Image

തിരുവോണം മിഴി തുറന്നു .. മണ്ണിക്കരോട്ട്, വാസുദേവ് പുളിക്കല്, ഷാജന്‍ ആനിത്തോട്ടം, സരോജ വര്ഗീസ്, എല്സി യോഹന്നാന്, എ.സി. ജോര്ജ്, ജോണ് മാത്യു, റീനി മമ്പലം

അനീല്‍ പെണ്ണുക്കര Published on 16 September, 2013
തിരുവോണം മിഴി തുറന്നു .. മണ്ണിക്കരോട്ട്, വാസുദേവ് പുളിക്കല്, ഷാജന്‍ ആനിത്തോട്ടം, സരോജ വര്ഗീസ്, എല്സി യോഹന്നാന്, എ.സി. ജോര്ജ്, ജോണ് മാത്യു, റീനി മമ്പലം
തിരുവോണം മിഴി തുറന്നു.
ഓര്മ്മകള്ക്കും ജീവിതത്തിനും ഓണം നല്കുന്ന നിറസമൃദ്ധിക്കു പകരം നില്ക്കാന് മറ്റൊരു വാക്കില്ല.
നാളെ അവിട്ടം .അവിട്ടം തവിട്ടിലും നേടുമെന്നൊരു ചൊല്ല്... മലയാളിയുടെ മറ്റെല്ലാ ഉത്സവാഘോഷങ്ങള്ക്കും കാലദേശഭേദമെന്യേ പൊതുവായ ഒരു മാനം നല്കാം. എന്നാല് അവിടെയും ഓര്മ്മകള് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. തികച്ചും സ്വകാര്യമായ ഒരു ലോകത്തേയ്ക്ക് നാമോരുരുത്തരും മാറുകയാണ് ആ ഓര്മ്മകളിലൂടെ.അമേരിക്കയിലെ പ്രഗത്ഭരായ ചില എഴുത്തുകാര്‍ തിരുവോണം അനുഭവം അവരുടെ പങ്കു വയ്ക്കുന്നു
ഗന്ധങ്ങളുടെ പെരുമഴയുമായാണ് ഓണം എത്തുന്നത്. ഓണപ്പരീക്ഷയുടെ ചൂടില്‌നിന്നും ഓണക്കോടിയുടെ പുത്തന് മണത്തിലേക്കാണ് കുട്ടികളെ ഓണം കൈപിടിച്ചു നടത്തുന്നത്. പലതരം ഉപ്പേരികള് വെളിച്ചെണ്ണയില് മൂക്കുമ്പോള് പല മണങ്ങളാണ് അന്തരീക്ഷത്തില് നിറയുന്നത്. പുത്തന് കയറിന്റെ ബലത്തിലാണ് തൊഴുത്തിലെ പശുവിന് ഓണം. അരിപ്പൊടി കലക്കി കൈമുക്കി വാതില്പ്പടിമേലും വാതിലിലും ജനാലകളിലും കൈ പതിക്കുന്നതോടെ ഗൗളിക്കും വന്നു ഓണം. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഉണങ്ങുന്ന വയ്‌ക്കോലിന്റെ മണം, പത്തായത്തിനകവും, മനസ്സും നിറയ്ക്കുന്ന പുന്നെല്ലിന്റെ മണം, അങ്ങനെ അങ്ങനെ ഗന്ധങ്ങളുടെ ആയത്തിലേറി നാട്ടുമാവില് കൊമ്പിലെ ഊഞ്ഞാലില് ആടി അങ്ങേകൊമ്പിലെ ഇലയും കടിച്ചെടുത്ത് തിരികെയെത്തി മിടുക്കു തെളിയിച്ച ഒരു കുട്ടിക്കാലം. ഒരു സ്വകാര്യ അഹങ്കാരമായി ഉള്ളില് കരുതി വയ്ക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്..മണ്ണിക്കരോട്ട് ,വാസുദേവ് പുളിക്കല് , ഷാജന്‍ ആനിത്തോട്ടം, സരോജ വര്ഗീസ്,എല്‌സി യോഹന്നാന്, എ.സി. ജോര്ജ്,ജോണ് മാത്യു,റീനി മമ്പലം എന്നിവരുടെ ഓണ സ്മരണ......

ഓളമിട്ടുയരുന്ന ഗതകാല സ്മരണകളുടെ പരിചിന്തനം: മണ്ണിക്കരോട്ട്
ഓണമെന്നുകേള്ക്കുമ്പോള് ഇന്നും എന്റെ മനസ്സില് കുട്ടിക്കാലത്തെ അനുഭവങ്ങള് ഓടിയെത്തും. അതിരുകളില്ലാത്ത ആഘോഷത്തിന്റെ ആഹ്ലാദത്തിമിര്പ്പില് ഓടിക്കളിക്കുന്ന മധുരസ്മരണകള് അയവിറക്കുന്ന മനസ്. എന്തുമനോഹരമായിരുന്നു നഷ്ടപ്പെട്ട അന്നത്തെ ഓണം. ഇന്നും മായാതെ, മറയാതെ മനസ്സില് ഓളമിട്ടുയരുന്ന ഗതകാല സ്മരണകളുടെ പരിചിന്തനം. അതുമാത്രമല്ലേ ഇക്കാലത്ത് ഓണമെന്നോര്ക്കുമ്പോള് ഉണ്ടാകുന്ന വിപ്രതിപത്തിയും.
അത്തത്തിനു മുമ്പേ കുട്ടികളില് ആഹ്ലാദത്തിന്റെ ഓളങ്ങള് ഓടിക്കളിക്കാന് തുടങ്ങും. പ്രകൃതിയും അതിനൊത്ത് തയ്യാറായിക്കഴിഞ്ഞിരിക്കും. കറുത്തിരുണ്ട കാര്‌മേഘപടലങ്ങളും പേമാരിപോലെ പെയ്തിറങ്ങുന്ന കാലവര്ഷവും കരകവിഞ്ഞ് കുത്തിയൊഴുകുന്ന ജലാശയങ്ങളും ശാന്തമായി. ജനങ്ങള് പഞ്ഞ കര്ക്കിടകത്തോട് വിടപറഞ്ഞ്, പൊന്നിന് ചിങ്ങത്തെ വരവേല്ക്കുകയായി. എങ്ങും പച്ചപ്പരപ്പും പകിട്ടോടെ പന്തിയില് പൂത്തുലയുന്ന പൂച്ചെടികളും. എവിടെയും വിരിഞ്ഞും വിരിയാതെയുമുള്ള സുമങ്ങളുടെ സുഗന്ധം. കുളിര്കാറ്റിന്റെ കുസൃതിയില് പൂക്കള് ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുന്നു. അന്തരീക്ഷം ശാന്തമായി. അത് സുന്ദരം, രമണീയം. പ്രകൃതി ഓണത്തെ സ്വീകരിക്കാന് കൈകള് നിവര്ത്തി കാത്തുനില്ക്കുന്നു.
എന്നാല് ഇന്നത്തെ ഓണം എന്താണ് എങ്ങനെയാണെന്ന് ഓര്ക്കുകയാണ്. ഇന്നും ഓണമുണ്ട്. ഗവണ്മെന്റ് ജനങ്ങള്ക്കുവേണ്ടി എന്തൊക്കെയൊ ചെയ്യുന്നുണ്ടെന്നു പറയുന്നു. അന്ന് ഗവണ്മെന്റ് ഒന്നും ചെയ്യാതെ എല്ലാവരും ഓണം ആഘോഷിച്ചു. എവിടെയും സന്തോഷവും, സംതൃപ്തിയുമുണ്ടായിരുന്നു. ഇന്ന് സര്ക്കാര് എല്ലാം ചെയ്യുന്നെന്നു പറയുന്നുണ്ടെങ്കിലും പലയിടത്തും പട്ടിണിയും പരിവട്ടവും പരാതിയും. ഇന്ന് കേളത്തിലെ ഓണം ടി.വി.യില് ലിവിംഗ് റൂമില് മാത്രം ഒതുങ്ങുന്നതാണെന്നാണ് നാട്ടില്‌നിന്നും അറിയാന് കഴിയുന്നത്.
മാവേലിനാട് എന്നേ അസുരനാടായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്, രക്ഷസരുടെ സ്വന്തം നാടായി. ഒരിക്കല് കള്ളവും ചതിയുമില്ലാത്ത നാടെന്ന് പാടാനെങ്കിലും കഴിഞ്ഞിരുന്ന കേരളം ഇന്ന് അതിന്റെയെല്ലാം സങ്കേതസ്ഥലമായി മാറിയിരിക്കുന്നു. ഇന്ന് കളങ്കത്തിന്റെ താളത്തിനൊത്താണ് ഭരണചക്രംപോലും തിരിയുന്നത്. കളങ്കമാണ് ഭരണചക്രം നയിക്കുന്നത്.

ഈഗോ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഉള്ള പാഠം: വാസുദേവ് പുളിക്കല്
ഓണത്തെ പറ്റിയുള്ള ഓര്മ്മകള് ജനിപ്പിക്കുന്ന ഗൃഹാതുരത്വത്തിന്റെ മാറ്റുക്കുറക്കാന് മറുനാടന് മലയാളികളായ നമ്മളും പൂക്കളങ്ങളും മറ്റുമൊരുക്കി ഓണമാഘോഷിക്കുന്നു. മനോഹരവും വര്ണ്ണശബളവുമായ പൂക്കളങ്ങള് നോക്കി നില്ക്കുമ്പോള് സമാനതയുടെ സുഗന്ധം പരത്തുന്ന സ്‌നേഹപൂക്കള് മനസ്സില് വിരിയുന്നു. െ്രെകസ്തവ സംസ്‌ക്കാരം, ഇസ്ലാം സംസ്‌ക്കാരം തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വിഭിന്ന സംസ്‌ക്കാരവും പാരമ്പര്യവും കേരളത്തിലേക്ക് ഒഴുകി വന്നിട്ടുണ്ട്. വൈവിദ്ധ്യമാര്ന്ന ഈ പാരമ്പര്യങ്ങളുടേയും സംസ്‌കാരങ്ങളുടെയും സമാനതയുടെ ഒരു ഏകീകൃതഭാവം ഓണഘോഷത്തിലുണ്ട്. അതുകൊണ്ട് മനുഷ്യരെല്ലാരും ഒന്നു പോലെ എന്ന വികാരം മനസ്സില് നിറച്ചു കൊണ്ട് എല്ലാവരും ഒത്തുചേര്ന്ന് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടും ഓണക്കളികളില് പങ്കെടുത്തും മറ്റും സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നു.

ഓണം നമ്മുടെ വ്യക്തിസംസ്‌ക്കാരത്തെ പറ്റിയുള്ള ഒരു ഓര്മ്മപ്പെടുത്തല് കൂടിയാണ്. ലൗകികതയില് മതിമറക്കുകയും ജാത്യാഭിമാനത്തിലും മറ്റും അഹങ്കരിക്കുകയും ചെയ്യുമ്പോള് മനസ്സില് നിന്ന് നന്മ മാഞ്ഞു പോകുന്നു. സമത്വത്തെ പറ്റി ചിന്തിക്കാന്‌പ്പോലും സാധിക്കാത്ത അവസ്ഥ. അപ്പോള് സ്‌നേഹസൗഹൃദങ്ങളുടെ സന്ദേശവാഹകനായി ഓണം കടന്നു വരുന്നത് ഓരോരുത്തര്ക്കും ഒരാത്മപരിശോധന നടത്താനുള്ള ഒരവസരമായി വേണം കരുതാന്. അവതാരങ്ങള്ക്ക് ഒരു ലക്ഷ്യമുണ്ട്. ലോകത്തില് ധര്മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള് ധര്മ്മസംസ്ഥാനപനത്തിനായി ഞാന് ജന്മമെടുക്കും എന്ന് കൃഷ്ണന് ഗീതയില് പറയുന്നുണ്ട്. മഹാവിഷ്ണു വാമനനായി അവതരിച്ചതില് നിന്ന് അധര്മ്മം നടമാടിയിരുന്നുവെന്നും ആ അധര്മ്മത്തിന് പാത്രമായത് എല്ലാം പിടിച്ചടക്കാനുള്ള ബലിയുടെ അധികാരദുര്‌മ്മോഹവും അഹന്തയും മൂലം ദേവലോകത്തുനിന്ന് ഓടിപ്പോകേണ്ട അവസ്ഥയില് എത്തിയ ദേവന്മാരാണെന്നു മനസ്സിലാക്കിയാണ് വിഷ്ണു വാമനനായി അവതരിച്ചത്. ജഗത്രയം ബലിയില്‌നിന്നു വാങ്ങി ദേവേന്ദ്രനു നല്കുകയും ദേവന്മാരെ ബലിയില് നിന്ന് രക്ഷിക്കുകയും ചെയ്തപ്പോള് അവതരാക കര്ത്തവ്യം നിര്വ്വഹിക്കപ്പെട്ടു. ഒരാളില് അമിതമായി ഈശോ വളര്ന്നുവന്നാല് അത് ലോകനാശത്തിനു തന്നെ കാരണമാകുമെന്നും ആ ഈഗോ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഉള്ള പാഠം മഹാബലി സ്ഥാനഭൃഷ്ടനാക്കപ്പെടുന്നതില് നിന്ന് നമുക്ക് ലഭിക്കുന്നു.

ചിങ്ങനിലാവെവിടെ മുല്ലേ... ഷാജന്‍ ആനിത്തോട്ടം
അത്തപ്പൂക്കളമിപ്പോളെവിടെ....
ഒത്തുചേരലിന്റെ ആഹ്ലാദമെവിടെ....
കൊട്ടും കുരവയും മുത്തുക്കുടകളും മത്താപ്പൂവും
കുട്ടികള്‍ മുഴുവന്‍ ഓടിനടക്കും തൊടികളുടമെവിടെ
എന്റെ ശിഖരങ്ങളിലില്ല ആ ഊഞ്ഞാലുകള്‍
നിന്റെ കുടുന്നയിലുണ്ടോ ആ പഴയ പൂമൊട്ടുകള്‍?
കൊന്നയും തെച്ചിയും മന്ദാരവും തുമ്പയുമുണ്ടോ
അന്നത്തെ മേളവും ആര്‍പ്പുവിളികളുമിപ്പോഴുണ്ടോ?
ഓണപ്പാട്ടുകള്‍ മൂളാനാര്‍ക്കിവിടെ നേരം
നാണം വിറ്റും നാടുഭരിക്കുന്നവരുടെ കാലം!
കൊല്ലും കൊലയും വെല്ലുവിളികളും
ഇല്ലം ചുടലും ഇടിച്ചുനിരത്തലുമെവിടെയുമിപ്പോള്‍!!
പ്രണയം പൂത്തുലയും ചിങ്ങനിലാവെവിടെ മുല്ലേ...
മരണഗന്ധം പരത്തും നിലവിളി മാത്രമുള്ള സന്ധ്യയെന്തേ?
ശവദാഹങ്ങള്‍ക്കെങ്കിലും ലഭിക്കട്ടെ ഇനിയെന്റെ ദേഹം
അവസാനമായൊരു ചുംബനം, അതുമാത്രമിനി മോഹം!!!

ഗ്രാമഭംഗിയുടെ പഴയകാലചിത്രം : സരോജ വര്ഗീസ്, ന്യൂയോര്ക്ക്
ഗതകാലസ്മരണകളെ തഴുകിത്തലോടിയെത്തുന്ന ഓണാഘോഷങ്ങള് പ്രവാസി മലയാളികളില് ഗൃഹാതുരത്വം ഉണര്ത്തുന്നു.പുഞ്ചപ്പാടങ്ങളും കൈത്തോടുകളും അമ്പലക്കുളങ്ങളും ആമ്പല്‌പൊയ്കകളും നിറഞ്ഞ ഗ്രാമങ്ങള് സ്മൃതിപഥത്തിലെത്തുന്നു. ചെമ്മണ്ണു വിരിച്ച വീഥിികളും ഇടവഴികളും ഒരു കാലത്ത് കേരളീയ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. കാളവണ്ടികളായിരുന്നു അന്നത്തെ ഗ്രാമീണ കര്ഷകരുടെ ഇഷ്ടവാഹനങ്ങള്. പ്രതാപത്തിന്റെ പ്രതീകങ്ങളായിരുന്നു ചുരുക്കമായി കണ്ടിരുന്ന കാറുകള്.

ഊഞ്ഞാലാട്ടവും കടുവാകളിയും കുട്ടികളുടെ ആര്പ്പുവിളികളും എല്ലാം ചേര്ന്ന ഓണാഘോഷം ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവമായിരുന്നു.കേരളത്തിന്റെ മാത്രം സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന തിരുവാതിരയും വള്ളം കളിയും കേരളക്കരയെ ആനന്ദതുന്ദിലമാക്കിയിരുന്നു.
' നാട്യ പ്രധാനം നഗരം ദരിദ്രം
നാട്ടിന്പുറം നന്മകളാല് സമൃദ്ധം'
എന്ന് മഹാകവി കുറ്റിപ്പുറം പാടിയത് ഇത്തരം ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം അര്ത്ഥവത്തായിരുന്നു. ചാരുതയാര്ന്ന ആ ഗ്രാമഭംഗിയുടെ പഴയകാലചിത്രം അനുസ്മരിക്കുന്നതുതന്നെ ആനന്ദകരമായ ഒരു അനുഭവം.

സംഘര്ഷങ്ങളും ഭയാശങ്കകളും കൊണ്ടു സങ്കീര്ണ്ണമായ ഒരു ഓണക്കാലത്തെ എതിരേല്ക്കാനാണ് ഇന്നു കേരളക്കര തയ്യാറാകുന്നത് എന്നതും വേദനാജനകമാണ്. എങ്കലും, പരമ്പരാഗതമായി കൊണ്ടാടിവരുന്ന ഓണാഘോഷം, വിലയേറിയ സന്ദേശങ്ങള് പിന്തലമുറയിലേക്കു കൈമാറുവാന് അവസരമൊരുക്കുന്നു എന്നതും ശ്ലാഘനീയമാണ്.

ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ : എല്‌സി യോഹന്നാന് ശങ്കരത്തില്
ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ സന്തോഷസമൃദ്ധിയില് ഉല്ലസിക്കുന്ന ആ സുദിനം ഇന്നത്തെ തലമുറയ്ക്ക് ഒരു പ്രഹേളികയാണ്്. വൈദ്യുതിയും പൈപ്പുവെള്ളവും കടന്നു വരാത്ത ഗ്രാമാന്തരീക്ഷത്തില്, പരന്നു കിടക്കുന്ന പാടശേഖരങ്ങളും, കളങ്കമില്ലാത്ത ഇളംകാറ്റും, വെളുപ്പാന് കാലത്തെ പൂങ്കോഴി കൂവലും, ദിവാന്തനേരത്തെ രാമരാമാലാപവും പ്രാര്ത്ഥനാ മന്ത്രണങ്ങളും, മുട്ടെത്തും മുന്നും തലപ്പാളയുമായി കാരിരുമ്പിന് കരുത്താര്ന്ന മെയ്വഴക്കമുള്ള ചെറുമന്മാരും, മുണ്ടും ജമ്പറുമിട്ട് പാടത്തും കരയിലും പണിയെടുക്കുന്ന ചെറുമക്കിടാത്തികളുടെ തുടുത്ത സൗന്ദര്യം നുകര്ന്ന് കരയില് കുടചൂടി നില്ക്കുന്ന തമ്പ്രാക്കന്മാരുടെയും കൊച്ചു തമ്പ്രാക്കന്മാരുടെയും നയനസംതൃപ്തിയും, കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ വാശിയേറിയ മരമടി മത്സരം ഗ്രാമത്തിന്റെ തന്നെ ഉത്സവമായി ആഘോഷിച്ചിരുന്നതും മധുവൂറുന്ന അനുഭൂതികളായി ഇന്നും ശേഷിക്കുന്നു. തകര്ന്നുപോയ പേരുകേട്ട തറവാടുകള് കാലത്തിന്റെ കല്പടവുകളില് ദുഃഖസ്മൃതികളായി തങ്ങിനില്ന്നു.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും തട്ടിപ്പും വെട്ടിപ്പും മാത്രം:എ.സി. ജോര്ജ്
മാവേലി നാടുവാണീടുംകാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്ക്കു മൊട്ടില്ലതാനും ആധികള്‍ വ്യാധികള്‍ ഒന്നുമില്ല ദുഷ്ടരെ കണ്ണുകൊണ്ട് കാണ്മാനില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം'

അങ്ങനെ.... അങ്ങനെ.... പാടിയിരുന്ന മലയാളി ഇന്നു കേള്ക്കു ന്നതും കാണുന്നതും പ്രവര്ത്തി ക്കുന്നതും എന്താണ്?
ജനാധിപത്യം നാടുവാണീടുമ്പോള്‍ മാനുജരെല്ലാരും പലവെട്ടിലും തട്ടിലുമാണെ തമ്പുരാനെ
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം തട്ടിപ്പും വെട്ടിപ്പും മാത്രം
കള്ളവും ചതിവും വഞ്ചനയും കുതികാല്വെട്ടും ചാക്കിട്ടുപിടുത്തവും
കാലുവാരലും കാലുമാറലും മാത്രം
ഗുണ്ടാ വിളയാട്ടവും മൊഴിമാറ്റവുമാണെന്റെ തമ്പുരാനെ
എവിടേയും ചവിട്ടി താഴ്ത്താനായി കാലുപൊക്കി നില്ക്കും വാമനന്മാര്
വാമനപരിഷകളുടെ കാലുനക്കികളാം ഭരണാധികാരികള്
ജനാധിപത്യം പണാധിപത്യങ്ങള്ക്കും മറ്റ് പല ആധിപത്യങ്ങള്ക്കും
വഴിമാറിയാണിപ്പോള്‍ സഞ്ചാരമെന്റെ പൊന്നുതമ്പുരാനെ
ജനാധിപത്യം ദുഷ്ടന്മാരുടെ കയ്യിലെ വിഷസര്പ്പുമായി തമ്പുരാനെ

കോരനെന്നും കുമ്പിളില്ക്കഞ്ഞി!: ജോണ് മാത്യു
പാരമ്പര്യങ്ങളില്‌നിന്ന് പലതിനെയും മോചിപ്പിച്ചു, എന്നാല് ഇന്ന്, ഒരിക്കല് മാറ്റപ്പെട്ട വ്യവസ്ഥിതിക്കുപകരം, മറ്റെല്ലാ ഉത്സവങ്ങളുംപോലെ വാണിജ്യലോകത്തിന്റെ സമ്മര്ദ്ദമാണോ നമ്മെ കാത്തിരിക്കുന്നത്. ജന്മിത്വവ്യവസ്ഥിതി തങ്ങളുടെ നിലനില്പിന് പുരാണകഥകളില്‌നിന്ന് മെനഞ്ഞെടുത്ത ഉത്സവത്തെ നവമുതലാളിത്തം തോളിലേറ്റുന്നത് ഇപ്പോള് കേരളചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് മലയാളത്തിന്റെ ആ സുപ്രസിദ്ധമായ പഴഞ്ചൊല്ല് ഓര്മ്മവരുന്നത്. ഭഓണം വന്നാലും ഉണ്ണിപിറന്നാലും കോരനെന്നും കുമ്പിളില്ക്കഞ്ഞി!'
ഭഓണം' എന്നും കഴിഞ്ഞുപോയ, ഇനിയും മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നല്ലകാലത്തിന്റെ ഓര്മ്മയാണ്. എന്തായാലും ആ ഓര്മ്മ അക്ഷരാര്ത്ഥത്തില് ഇപ്പോള് നിലനിര്ത്തുന്നത് കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളും. അമേരിക്കയിലെ കുടിയേറ്റമലയാളികള് മുഖ്യധാരയുമായി അലിഞ്ഞുചേര്ന്നുകൊണ്ടിരിക്കുമ്പോള് നമ്മുടേതായ രീതികളും ആഘോഷങ്ങളും വരുംതലമുറകള്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു ദുഃഖസത്യവും.
പതിവുപോലെ കേരളത്തില് മഴയെല്ലാം മാറി വിളവെടുപ്പ്, ഇവിടെ നാമൊക്കെ മനോഹരമായ ശരത്ക്കാലത്തിന്റെയും ഉത്സവകാലത്തിന്റെയും പടിവാതിലില് നില്ക്കുന്നു. ഈ സന്ദര്ഭത്തില്, ലോകമെമ്പാടുമുള്ള മലയാളികള് തങ്ങളുടേതായ രീതിയില് ഓണം ആഘോഷിക്കുമ്പോള് നമുക്കും ആ സന്തോഷത്തില് പങ്കുചേരാം.

മതിമറന്നാടൂ മനസ്സെ നീയിന്ന്! : റീനി മമ്പലം
മലയാളനാട്ടില്‍ പഞ്ഞക്കര്‍ക്കിടകം പടിയിറങ്ങി പൊന്നിന്‍ ചിങ്ങം വരവായി. ഓണം വരുന്നു, ഒരിക്കല്‍ കൂടി. ഞങ്ങന്‍ പ്രവാസികള്‍ മുറ്റത്തെ ഇല്ലാത്ത മാവിന്റെ കാണാത്ത കൊമ്പത്ത് ഊഞ്ഞാല്‍ കെട്ടും. നീ വരൂ, എന്റെ കൂടെക്കൂടൂ. നീയും ഞാനും ഓടിക്കളിച്ച മാഞ്ചുവട്ടില്‍ ഓര്‍മ്മകളുടെ മാവിലകള്‍ പെറുക്കിയെടുത്ത് നമുക്കിന്ന് ഊഞ്ഞാലിലാടാം. ഞാന്‍ ഉയര്‍ന്നാടും. അപ്പോള്‍ എന്റെ കൊച്ചുകേരളം താഴെ കാണും. പഴുത്ത് കൊഴിഞ്ഞുവീണ മാവിലകള്‍ കാലില്‍ തടയും. അവ എന്റെ സ്വപ്നങ്ങളില്‍ ഉരയുമ്പോള്‍ ശിശിരത്തിലേക്ക് നടന്നടുക്കുന്ന മേപ്പില്‍ ഇലകളോ ഓക്കിന്റെ ഇലകളോ ആണന്നുള്ള തിരിച്ചറിവ് എനിക്ക് ഉണ്ടാകും. ഇവിടെയുള്ള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഞങ്ങളും ഓണം ആഘോഷിക്കും. അവിടെ ഓണത്തപ്പനുണ്ടാവും, സെറ്റുടുത്ത തരുണികള്‍ ഉണ്ടാവും, തിരുവാതിര ഉണ്ടാവും, ഇലയില്‍ ഓണ സദ്യയുണ്ടാവും. എന്റെ വായില്‍ പപ്പടത്തിന്റെയും ഉപ്പേരിയുടെയും പായസത്തിന്റെയും സ്വാദ് നിറയും.
പൊന്നോണം! ഈറനണിഞ്ഞ പൊന്‍പുലരിയെ ഓണക്കോടിയുടുപ്പിച്ച് തിരുവാതിരയുടെ താളലയത്തില്‍ മതിമറന്നാടൂ മനസ്സെ നീയിന്ന്! എന്റെസ്വപ്നത്തുമ്പി, നിനക്ക് നുകരാന്‍ തേനൊരുക്കി, നിനക്കിരിക്കാന്‍ പൂക്കളമൊരുക്കി തിരുവോണം പിറക്കട്ടെ!

ഓണപ്പൂവേ പൂവേ... ഓമല്‍ പൂവേ പൂവേ..മനോ ജേക്കബ് കണക്റ്റിക്കട്ട്
തൊടിയില്‍ നിന്നും, വയലില്‍ നിന്നും, കുന്നിന്‍ പുറത്തുനിന്നും പൂ പറിച്ച് മുറ്റത്ത് അത്തക്കളമുണ്ടാക്കിയിരുന്ന ഓണക്കാലം ഓര്‍മ്മയാവുകയാണ്. വട്ടിയുണ്ടാക്കി അതില്‍ പൂ പറിച്ചിട്ട് വീശി നിറയ്ക്കുന്ന കുട്ടികളെ ഗ്രാമങ്ങളില്‍ പോലും കാണാനില്ല.
ഓണപ്പൂക്കളത്തിന് പിന്നിലുമുണ്ട് ഒരു സങ്കല്‍പം. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്നതാണത്.പൂക്കളങ്ങള്‍ ആദി ദ്രാവിഡ സംസൃതിയുടെ ബാക്കിപത്രങ്ങളാണ്. സസ്യവിജ്ഞാനം ജനകീയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്, ദശപുശ്പ സംരക്ഷണത്തിലെന്നപോലെ ഓണപ്പൂക്കളത്തിന്റെ കാര്യത്തിലും കാണുന്നത്.തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ, കൃഷ്ണകിരീടം, കൊങ്ങിണിപ്പൂ, കാശിത്തുമ്പ, ശംഖുപുഷ്പം, ആമപ്പൂ, മഷിപ്പൂ, മുല്ലപ്പൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലിപ്പൂ, തെച്ചിപ്പൂ, പിച്ചകം തുടങ്ങിയവ ഔഷധഗുണമുള്ളവയാണ്.
വീട്ടുമറ്റത്ത് പൂന്തോട്ടങ്ങളില്ലാതിരുന്ന പഴയകാലത്ത് തൊടികളിലും വേലിക്കലും വളരുന്ന ചെടികള്‍, കാടുചെടികളല്ലെന്നു തിരിച്ചറിയാനും, ഓണത്തിനെങ്കിലും അവയ്ക്ക് ഉപയോഗമുണ്ടെന്നു വരുത്തി അവയെ സംരക്ഷിക്കാനുമായി പൂര്‍വികര്‍ മെനഞ്ഞെടുത്ത തന്ത്രമാണ് പൂക്കള നിര്‍മ്മിതി എന്നു കരുതാം. തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തുന്ന ഭഗവത് സങ്കല്‍പ്പത്തിലും ഇതേ സ്പന്ദനമാണുള്ളത്.
തിരുവോണം മിഴി തുറന്നു .. മണ്ണിക്കരോട്ട്, വാസുദേവ് പുളിക്കല്, ഷാജന്‍ ആനിത്തോട്ടം, സരോജ വര്ഗീസ്, എല്സി യോഹന്നാന്, എ.സി. ജോര്ജ്, ജോണ് മാത്യു, റീനി മമ്പലം
തിരുവോണം മിഴി തുറന്നു .. മണ്ണിക്കരോട്ട്, വാസുദേവ് പുളിക്കല്, ഷാജന്‍ ആനിത്തോട്ടം, സരോജ വര്ഗീസ്, എല്സി യോഹന്നാന്, എ.സി. ജോര്ജ്, ജോണ് മാത്യു, റീനി മമ്പലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക