Image

ഓണാശംസകള്‍ - ഡോ. ജോസ് കാനാട്ട്

Published on 15 September, 2013
ഓണാശംസകള്‍ - ഡോ. ജോസ് കാനാട്ട്
അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നമ്മള്‍ ,  നമുക്കുമാത്രം അവകാശപ്പെടാവുന്ന സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം പലയിടങ്ങളിലായി ആഘോഷിച്ചു വരുന്നു. ജാതി, മത, സംഘടനാ വ്യത്യാസങ്ങള്‍ പുറത്തുകാണിക്കാതെ ഒറ്റക്കെട്ടായി നിന്ന്  ഈ പൊന്നോണത്തെ ആസ്വദിക്കാന്‍ സാധിക്കുന്നതില്‍ കൂടി നമ്മള്‍ മറ്റു സമൂഹങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശികളാകുന്നു. 

പലയിടങ്ങളിലും നടക്കുന്ന ഓണ സദ്യകളില്‍ കേരളത്തനിമയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് സന്തോഷത്തോടെ ധാരാളം ആളുകള്‍ പങ്കെടുക്കുന്നത് അവിടെക്കിട്ടുന്ന ഓണ സദ്യയുടെ കേമം കൊണ്ടൊ, മറ്റു പരിപാടികളുടെയോ വിശിഷ്ടാതിഥികളുടെയോ സ്വാധീനം കൊണ്ടുമല്ല. അതെല്ലാം മലയാളിക്ക് അവന്റെ മനസ്സിലുള്ള ഓണത്തോടുള്ള സ്നേഹം എന്നതു കൊണ്ടു മാത്രമാണ്. ഈ പ്രവാസനാട്ടിലും ഇതൊക്കെ കാണാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്.

എന്നാല്‍ നമ്മുടെ ഈ ഓണാഘോഷങ്ങള്‍ എത്രകാലം കൂടി ഇങ്ങനെ നമ്മുടെ സമൂഹത്തില്‍ നടക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു കാരണം അമേരിക്കയിലുള്ള നമ്മുടെ കുടിയേറ്റക്കാരുടെ ആദ്യതലമുറക്കാര്‍ ഇപ്പോള്‍ ഏതാണ്ട് വാര്‍ദ്ധക്യത്തോട് സമീപിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം തലമുറയില്‍ പെട്ട യുവജനങ്ങളില്‍ ഭൂരിഭാഗത്തിനും ഓണം എന്തെന്നോ, മലയാളം തന്നെ എന്തെന്നോ അറിഞ്ഞു കൂടാ. അവരെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കോ, സാംസ്കാരിക കൂട്ടായ്മകളിലേക്കോ കൂട്ടിച്ചേര്‍ക്കുന്നതിന് നിലവിലുള്ള ഒരു സംഘടനയും ശ്രമിക്കുന്നുമില്ല. അങ്ങനെയുള്ളപ്പോള്‍ ഇന്നു കാണുന്ന ഒന്നാം തലമുറക്കാര്‍ക്ക് ശേഷം ഈ ഓണത്തിന് ഒരു ഭാവി അമേരിക്കയില്‍ ഉണ്ടാവുമെന്ന് കരുതുക പ്രയാസം തന്നെ.

അതു പോലെ നമ്മള്‍ ഇവിടെ ഓണം ആഘോഷിക്കുന്ന വേളയില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ അനേകര്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിഷമിക്കുന്നുണ്ട്. നമ്മള്‍ ഇവിടെ സന്തോഷമായി ഓണം ആഘോഷിക്കുന്നതിനോടൊപ്പം തിരുവോണ ദിവസമായ നാളത്തെ ഒരു ദിവസത്തെ ശമ്പളം മാറ്റിവച്ച് അവരെ സഹായിക്കാന്‍ മനസ്സു വച്ചാല്‍ നന്നായിരിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്.

എല്ലാ പ്രീയപ്പെട്ടവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !

ഡോ. ജോസ് കാനാട്ട്!
ഓണാശംസകള്‍ - ഡോ. ജോസ് കാനാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക