Image

ഐക്യം പൂര്‍ണമാകുന്നതു ദൈവകാരുണ്യത്തില്‍: ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ

Published on 21 September, 2013
ഐക്യം പൂര്‍ണമാകുന്നതു ദൈവകാരുണ്യത്തില്‍: ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ
പുന്നമൂട്(മാവേലിക്കര): സഭകളുടെ ഐക്യം ക്രിസ്തുവിലൂടെയാണു പൂര്‍ണമാകേണ്ടതെന്നും ഇതിനു ദൈവകാരുണ്യം അനിവാര്യമാണെന്നും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ. മാവേലിക്കര പുന്നമൂട് ദൈവദാസന്‍ മാര്‍ ഈവാനിയോസ് നഗറില്‍ 83-ാമതു പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന എക്യുമെനിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭകളുടെ ഐക്യത്തിനുവേണ്ടി മാര്‍ ഈവാനിയോസ് പിതാവ് തുറന്നിട്ടതു വലിയ സാധ്യതകളാണ്. ക്രിസ്തുവിലുള്ള ഐക്യമാണ് അദ്ദേഹം സ്വപ്നം കണ്ടത്. അതിന്റെ ഭാഗമായാണ് ആഗോളസഭയുമായുള്ള ഐക്യത്തിലേക്കു കടന്നുവരാന്‍ മാര്‍ ഈവാനിയോസ് മുന്‍കൈയെടുത്തതെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. 

സമൂഹനവീകരണവും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയും ലോകത്തെ അറിയിക്കുകയാണ് ഐക്യത്തിന്റെ ലക്ഷ്യമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. യേശുക്രിസ്തുവിനെ കൂടുതല്‍ പരിചയപ്പെടാന്‍ ലോകത്തിന് അവസരം നല്‍കുകയെന്ന ദൗത്യം സഭകളിലൂടെ സാധ്യമാക്കാന്‍ ഐക്യത്തിനു കഴിയണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

സഭകളുടെ ഐക്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സാധ്യതകള്‍ തുറന്നതു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ഭൗതികവാദം ശക്തിപ്പെട്ടുവരുന്ന കാലഘട്ടത്തില്‍ പൊതുകൂട്ടായ്മയില്‍ സഭകള്‍ വളര്‍ന്നുവരണം. ഒന്നുചേര്‍ന്നുള്ള പ്രാര്‍ഥനയാണ് ഐക്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സിഎസ്‌ഐ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍, യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ. മത്തായി വിളനിലം, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി.ബാബു പോള്‍, മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. വര്‍ഗീസ് മാമ്മന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, പീറ്റ് മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ അശോക് അലക്‌സ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സജി ജോണ്‍ നന്ദിയും പറഞ്ഞു.

ഐക്യം പൂര്‍ണമാകുന്നതു ദൈവകാരുണ്യത്തില്‍: ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക