്‌ നടത്തിയത്‌.

അതിനിടെ അമേരിക്കയിലെ വിഖ്യാതസംഗീതജ്ഞനും സാമൂഹിക പ്രവര്‍ത്തകനുമായ ഹാരി ബെലഫോന്റെ, ബെന്‍ ആന്‍ഡ്‌ ജെറി ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍മാരായ ബെന്‍ കൊഹെന്‍, ജെറി ഗ്രീന്‍ ഫീല്‍ഡ്‌ തുടങ്ങിയവര്‍ സമരത്തിന്‌ പിന്തുണയുമായി രംഗത്തെത്തി. സാമ്പത്തിക നൊബേല്‍ ജേതാവ്‌ ക്രൂഗ്മാന്‍, പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ മൈക്കല്‍ മൂര്‍ തുടങ്ങിയവര്‍ നേരത്തേതന്നെ സമരത്തെ അനുകൂലിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക