Image

വിദേശ നയത്തില്‍ കാതലായ മാറ്റം?

കൈരളി ന്യൂയോര്‍ക്ക്‌ Published on 16 October, 2011
വിദേശ നയത്തില്‍ കാതലായ മാറ്റം?
ഇന്‍ഡ്യയുടെ വിദേശ നയത്തില്‍ അല്‍പം മാറ്റം വന്നോ എന്നൊരു സംശയം, വെറും സംശയമല്ല സംശയിക്കാന്‍ പ്രത്യേക കാരണവുമുണ്ട്‌.

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കും- നമ്മുടെ നേതാക്കളുടെ വ്യത്യസ്‌തമായ പെരുമാറ്റങ്ങളെ പരാമര്‍ശിച്ച്‌ സാധാരണ പറയാറുള്ള ഒരു ചൊല്ലാണ്‌. കാരണം അവര്‍ ഒരുവിധം വീട്ടില്‍ പട്ടികളാണ്‌ . നാലു വെളുത്ത, കടാമുട്ടന്‍ സായിപ്പിനെ കാണുമ്പോള്‍ അവരുടെ വാല്‌ അളയിലേക്ക്‌ തള്ളിക്കയറും. പിന്നെ അവര്‍ എവിടെയാ നില്‍ക്കുന്നതെന്നോ, എന്തിന്‌ നില്‍ക്കുന്നിടത്തു വന്നെന്നോ, തന്റെ വരവിന്റെ ഉദ്ദേശമെന്തെന്നോ, ഇവയെല്ലാം മറന്ന്‌, കോഴിയെ നിലാവത്തഴിച്ചുവിട്ട ഗതിയിലെത്തും. ഈ ഗതികേടില്‍ നിന്നും കരകയറാന്‍ മുന്തിയ ഇനം മദ്യവും, ഹോട്ടലുകളും അവരുടെ വിഹാര കേന്ദ്രമാക്കിമാറ്റും.

സായിപ്പിനെ പ്രീതിപ്പെടുത്തെണ്ടേ? ഒടുവില്‍ ഒരു പത്രസമ്മേളനവും; അതും പുതിയ ഫാഷനനുസരിച്ച്‌ പ്ലെയ്‌നില്‍ക്കയറിക്കഴിയുമ്പോഴാണ്‌, ജറ്റ്‌ ലാഗ്‌ കൊണ്ടാണോ എന്തോ, അപ്പോഴാണ്‌ ആത്മധൈര്യം വീണ്ടെടുക്കുന്നത്‌-ചര്‍ച്ചകള്‍ പൂര്‍ണ്ണ വിജയം- കേട്ടാ പാതി കേള്‍ക്കാത്ത പാതി പത്രപ്രവര്‍ത്തകര്‍ എന്നഭിമാനിക്കുന്നവര്‍, എഴുത്തും ആരംഭിക്കും.

എന്നാല്‍ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി തികച്ചും വ്യത്യസ്ഥനായണ്‌ കാണപ്പെട്ടത്‌. വിജയലക്ഷ്‌മി പണ്ഡിറ്റിന്റെയും, വികെ കൃഷ്‌ണമേനോന്റെയും നയങ്ങള്‍ പൊടിതട്ടിയെടുത്ത്‌ അന്താരാഷ്‌ട്ര നേതാക്കള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒത്തുകൂടുന്ന സൂപ്പര്‍ബോള്‍ മാമാങ്കത്തില്‍ ഇന്‍ഡ്യയുടെ അഭിപ്രായം തുറന്നു പറയാന്‍ പ്രധാനമന്ത്രി തന്റേടം കാട്ടിയെന്നുള്ളതാണ്‌ പ്രത്യേകത.

മാറി മാറിഞ്ഞു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥ ലോക സാമ്പത്തിക ക്രമത്തില്‍ തങ്ങളുടെ പ്രതിഷേധം ശക്തമായ ഭാഷയില്‍ അറിയിക്കാന്‍ ഈ ഒരു സ്ഥാപനം മാത്രമാണ്‌ ഉത്തമം .എന്നാല്‍ - ഈ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി തന്നെ വേണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

അദ്ദേഹം കഴിഞ്ഞയാഴ്‌ച യുഎന്നില്‍ നടത്തിയ പ്രസ്‌താവനകള്‍ നമുക്കൊന്നു പരിശോധിക്കാം .

പാലസ്‌തീന്‍ ഇസ്രായേല്‍ പ്രശ്‌നം തീരണമെന്നോ, തീര്‍ക്കണ മെന്നോ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാലസ്‌തീന്‍സിന്റെ ലജിറ്റ്‌മേറ്റ്‌ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അമേരിക്കയുള്‍പ്പെട്ട രാജ്യങ്ങള്‍ തയ്യാറാകണം. രസിക്കാത്തതു കേട്ടുകഴിയുമ്പോഴേ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ വീറ്റോ പവര്‍ ഉപയോഗിക്കുന്നത്‌ ബാലിശമാണ്‌. ഈസ്റ്റ്‌ ജറുസലേം തലസ്ഥാന മാക്കിക്കൊണ്ടുള്ള ഒരു പലസ്റ്റീനിയന്‍ രാഷ്‌ട്രം മാത്രമാണ്‌ കരണീയം. ഒപ്പം 1987-ല്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കുകയും വേണം .

മറ്റൊന്ന്‌ -സാമ്പത്തിക ലിബ്രലൈസേഷന്‍: കൂടുതല്‍ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തിക്കൊണ്ടിരിക്കെ, മാറുന്ന സാമ്പത്തിക ക്രമമനുസരിച്ച്‌, മാറ്റങ്ങള്‍ വരുത്താന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകണം . അല്ലെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌്‌ കുപ്പുകുത്തും .

ലിബിയയെ ആക്രമിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്താനും അദ്ദേഹം തയ്യാറായി. ഒരു രാജ്യന്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്‌ ഒരിക്കലും ശ്ലാഘനീയമല്ല; യുന്‍ സമ്മേളന വേളയില്‍ ഇറാനിയന്‍ പ്രസിഡന്റ്‌ അഹമ്മദ്‌ നിജാദ്‌ പ്രസംഗിച്ചപ്പോള്‍ അമേരിക്കയുടെ പ്രതിനിധികള്‍ വാക്കൗട്ട്‌ നടത്തിയിരിക്കെ, ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ഇറാനുമായി കൂടിക്കാഴ്‌ച നടത്തിയതും ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതും പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതെല്ലാം ഇന്‍ഡ്യയുടെ വിദേശ നയത്തിലുള്ള മാറ്റങ്ങളുടെ തുടക്കമായി വേണം കരുതാന്‍.

മറ്റൊന്ന്‌-സാധാരണ പ്രധാനമന്ത്രി യുഎന്‍ സമ്മേളനത്തിനെത്തിക്കഴിഞ്ഞാല്‍ ഇവിടെയുള്ള ഛോട്ടാ നേതാക്കന്മാരെ മുഖം കാണിക്കുക ഒരു പതിവു സംഭവമായിരുന്നു. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രി ആ തഴക്കത്തിനു മാറ്റം വരുത്തി, പകരം കോര്‍പ്പറേറ്റ്‌ എക്‌സിക്യൂട്ടീവ്‌സിനെ സന്ദര്‍ശിക്കാനാണ്‌ അദ്ദേഹം സമയം കണ്ടെത്തിയത്‌. തെറ്റുണ്ടോ? യാതൊരു തെറ്റും പറയാനില്ല. കാരണം യാതൊരു ക്രഡിബിളിറ്റിയുമില്ലാത്ത ഈ ചോട്ടാ നേതാക്കന്മാരെ കാണുന്നതിലും ഭേദം - ന്യൂയോര്‍ക്കിലെ ഹോംലസിനെ കാണുകയായിരിക്കും ഉത്തമം എന്ന്‌ അദ്ദേഹം മനസ്സിലാക്കിക്കാണണം !

ഇന്‍ഡ്യയുടെ താത്‌പര്യങ്ങള്‍ യുഎന്‍ സഭയില്‍ അവതരിപ്പിക്കാന്‍ ആത്മാര്‍ത്ഥത കാണിച്ച പ്രധാനമന്ത്രിയുടെ നയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്‍ഡ്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ താല്‌പര്യം കാണിക്കാത്ത ഒരു സമ്മേളനത്തില്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി തന്നെപങ്കെടുക്കണമോയെന്ന വിഷയം പ്രധാനമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന്‌ കരുതുന്നു. ദിവസേന മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ ആഗോള താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളില്‍ ഇന്‍ഡ്യയുടെ ഭാഗഭാഗീയത്വം ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക