Image

വിധിയെ ഇടിച്ചു തകര്‍ത്ത് ബൊസെല്ല വിജയപീഠത്തില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 17 October, 2011
വിധിയെ ഇടിച്ചു തകര്‍ത്ത് ബൊസെല്ല വിജയപീഠത്തില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

ന്യൂയോര്‍ക്ക് : ചെയ്യാത്ത കൊലക്കുറ്റത്തിന് 26 വര്‍ഷം തടവുശിക്ഷ അനുഭവിച്ച അമച്ച്വര്‍ ബോക്‌സിംഗ് താരത്തിന് പ്രൊഫഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയം. ഡിവേയ് ബൊസെല്ലയെന്ന അമേരിക്കക്കാരനാണ് 52-ാം വയസ്സില്‍ വിധിയെ ഇടിച്ചു തോല്‍പ്പിച്ചത്. ശനിയാഴ്ച ലോസ്ഏയ്ഞ്ചല്‍സില്‍ നടന്ന മത്സരത്തില്‍ 30 കാരനായ ലാറി ഹോപ്കിന്‍സിനെയാണ് ബൊസെല്ല പരാജയപ്പെടുത്തിയത്.

എമ്മ ക്രാപ്‌സെര്‍ എന്ന 92 വയസ്സുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് 1983ലാണ് ബൊസെല്ലയെ ന്യൂയോര്‍ക്കിലെ സിംഗ്‌സിംഗ് ജയിലിലടച്ചത്. എന്നാല്‍ ദുരന്തത്തില്‍ പരിതപിക്കാതെ വിധിയോട് പോരാടിയ ബൊസെല്ല ജയിലിലെ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് പ്രിസണ്‍ ബോക്‌സിംഗ് ചാമ്പ്യന്‍ സ്ഥാനം നേടിയെടുത്തു. സ്വയം പഠിച്ച് രണ്ട് ബിരുദങ്ങളും ബൊസെല്ല നേടി. പ്രൊഫഷണല്‍ മത്സരത്തില്‍ പങ്കെടുക്കുകയെന്നതായിരുന്നു അപ്പോഴൊക്കെ അദ്ദേഹത്തിന്റെ സ്വപ്നം.

ബൊസെല്ലയുടെ ദുരന്തം അ
ിഞ്ഞ ന്യൂയോര്‍ക്കിലെ രണ്ട് യുവ അഭിഭാഷകര്‍ അദ്ദേഹത്തിനുവേണ്ടി നിയമയുദ്ധം നടത്തി. വിചാരണയ്ക്കിടെ പല സാക്ഷികളും കള്ളം പറഞ്ഞതായി കണ്ടെത്തിയ അഭിഭാഷകരോട് യഥാര്‍ത്ഥ കൊലപാതകി കുറ്റസമ്മതം നടത്തിയതോടെ 2009 ല്‍ ബൊസെല്ല മോചിതനായി. തുടര്‍ന്നാണ് അദ്ദേഹം പ്രൊഫഷണല്‍ മത്സരത്തില്‍ പങ്കെടുക്കുകയെന്ന ആഗ്രഹം പ്രകടിപ്പിച്ചതും ഗോള്‍ഡന്‍ ബോയ് പ്രമോഷന്‍സ് സ്റ്റേപിള്‍സ് സെന്ററില്‍ അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ചതും.

മത്സരത്തിന് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ബൊസെല്ലയെ വിളിച്ച് വിജയാശംസകള്‍ നേര്‍ന്നിരുന്നു. തന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നാണ് മത്സരവിജയത്തിനുശേഷം ബൊസെല്ലെ പറഞ്ഞു. യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു ബോക്‌സിംഗ് ജിം തുടങ്ങുകയെന്നതാണ് തന്റെ അടുത്ത ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ സാറാ പാലിന്‍ കണ്‍സര്‍വേറ്റീവായി

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ദിവസങ്ങള്‍ക്കകം സാറാ പാലിന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മാറ്റം വരുത്തി. സാറാ പാലിന്‍, റിപ്പബ്ലിക്കന്‍ എന്നതിന് പകരം കണ്‍സര്‍വേറ്റീവ് എന്നാണ് പാലിന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സ്താനാര്‍ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് മുന്‍ അലാസ്‌കന്‍ ഗവര്‍ണര്‍ കൂടിയായ പാലിന്‍ വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ ചായ് വുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാലിന്റെ പ്രൊഫൈല്‍ മാറ്റമെന്ന് സൂചനയുണ്ട്. 2008 ലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ജോ ബൈഡനോട് പാലിന്‍ പരാജയപ്പെട്ടിരുന്നു. ഇനിയൊരു രാഷ്ട്രീയ ബാല്യം തനിക്കില്ലെന്ന് പാലിന്‍ സ്വയം തിരിച്ചറിഞ്ഞതാണ് പുതിയ നീക്കത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം വ്യാപക അറസ്റ്റ് തുടരുന്നു

ന്യൂയോര്‍ക്ക് : കുത്തകകളുടെ ആര്‍ത്തിക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ പ്രക്ഷോഭം തുടരുന്ന അമേരിക്കയില്‍ വ്യാപക അറസ്റ്റ് തുടരുന്നു. ശനിയാഴ്ച ആഗോള പ്രക്ഷോഭത്തിന്റെ ഭാഗമായി എഴുപതോളം പേരെ ടൈം സ്‌ക്വയറില്‍ നിന്ന് അറസ്റ്റു ചെയ്തതിന് പിന്നാലെ ഞായറാഴ്ചയും നൂറുകണക്കിന് പ്രക്ഷോഭകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഷിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ 175 പേരെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് ഡെന്‍വറില്‍ 24 പേരും ഫീനിക്‌സ്, ടക്‌സണ്‍ എന്നിവടങ്ങളില്‍ നിന്ന് പത്തോളം പേരെയും പോലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച നടന്ന ലോകവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ 5000ത്തോളം പങ്കെടുത്ത റാലി നടന്നിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ക്കു ശേഷവും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്തവരെയാണ് പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നത്. ഗതാഗത തടസമുണ്ടാക്കി നീങ്ങിയ പ്രക്ഷോഭകരെ നേരിടാന്‍ ശനിയാഴ്ച കുതിരപ്പോലീസ് എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

റേസിംഗ് ചാമ്പ്യന്‍ വെല്‍ഡണ്‍ കാറപകടത്തില്‍ മരിച്ചു

ലാസ്‌വേഗാസ്: ഇന്‍ഡി-500 ചാമ്പ്യന്‍ ഡാന്‍ വെല്‍ഡണ്‍ മത്സരത്തിനിടെ കാറപകടത്തില്‍ മരിച്ചു. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍ഡ്യാനപോളീസ്-500 കാറോട്ടമത്സരത്തില്‍ ഈവര്‍ഷം ചാമ്പ്യനായിരുന്നു വെല്‍ഡണ്‍. ഞായറാഴ്ച നടന്ന ഇന്‍ഡി-300 മത്സരത്തിനിടെ 13 ാമത്തെ ലാപ്പില്‍ കാറുകള്‍കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വെല്‍ഡണെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2005 ല്‍ റേസിംഗ് ലീഗ് ഇന്‍ഡി സീരീസ് ചാമ്പ്യനായിരുന്നു. 2011 ല്‍ ഇന്‍ഡി-500 ചാമ്പ്യന്‍ഷിപ്പും അദ്ദേഹം കരസ്ഥമാക്കി. എഫ് 2000 സീരീസ് ചാമ്പ്യന്‍ഷിപ്പ നേടിയ അദ്ദേഹം പിന്നീട് ഇന്‍ഡി റേസിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

തൊഴില്‍ ബില്ലിനായി ഒബാമയുടെ റോഡ്‌ഷോ

വാഷിംഗ്ടണ്‍: തന്റെ സ്വപ്ന ബില്ലായ 447 ബില്യണ്‍ ഡോളറിന്റെ തൊഴില്‍ ബില്‍ പാസാക്കാന്‍ ജനപിന്തുണതേടി പ്രസിഡന്റ് ബറാക് ഒബാമയുടെ റോഡ് ഷോ. വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ ജനരോഷം തണുപ്പിക്കാന്‍ കൂടിയാണ് നോര്‍ത്ത് കരോലിന, വെര്‍ജിനിയ സംസ്ഥാനങ്ങളില്‍ ഒബാമ റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഇന്നു മുതല്‍ മൂന്നുദിവസമാണ് ഒബാമ റോഡ്‌ഷോയുമായി നോര്‍ത്ത് കരോലീനയിലും വെര്‍ജീനിയയിലും സന്ദര്‍ശനം നടത്തുക. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താനിടയുള്ള സംസ്ഥാനങ്ങളാണ് വെര്‍ജീനിയയും നോര്‍ത്ത് കരോലീനയും.

വാഷിംഗ്ടണുപുറത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടി കൂടുതല്‍ സ്വീകാര്യനാകുക എന്ന ലക്ഷ്യവും പ്രസിഡന്റിന്റെ റോഡ് ഷോയ്ക്കുണ്ട്. 447 ബില്യണ്‍ ഡോളറിന്റെ തൊഴില്‍ ബില്ലിലെ ചില നിര്‍ദേശങ്ങളെങ്കിലും നടപ്പാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായികൂടിയാണ് ഒബാമ റോഡ് ഷോ നടത്തുന്നത്. എന്നാല്‍ റോഡ്‌ഷോയ്ക്ക് രാഷ്ട്രീയമാനങ്ങളില്ലെന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടി അവകാശപ്പെടുന്നത്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രതിമ ഒബാമ അനാച്ഛാദനം ചെയ്തു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ പ്രധാന നേതാക്കളിലൊരാളായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പ്രതിമ വാഷിംഗ്ടണില്‍ പ്രസിഡന്റ് ബറാക് ഒബാമ അനാച്ഛാദനം ചെയ്തു. പ്രതീക്ഷ വിടാതെ പോരാടിയാല്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം നമ്മോട് പറയുന്നതെന്ന് ചടങ്ങില്‍ ഒബാമ പറഞ്ഞു.

നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു പുറമെ പതിനായിരക്കണക്കിന് ആഫ്രിക്കന്‍-അമേരിക്കക്കാരും വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ലൂഥര്‍ കിംഗ് ജൂനിയറിന്റെ മക്കളും ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ ആദ്യമായാണ് ഒരു കറുത്ത വര്‍ഗക്കാരന്റെ പ്രതിമ ഇടംപിടിക്കുന്നത്.

എബ്രഹാം ലിങ്കണിന്റെയും തോമസ് ജെഫേഴ്‌സന്റെയും പ്രതിമകള്‍ക്ക് മധ്യത്തിലായാണ് ലൂഥര്‍ കിംഗ് ജൂനിയറിന്റെ പ്രതിമ ഇടംപിടിച്ചിരിക്കുന്നത്. 15 വര്‍ഷം കൊണ്ടാണ് ഒമ്പതു മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക