Image

ഗൂഗിള്‍ ബസിന് ഒടുവില്‍ ദയാവധം(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 15 October, 2011
ഗൂഗിള്‍ ബസിന് ഒടുവില്‍ ദയാവധം(അങ്കിള്‍സാം വിശേഷങ്ങള്‍)


സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വീസായ ഗൂഗിള്‍ ബസ് നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ഫേസ്ബുക്കിനെ വെല്ലാനായി ഗൂഗിള്‍ പുതുതായി ആരംഭിച്ച ഗൂഗിള്‍ പ്ലസിന് അനുകൂല സാഹചര്യമൊരുക്കാനാണ് ബസ് നിര്‍ത്തലാക്കുന്നത്. കൂടുതല്‍ ജനപ്രിയ സര്‍വ്വീസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രോഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്‌സ് അറിയിച്ചു. ഗൂഗിള്‍ ബസിലെ നിലവിലുള്ള ഉള്ളടക്കം ഗൂഗിള്‍ പ്രൊഫൈലില്‍ കാണാനാകും. ഗൂഗിള്‍ ടേയ്ക്കൗട്ടിന്റെ സഹായത്തോടെ ഇവ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

വെബ്ലില്‍ ഓപ്പണ്‍സോഴ്‌സ് കോഡ് തിരയാന്‍ സഹായിക്കുന്ന കോഡ് സെര്‍ച്ച് 2007 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ ജെയ്കു വെന്ന സോഷ്യല്‍ മീഡിയ സൈറ്റ്, ഐഗൂഗിളിലെ സോഷ്യല്‍ ഫീച്ചറുകള്‍ , ഗൂഗിള്‍ സെര്‍ച്ചിന്റെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് പ്രോഗ്രാം എന്നിവ 2012 ജനവരി 15 വരെയേ ഉണ്ടാകൂ. കൂടാതെ, ഗൂഗിള്‍ ലാബ്‌സ് സൈറ്റ് ഇനി മുതല്‍ ഉണ്ടാകില്ല. ഉത്പന്നങ്ങളുടെ എണ്ണം ചുരുക്കി. ജനപ്രിയ സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്നത് പുതിയ ഗൂഗിള്‍ മേധാവി ലാറി പേജിന്റെ നയമാണ്. അതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി ഗൂഗിള്‍ ഒട്ടേറെ സര്‍വീസുകളുടെ കടയ്ക്കല്‍ കത്തിവെച്ചിട്ടുണ്ട്. ഗൂഗിള്‍ ഹെല്‍ത്തും ഗൂഗിള്‍ പവര്‍മീറ്ററും നിര്‍ത്തലാക്കിയത്. 2011 ജൂണ്‍ 24 നാണ്. ഗൂഗിള്‍ ഡെസ്‌ക്‌ടോപ്പ്, ഗൂഗിള്‍ നോട്ട്ബുക്ക്, ആര്‍ഡ് വാര്‍ക്ക് തുടങ്ങി 10 സര്‍വീസുകള്‍ സെപ്റ്റംബര്‍ 2ന് നിര്‍ത്തലാക്കിയിരുന്നു.

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2010 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ ബസ്. ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ നിലയില്‍ എത്തിയ ബസ്, സ്വകാര്യത ലംഘിക്കുന്നതിന്റെ പേരില്‍ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങളേറ്റിരുന്നു. ഫെയ്‌സ്ബുക്കിന് ബദല്‍ എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട ബസ്, പക്ഷേ അത്ര വിജയിക്കാന്‍ പോകുന്നില്ലെന്ന് അധികം വൈകാതെ ബോധ്യമായി.

വിദേശനയം ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് ഹിലരി
ന്യൂയോര്‍ക്ക് : വിദേശനയങ്ങളില്‍ സാമ്പത്തികം മുഖ്യ അജന്‍ഡയാക്കുന്ന ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വളരുന്ന രാജ്യങ്ങളില്‍ നിന്നു യു.എസ് പാഠമുള്‍ക്കൊള്ളണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ . വിദേശനയം സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് എങ്ങനെ ബാധിക്കുമെന്നതാണ് ഈ രാജ്യങ്ങളിലെ നേതാക്കള്‍ ആദ്യം ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു. നമ്മളും ഇങ്ങനെ ചോദിക്കാന്‍ തുടങ്ങണം. വ്യാപാരത്തിലും വ്യവസായത്തിലും അധിഷ്ഠിതമായ ഒരു ലോകത്തില്‍ യുഎസും വ്യക്തമായ ഇടം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക മാന്ദ്യം മൂലം സര്‍ക്കാരുകള്‍ തകരുന്നത് ഹിലരി ചൂണ്ടിക്കാട്ടി.

രാജ്യത്തെ അപകടത്തിന്റെ വക്കിലെത്തിച്ചുകാര്യം നേടാനുള്ള രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം. സാമ്പത്തിക അസമത്വത്തിനെതിരെ യുഎസില്‍ പടരുന്ന പ്രക്ഷോഭത്തെ പരാമര്‍ശിച്ചാണ് ഹിലരി ഇങ്ങനെ ആവശ്യപ്പെട്ടത്. ഈ പ്രക്ഷോഭം ലോകരാജ്യങ്ങള്‍ക്കിടയില്‍ യുഎസ് നേതൃത്വത്തെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയരാന്‍ ഇടയാക്കുന്നുവെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് : റോമ്‌നെ 14 മില്യണ്‍ ഡോളര്‍ ശേഖരിച്ചു.

ന്യൂയോര്‍ക്ക് : അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ കച്ചമുറക്കുന്ന മിറ്റ് റോമ്‌നെ മൂന്നാം പാദത്തില്‍ 14 മില്യണ്‍ ഡോളര്‍ ഫണ്ട് ശേഖരിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ റോമ്‌നെയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന റിക് പെറി മൂന്നാം പാദത്തില്‍ 17 മില്യണ്‍ ഡോളറായിരുന്നു തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചിരുന്നത്. ഇരുവര്‍ക്കും പണമായി ഇപ്പോള്‍ 15 മില്യണ്‍ ഡോളര്‍ കൈവശമുണ്ട്.

എന്നാല്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഫണ്ട് ശേഖരണത്തിന് അുെത്തൊന്നും എത്താന്‍ മൂന്നാം പാദത്തിലും ഇരുവര്‍ക്കുമായിട്ടില്ല. 70 മില്യണ്‍ ഡോളറാണ് മൂന്നാം പാദത്തിലെ ഒബാമയുടെ ഫണ്ട് ശേഖരണം സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണം ആരംഭിക്കുമ്പോള്‍ സ്റ്റാഫുകളെ നിയമിക്കല്‍ , യാത്ര, പരസ്യം, പ്രചാരണം എന്നിവയ്ക്കുള്ള ചെലവ് കണ്ടെത്താനായാണ് സ്ഥാനാര്‍ത്ഥികള്‍ ഫണ്ട് ശേഖരിക്കുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരരംഗത്തുള്ള മറ്റു സ്ഥാനാര്‍ത്ഥികളുടെ ഫണ്ട് ശേഖരണം ഏതാണ്ട് പരിതാപകരമായ അവസ്ഥയിലാണ്. മുന്‍ ഉട്ടാ ഗവര്‍ണര്‍ കൂടിയായ ഫണ്ട്‌സ്മാന്‍ ഇതുവരെ നാലു മില്യണ്‍ ഡോളര്‍ മാത്രമാണ് ശേഖരിക്കാനായത്. പണമായി മൂന്ന് മില്യണ്‍ ഡോളര്‍ മാത്രമേ അദ്ദേഹത്തിന്റെ കൈവശമുള്ളൂ.

യുദ്ധവിരുദ്ധ പ്രതിഷേധം: യുഎസ് കോണ്‍ഗ്രസ് തെളിവെടുപ്പ് തടസപ്പെട്ടു.

വാഷിംഗ്ടണ്‍ : വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ശക്തമാവുന്നതിനിടെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസിന്റെ ഉപസമിതിയില്‍ നടന്ന തെളിവെടുപ്പ് സമരക്കാര്‍ തടസ്സപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയ സമരക്കാരെ കോണ്‍ഗ്രസിന്റെ സായുധസേനാ സമിതിയുടെ തെളിവെടുപ്പ് നടക്കുന്ന ഹാളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയ്ക്ക് ഒട്ടേറെ തവണ പ്രസംഗം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.

ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച 'സ്റ്റോപ്പ് ദ മെഷീന്‍ 'എന്ന യുദ്ധവിരുദ്ധ സംഘടനയുടെ എട്ട് പ്രവര്‍ത്തകരാണ് പിങ്ക് വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കാനെത്തിയത്. എത്ര ജീവിതങ്ങളാണ് നിങ്ങള്‍ ഇല്ലാതാക്കിയതെന്ന് ആക്രോശിച്ച പ്രായമേറിയ സ്ത്രീയെ വലിച്ചിഴച്ചാണ് പോലീസ് മുറിക്കു പുറത്തേക്ക് കൊണ്ടു പോയത്. സമിതിയുടെ ചെയര്‍മാന്‍ ബക് മാക് കിയോണ്‍ ബഹളം നിയന്ത്രിക്കാന്‍ ഏറെ പണിപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് യുദ്ധോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു പകരം, ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് 'സ്റ്റോപ്പ് ദ മെഷീ'ന്റെ ആവശ്യം.

അതിനിടെ, ന്യൂയോര്‍ക്കിലെ സമരകേന്ദ്രമായ സൂക്കോര്‍ട്ടി പാര്‍ക്ക് ഒഴിഞ്ഞുനല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് നഗരസഭ അധികൃതര്‍ പിന്‍മാറി. ആഴ്ചകളായി സമരം തുടരുന്ന പാര്‍ക്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സമരക്കാര്‍ താത്കാലികമായി ഒഴിയമമെന്നായിരുന്നു നഗരസഭയുടെ ആവശ്യം എന്നാല്‍ , സമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രതികരണം. ഒഴിപ്പിക്കലുണ്ടായാല്‍ പ്രതിരോധിക്കാന്‍ കൂടുതല്‍ ആളുകളോട് ലിബര്‍ട്ടി പ്ലാസയെന്ന് പേരുമാറ്റിയ പാര്‍ക്കിലെത്താനും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് നഗരസഭയും പാര്‍ക്കിന്റെ ഉടമസ്ഥരായ ബ്രൂക്ക്ഫീല്‍ഡ് പ്രോപ്പര്‍ട്ടിസും ആവശ്യത്തില്‍ നിന്ന് പിന്മാറിയത്. സമരക്കാരുടെ സഹായത്താല്‍ പാര്‍ക്ക് ശൂചീകരിക്കാനാണ് ബ്രൂക്ക് ഫീല്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നത്.

സൗദി അംബാസിഡറുടെ വധശ്രമവിവാദം: ഇറാന് ഒബാമയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : അമേരിക്കയിലെ സൗദി അംബാസഡറെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ് നല്‍കി. അംബാസിഡറെ വധിക്കാനുള്ള പദാധതിക്കു പുറമെ അര്‍ജന്റീനയിലെ സൗദി , ഇസ്രായേലി എബസികള്‍ തകര്‍ക്കുന്നതിനും ഇറാന്‍ ഗൂഢാലോചന നടത്തിയിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. നാലുമാസം മുന്‍പ് സൗദി അറേബ്യ ഇത് സംബന്ധച്ച് രഹസ്യവിവരം നല്‍കിയിരുന്നതായി അര്‍ജന്റീനയുടെ നയതന്ത്രകാര്യ വക്താവ് സ്ഥീകരിച്ചു.

എന്നാല്‍ സാമ്പത്തിക നയത്തിനെതിരായ യുവജനപ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അമേരിക്ക ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ഇറാന്‍ പറയുന്നത്. സൗദി അംബാസഡറെ വധിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയില്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ബറാക് ഒബാമതന്നെ രംഗത്തെത്തിയതോടെ വിവാദം പുതിയ മാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിടെയിലാണ് ഒബാമ ഇറാനെതിരെ തെളിവുകളുണ്ടെന്നും ശക്തമായ ഉപരോധം കൊണ്ടുവരണമെന്നും പറഞ്ഞത്. അന്താരാഷ്ട്ര സമൂഹം ഇറാനെ ഒറ്റപ്പെടുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്‌സിക്കന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ഇറാനിയന്‍ അമേരിക്കന്‍ കാര്‍ വ്യാപാരിയെയാണ് സൗദി അറേബ്യയുടെ അംബാസഡറെ വധിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്ന് ഒബാമ പറഞ്ഞു. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ഇറാന്‍ സര്‍ക്കാറുമായി നേരിട്ട് ബന്ധപ്പെട്ടതായും സൗത്ത് കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂംഗ് ബാക്കിനോടൊത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നീക്കങ്ങള്‍ റഷ്യ, ചൈന, യൂറോപ്യന്‍ അമേരിക്കയുടെ ശ്രമം.

ജനങ്ങള്‍ പ്രതികരിക്കുന്നതില്‍ സന്തോഷമെന്ന് മൂര്‍

ലോസ് ഏയ്ഞ്ചല്‍സ്: കോര്‍പറേറ്റ് കമ്പനികളുടെ ദുരാര്‍ത്തിക്കെതിരെ അമേരിക്കന്‍ ജനത തെരുവുകളിലിറങ്ങി പ്രതികരിക്കുന്നതില്‍ സന്തോഷമുണെ്ടന്ന് ചലച്ചിത്ര സംവിധായകന്‍ മൈക്കിള്‍ മൂര്‍. ഒക്യുപൈ വാള്‍സ്ട്രീറ്റ് എന്നപേരില്‍ ആരംഭിച്ച കോര്‍പറേറ്റ് വിരുദ്ധ പ്രക്ഷോഭത്തിന് മൂര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരെ ഇനിയും ഡോക്യുമെന്ററികളുമായി പ്രതികരിക്കില്ലെന്ന് 2009ല്‍ 'ക്യാപിറ്റലിസം എ ലവ് സ്‌റ്റോറി' എന്ന ചിത്രം സംവിധാനംചെയ്ത മൂര്‍ വ്യക്തമാക്കിയിരുന്നു.

ജനങ്ങളുടെ പ്രതികരണരാഹിത്യമാണ് അന്നു തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് മൂര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ദേശവ്യാപകമായി ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്നത് ആഹ്ലാാദമുളവാക്കുന്നു. പ്രതികരണങ്ങളുടെ സ്‌ഫോടനംതന്നെയാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ക്ക് ലക്ഷ്യമില്ലെന്ന ആരോപണം മൂര്‍ നിഷേധിച്ചു. നിലവിലെ സമ്പദ്ഘടനയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നീതിയും ജനാധിപത്യവും വേണ്ടത്ര അളവില്‍ പുലരുന്നില്ലന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരമാണ് അവര്‍ ലക്ഷ്യംവെക്കുന്നത്. പ്രശ്‌നങ്ങളോടുള്ള നിസംഗ സമീപനം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറായി എന്നതാണ് ഇപ്പോള്‍ കൈവരിക്കാന്‍ കഴിഞ്ഞ വലിയ നേട്ടമെന്ന് മൂര്‍ വിശദീകരിച്ചു.

സാമ്പത്തിക അസമത്വത്തിന് എതിരെ ഇന്ന് ആഗോള പ്രകടനങ്ങള്‍

ന്യൂയോര്‍ക്ക് : രണ്ടാം ഒക്‌ടോബര്‍ വിപ്ലവം ഇന്നുണ്ടാകുമോ? ഒക്‌ടോബര്‍ 15ലെ പ്രകടനങ്ങള്‍ക്കായി ഫേസ്ബുക്കിലും ട്വിറ്ററിലും ബ്ലോഗുകളിലും ആഹ്വാനം മുഴങ്ങുന്നു. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ആഹ്വാനമിതാണ്: ഇന്നു ലോകമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുക. തുറന്ന മനസ്സോടെ എത്തുക. സ്ലീപ്പിംഗ് ബാഗും ഭക്ഷണവും കമ്പിളിക്കുപ്പായവും കരുതുക. വന്‍ കമ്പനികള്‍ക്ക് അനര്‍ഹമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും എതിരെ യുഎസിലെ 1400 നഗരങ്ങളില്‍ പടര്‍ന്നുപിടിച്ച പ്രക്ഷോഭത്തിനു പിന്നാലെയാണ് 71 രാജ്യങ്ങളില്‍ ഇന്ന് റാലികള്‍ നടത്തി പോരാട്ടം ആഗോള തലത്തിലാക്കുന്നത്.

'ഒക്യുപൈ ടുഗതര്‍', 'യുണൈറ്റഡ് ഫോര്‍ ഗ്ലോബല്‍ ചേഞ്ച്' തുടങ്ങിയ സംഘടനകളുടെ പേരിലാണ് ആഹ്വാനം. യുഎസില്‍ ടൈം സ്‌ക്വയറിലാണ് ഇന്ന് പ്രതിഷേധപ്രകടനങ്ങള്‍ അറങ്ങേറുക. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് യുഎസിലെ 25 സംസ്ഥാനങ്ങളിലായുള്ള 140 കോളജുകളില്‍ വെള്ളിയാഴ്ച ഐക്യദാര്‍ഢ്യ റാലികള്‍ നടന്നിരുന്നു.

പ്രക്ഷോഭത്തില്‍ പങ്കില്‌ളെന്ന് സോറോസ്

ന്യൂയോര്‍ക്ക്: സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ പങ്കുവഹിക്കുന്ന കോടീശ്വരനായ ജോര്‍ജ് സോറോസ് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് സഹായം നല്‍കുന്നു എന്ന ആരോപണം അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. പ്രക്ഷോഭങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം സോറോസിന്റെ പേര്‍ വലിച്ചിഴക്കുകയാണെന്ന് വക്താവ് മൈക്കിള്‍ മിക്കണ്‍ വ്യക്തമാക്കി. പരസ്യമായോ രഹസ്യമായോ സോറോസ് പ്രക്ഷോഭകര്‍ക്ക് ഫണ്ടുകള്‍ കൈമാറിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക